ഔദ്യോഗിക അവതാരമോ?

#

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളിൽ, ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ സന്ദർശിക്കുന്ന ചിത്രം ഞെട്ടിപ്പിക്കുന്നതായിരുന്നു. കേന്ദ്ര ധനമന്ത്രിയുമായി കേരള മുഖ്യമന്ത്രി നടത്തിയ സുപ്രധാനമായ ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഇവരോടൊപ്പമുണ്ടായിരുന്ന മൂന്നാമൻ അവിടെ എത്തിയത് എന്ത് മാനദണ്ഡത്തിലാണ് എന്നത് ആർക്കും അറിയില്ല. ഇത്തരത്തിൽ ഒരു കൂടിക്കാഴ്ചയിൽ മന്ത്രിസഭയിലെ സഹപ്രവർത്തകരല്ലാതെ മറ്റാരും പങ്കെടുക്കാൻ പാടില്ല. കൂടിക്കാഴ്ച നടത്തുന്നവർ തമ്മിലുള്ള ആശയവിനിമയത്തിൽ ഭാഷയുടെ പ്രശ്നമുണ്ടെങ്കിൽ സർക്കാരിന്റെ ഔദ്യോഗിക ദ്വിഭാഷികളെ ഉപയോഗിക്കാം. ഇവിടെ പിണറായി വിജയനോടൊപ്പം ഉണ്ടായിരുന്ന ജോൺ ബ്രിട്ടാസ്, സർക്കാരിൽ ഒരു ഔദ്യോഗിക പദവിയും വഹിക്കുന്ന ആളല്ല.

കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിയമത്തെ മറികടന്ന് ഒരു വ്യക്തിയെ കൂടെക്കൂട്ടിയത് വഴി പിണറായി വിജയൻ നല്കാൻ ഉദ്ദേശിക്കുന്ന സന്ദേശമെന്താണ് ? മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ, തന്റെ പേര് പറഞ്ഞ് രംഗത്ത് വരാനിടയുള്ള അവതാരങ്ങളെക്കുറിച്ച് പിണറായി മുന്നറിയിപ്പ് നല്കിയിരുന്നു. തന്റെ ഔദ്യോഗിക അംഗീകാരമുള്ള അവതാരങ്ങളെ മാത്രം സ്വീകരിച്ചാൽ മതിയെന്നാകുമോ അദ്ദേഹം ഉദ്ദേശിച്ചത്? ഔദ്യോഗികാംഗീകാരമുള്ള അവതാരം എന്ന നിലയിൽ ഭരണകാര്യങ്ങളിൽ ജോൺ ബ്രിട്ടാസിന്റെ ഇടപെടൽ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.