മഴയിൽ ഒലിച്ചോ കുടത്തണലുകൾ ?

#

(18-08-18) : കാലവർഷം തുടങ്ങും മുമ്പേ നമ്മുടെ പത്ര മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ഒരു പ്രതിഭാസമാണ്, പലതരം വൻകിട കമ്പനികളുടെ പല തരത്തിലുള്ള കുടകളുടെ പരസ്യങ്ങൾ. മഴ ശക്തിയാർജ്ജിക്കുന്നതിനനുസരിച്ച്, സാമ്പത്തികമായി ശക്തിയാർജ്ജിച്ചു പോരുന്ന ഈ കമ്പനികൾ, കേരളത്തിലെ മഴക്കാലത്ത് കോടിക്കണക്കിനു രൂപയുടെ കൊയ്ത്താണ് നടത്തുന്നത്. ഇപ്പോൾ മഴ കേരളത്തിൽ  കെടുതി വിതയ്ക്കുമ്പോൾ ഈ വ്യവസായികളുടെയൊന്നും പൊടിപോലും കാണാനില്ല.

"മഴ മഴ കുട കുട ;  മഴ വന്നപ്പോൾ ഒരു കുടത്തണലും ഇല്ല" എന്നതാണ് മലയാളിയുടെ ഇപ്പോഴുള്ള അവസ്ഥ. സ്കൂൾ തുറക്കുന്ന കാലത്ത് വൻകിട കുടക്കമ്പനികളുടെ  പരസ്യ വാചകങ്ങൾ പാടിനടന്നിരുന്ന കുരുന്നുകൾ ഇപ്പോൾ പ്രാണ ഭയത്താൽ നിലവിളിക്കുകയാണ്. "മഴ നനയാതിരിക്കാനായി കുട വാങ്ങിയവരുടെ മിഴി നനയാതിരിക്കാനായി" ഉത്തരവാദിത്വത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ട അവസരമാണിത്. മഴക്കാലത്തെ പ്രധാന വിപണിയാക്കി ഭീമമായ ലാഭം നേടിയ കുട വ്യവസായികൾ ഇപ്പോൾ എന്ത് ചെയ്യുകയാണ്?

പ്രധാനമായി പത്തോളം പ്രമുഖ ബ്രാന്റുകൾ നമ്മുടെ കമ്പോളത്തിലുണ്ട്. കേരളത്തിലെ ജനങ്ങളുടെ പണംകൊണ്ടാണ് അവരെല്ലാം തടിച്ചുകൊഴുത്തത്. ഇവരുടെ ലാഭവിഹിതത്തിന്റെ ചെറിയൊരു പങ്ക് മാറ്റിവച്ചാൽ ദുരിതമഴയിൽ മുങ്ങുന്ന മലയാളികൾക്ക് അതൊരു വലിയ ആശ്വാസമാകുമായിരുന്നു. കൊള്ള ലാഭമുണ്ടാക്കാൻ പറ്റിയ കമ്പോളമായി മാത്രം കേരളത്തെ കാണുന്ന മുതലാളിമാർക്ക് അങ്ങനെയൊരു വിചാരമുണ്ടാകുമോ?