അംബേദ്‌കറൈറ്റ് രാഷ്ട്രീയം തീവ്ര ഇടതു രാഷ്ട്രീയമാകുന്നതെങ്ങനെ?

#

കാസർകോട് : ന്യൂഡൽഹി ജവഹർ ലാൽ നെഹ്രു സർവ്വകലാശാലയിലും ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലും നടന്ന ഭീകര സംഭവങ്ങൾ പോലെ എന്തോ കാസർഗോഡ്‌ കേന്ദ്ര സർവ്വകലാശാലയിലും സംഭവിക്കാൻ പോകുന്നു എന്നും തീവ്ര ഇടത് സംഘടനകൾ അവിടെ പിടി മുറുക്കിയെന്നും ഉള്ള ഇന്റെലിജൻസ് റിപ്പോർട്ടുകൾ മാധ്യമങ്ങൾ ആഘോഷിക്കുകയാണ് ഇപ്പോൾ. എന്നാൽ ജെ.എൻ യുവിലും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും നടന്ന സംഭവങ്ങൾ തമ്മിൽ എന്താണ് സാമ്യമെന്നോ, അതിൽ എന്താണ് തെറ്റായിട്ടുള്ളത് എന്നോ, അതിൽ എന്താണ് കാസർഗോഡ്‌ സംഭവിക്കാൻ പോകുന്നത് എന്നോ, ഏതൊക്കെയാണ് തീവ്ര സംഘടനകൾ എന്നോ ഒന്നും ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതേയില്ല. നേരത്തേ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ പഠിച്ച എബി എബ്രഹാം എന്ന വിദ്യാർത്ഥിയാണു ഇവിടുത്തെ നീക്കങ്ങൾക്ക്‌ പിന്നിൽ എന്നും വാർത്തകൾ പറയുന്നു.

അതേ സമയം സർവ്വകലാശാലകളിൽ നിന്ന് നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നവ രാഷ്ട്രീയ മുന്നേറ്റങ്ങളെ ഭയന്ന് അവയെല്ലാം രാജ്യദ്രോഹികളുടെയും തീവ്രവാദികളുടെയും കേന്ദ്രങ്ങളാണെന്നു വരുത്തി തീർക്കാനുള്ള ഭരണകൂട നീക്കത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കാസർഗോഡ്‌ കേന്ദ്ര സർവ്വകലാശാലയ്ക്ക് നേരെ ഉണ്ടായിരിക്കുന്നത് എന്ന ആരോപണവും ശക്തമാണ്. ഇത്തരം വാർത്തകൾക്കിടെ ഞങ്ങൾ ആരോപണ വിധേയനായ എബി എബ്രഹാമിനോട് സംസാരിച്ചു. കാസർഗോഡ്‌ കേന്ദ്ര സർവ്വകലാശാലയിൽ കമ്പാരറ്റീവ് ഇംഗ്ലീഷിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥിയാണ് എബി എബ്രഹാം.

കാസർകോഡ് സർവ്വകലാശാലയിൽ അസാധാരണമായി എന്തെങ്കിലും സംഭവിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്‌ ഉണ്ടെന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് എബി പറഞ്ഞു. ഏഷ്യാനെറ്റിൽ വന്ന ഒരു വാർത്ത മാത്രമാണ് കണ്ടത്. ആ വാർത്ത തന്നെ അസംബന്ധമാണ്. ജെ.എൻ.യു വിലെയും ഹൈദരാബാദിലെയും സംഭവങ്ങൾ തമ്മിൽ എന്ത് സാമ്യമുണ്ടെന്ന് ഉള്ള പ്രാഥമികമായ ധാരണ പോലും ഇല്ലാത്തവരാണ് ആ വാർത്ത എഴുതിയത് എന്ന് തോന്നുന്നു. എബി പറഞ്ഞു. ആ വാർത്തയിൽ മൂന്നു സംഘടനകളെ കുറിച്ചാണ് പറയുന്നത്. അതിൽ പ്രോഗ്രസീവ് സ്റ്റുഡന്റ്സ് അസോസിയേഷൻ എന്നത് ഇവിടെ മറ്റ് വിദ്യാർത്ഥി സംഘടനകൾ യൂണിറ്റ് ഉണ്ടാക്കുന്നതിന് മുൻപ് എല്ലാ സംഘടനകളിലും പെട്ട വിദ്യാർത്ഥികൾ ചേർന്ന് ഉണ്ടാക്കിയ ഒരു താത്കാലിക അസോസിയേഷനാണ്. ഞാൻ അതിൽ അംഗമേ ആയിരുന്നില്ല. പാഠാന്തരം എന്നത് ഒരു സംഘടനയല്ല,അതൊരു മാഗസിൻ മാത്രമാണ്. അതിന്റെ ഒരു സബ് എഡിറ്റർ ഇവിടെ പഠിക്കുന്നു എന്നത് സത്യമാണ്. എന്നാൽ അതൊരു നിരോധിക്കപ്പെട്ട മാസികയല്ല. അതിനു കൃത്യമായ ഒരു എഡിറ്റോറിയൽ ടീമും അഡ്രെസ്സും എല്ലാം ഉണ്ട്. പിന്നീടുള്ളത്, അംബേദ്‌കർ സ്റ്റുഡന്റ്സ് അസോസിയേഷനാണ്, അത് ഇടത് സംഘടനയാണെന്ന് സാമാന്യമായ രാഷ്ട്രീയ ബോധം ഉള്ള ആരും പറയില്ല. അങ്ങനെ പറയുന്നവരോട് നമ്മൾ എന്ത് പറയാൻ ? എബി ചോദിക്കുന്നു.

താൻ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ പഠിച്ചു എന്നും അവിടെ നിന്ന് ഇവിടെ വന്ന് ഭീകര പ്രവർത്തനത്തിനു നേതൃത്വം നൽകുന്നു എന്നുമുളള രീതിയിലാണ് വാർത്ത എന്നും എന്നാൽ അത് തികഞ്ഞ അസംബന്ധമാണെന്നും എബി പറയുന്നു. ഞാൻ ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ പഠിച്ചിട്ടേ ഇല്ല, എം എ യ്ക്ക് ഞാൻ പഠിച്ചത് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലാണ്. കാസർഗോഡ്‌ ഇപ്പോൾ കമ്പാരറ്റീവ് ഇംഗ്ലീഷിൽ ഗവേഷണം നടത്തുകയാണ്. അംബേദ്‌കർ സ്റ്റുഡന്റ്സ് അസോസിയേഷനിൽ പ്രവർത്തിക്കുന്നുണ്ട്. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പലരോടും എന്റെ വിവരങ്ങൾ തിരക്കിയതായി അറിഞ്ഞെങ്കിലും എന്നോട് ആരും ഇത് വരെ ഒന്നും ചോദിച്ചിട്ടില്ല. രാജ്യത്തെമ്പാടും നടക്കുന്ന സമരങ്ങളോടുള്ള സ്വാഭാവിക പ്രതികരണങ്ങൾ കാസർഗോഡ്‌ കേന്ദ്ര സർവ്വകലാശാലയിലും ഉണ്ടാകാറുണ്ട്. സമരങ്ങൾ ഉണ്ടാകാറുണ്ട്. ഇതൊരു യൂണിവേഴ്സിറ്റിയാണ്. വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും ഗവേഷകരുമൊക്കെ. സ്വാഭാവികമായും അവിടെ സമരങ്ങളും പ്രക്ഷോഭങ്ങളും ചിന്തകളും ഒക്കെയുണ്ടാവും. ഇപ്പോൾ ഇവിടെ എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ചേർന്ന് ജോയിന്റ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചാണ് സമരങ്ങൾ നടത്തുന്നത്. അവസാനമായി ഹോസ്റ്റൽ ഫീസ്‌ കുറയ്ക്കാനായി നടന്ന സമരവും ഇങ്ങനെ തന്നെയാണ് നടന്നത്. എന്നാൽ ഗവേഷണത്തിന്റെ ഭാഗമായി തിരക്കിലായിരുന്നതിനാൽ എനിക്ക് പലതിലും പങ്കെടുക്കാൻ ആയില്ല. എല്ലാത്തിനും പിന്നിൽ താനാണെന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് എബി എബ്രഹാം ലെഫ്റ്റ്ക്ലിക്കിനോട് പറഞ്ഞു.

മുഖ്യധാര രാഷ്ട്രീയത്തിനു പുറത്തുള്ള ഒരു രാഷ്ട്രീയം ഉൾക്കൊള്ളാൻ കേരളത്തിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അല്ലെങ്കിൽ അംബേദ്‌കർ രാഷ്ട്രീയം തീവ്ര ഇടതാണെന്നൊക്കെ പറയാൻ സാധിക്കുന്നതെങ്ങനെ എന്നും ഈ ഗവേഷണ വിദ്യാർത്ഥി ചോദിക്കുന്നു. അസഹിഷ്ണുതയ്ക്കും വർഗീയതയ്ക്കും എതിരായുള്ള സമരങ്ങൾ സർവ്വകലാശാലകളിൽ നിന്നെല്ലാം ഉയർന്നു വരികയും, പരിസ്ഥിതി,ലിംഗനീതി, ദളിത് ആദിവാസി ഭൂമി വിഷയങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ വിദ്യാർത്ഥികൾ ധാരാളമായി ഇടപെടുകയും ചെയ്യുന്നതിന് തടയിടാൻ വേണ്ടി അത്തരം വിഷയങ്ങൾ സംസാരിക്കുന്നവരെയെല്ലാം രാജ്യദ്രോഹിയെന്നും മാവോയിസ്റ്റ് എന്നും മുദ്ര കുത്താനുള്ള ഭരണകൂട നീക്കമാണിതെന്ന ആരോപണം ശക്തമാണ്.