ദുരന്തമുഖത്ത് കേരളം ഒറ്റക്കെട്ട് ; പവർ ബാങ്കുമായി വിദ്യാർത്ഥികൾ

#

തിരുവനന്തപുരം (18-08-18) : കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരന്തത്തെ നേരിടുമ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഐക്യവും ഒരുമയും കരുതലുമാണ് എല്ലാ വിഭാഗം ജനങ്ങളിലും കാണുന്നത്. പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനുള്ള ശ്രമങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയവർക്ക് സഹായങ്ങൾ എത്തിക്കുന്നതിലും പല തരത്തിലുള്ള സേവനങ്ങൾ നൽകുന്നതിലും മത്സരിക്കുകയാണ് മലയാളികൾ. സ്വന്തം വീടുകളിലെ അടുപ്പുകളിൽ തീ പുകയുന്നോ എന്നുപോലും അന്വേഷിക്കാതെ മീൻപിടിക്കാൻ ഉപയോഗിക്കാനുള്ള വള്ളങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ച മത്സ്യത്തൊഴിലാളികൾ നൂറു കണക്കിന് ആളുകളെയാണ് രക്ഷിച്ചത്. എല്ലാവരും അവരവർക്ക് കഴിയുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നം മൊബൈൽ ഫോണുകളിൽ ചാർജ് ഇല്ലാത്തതുമൂലം ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാൻ കഴിയാത്തതാണ്. വൈദ്യുതി ഇല്ലാത്തതുകൊണ്ട് ചാർജ് ചെയ്യാത്തതുമൂലം മൊബൈൽ ഫോണുകൾ ദിവസങ്ങളായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഇതിനു ഒരു പരിഹാരം കാണാനുള്ള ശ്രമങ്ങളിലാണ് തിരുവനന്തപുരം ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ. പവർബാങ്കുകൾ നിര്മ്മിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം ബാർട്ടൻഹിൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ സജീവമായി പങ്കു ചേരുന്നത്. ഈ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏറ്റവും ഫലപ്രദമായി ഇടപെടുന്നത് പുതിയ തലമുറയിൽപെട്ടവരും വിദ്യാർത്ഥികളുമാണ്.