പയ്യന്നൂർ പ്രസംഗത്തെയും സാമ്പത്തിക ഉപദേഷ്ടാവിനെയും ന്യായീകരിച്ച് കോടിയേരി

#

കൊച്ചി : പയ്യന്നൂരിൽ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പ്രസംഗത്തിൽ നിയമവിരുദ്ധമായി യാതൊന്നുമില്ല, സ്വയരക്ഷക്ക് ചെറുത്ത് നിൽക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഇതിനെക്കുറിച്ചാണ് പയ്യന്നൂരിൽ പറഞ്ഞത്. അത് കലാപത്തിനുള്ള ആഹ്വാനമല്ല .പ്രസംഗവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാൻ തയ്യാറാണ്‌. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും അതിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്നാൽ അതിനും തയ്യാറാണെന്നും കോടിയേരി പറഞ്ഞു.

ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് പാർട്ടി ആണെന്നും കോടിയേരി വ്യക്തമാക്കി. ഇത് സംബന്ധിച്ച തീരുമാനമെടുത്തത് പാർട്ടി സെക്രട്ടറിയേറ്റ് ആണ്. എല്ലാവരുടെയും കഴിവുകള്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഏതെങ്കിലും ഉപദേഷ്ടാവ് ഒരു ഉപദേശം നൽകിയാൽ അതനുസരിച്ച് മാത്രം ഭരിക്കുന്ന സര്‍ക്കാരല്ല ഇപ്പോള്‍ നിലവില്‍ ഉളളതെന്നും കോടിയേരി പറഞ്ഞു.

പയ്യന്നൂരിൽ സിപിഐഎം നടത്തിയ ബഹുജന കൂട്ടായ്മയിലാണ് കോടിയേരി പാടത്ത് പണി തരുന്നവർക്ക് വരമ്പത്ത് കൂലി നല്കണമെന്ന പ്രസംഗം നടത്തിയത്. ആക്രമിക്കാൻ വരുന്നവർ വെറുതെ തിരിച്ച് പോകരുതെന്നും കോടിയേരി പറഞ്ഞിരുന്നു. ഈ പ്രസംഗം അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ പ്രസംഗം പരിശോധിക്കാൻ ഡിജിപി നിർദ്ദേശിച്ചിരുന്നു.