സാമ്പത്തികോപദേഷ്ടാവ് : സി.പി.എമ്മിൽ പ്രതിസന്ധി രൂക്ഷം വി.എസ്സും രംഗത്ത്

#

എം.കെ.ദാമോദരന്റെ നിയമോപദേഷ്ടാവ് നിയമനമുയർത്തിയ വിവാദം ഏതാണ്ട് കെട്ടടങ്ങിയപ്പോഴേക്ക് പാർട്ടിക്ക് അതിനെക്കാൾ വലിയ തലവേദന സൃഷ്‌ടിക്കുന്ന തരത്തിലേക്ക് വികസിക്കുകയാണ് മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവിന്റെ നിയമനം. നവ ലിബറൽ സാമ്പത്തിക നയത്തിന്റെ വക്താവായി അറിയപ്പെടുന്ന ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി നിയമിച്ചതിന്റെ സാഹചര്യം എന്താണെന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൃപ്‌തികരമായ വിശദീകരണം നല്കാനാവാതെ പതറുകയാണ് സി.പി.എം നേതാക്കൾ.

ഗീതാഗോപിനാഥിനെ സാമ്പത്തികോപദേഷ്ടാവായി നിയമിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് വി.എസ്.അച്ചുതാനന്ദൻ സി.പി.എം ജനറൽ സെക്രട്ടറിക്ക് കത്ത് നൽകി. ഗീത ഗോപിനാഥിന്റെ നിലപാടുകൾ പാർട്ടി നിലപാടുകൾക്ക് വിരുദ്ധമാണെന്നും അവരുടെ നിയമനം പാർട്ടി നിലപാടുകൾക്ക് തിരിച്ചടി സൃഷ്ടിക്കുമെന്നും വി.എസ് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് ആസൂത്രണ ബോഡ് വൈസ് ചെയർമാനായിരുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും സി.പി.എം അംഗവുമായ പ്രഭാത് പട്നായിക്കും ഗീതയുടെ നിയമനത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്.

ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക്ക് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഗീതയുടെ നിയമനത്തെ കോടിയേരി ബാലകൃഷ്ണൻ ഇന്ന് ന്യായീകരിച്ചെങ്കിലും അവരുടെ നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകിയിട്ടില്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങളൊക്കെ മുഖ്യമന്ത്രിയായതോടെ പിണറായി വിജയൻ വിഴുങ്ങുകയാണെന്ന ആക്ഷേപം പാർട്ടി അണികളിലും അനുഭാവികളിലും ശക്തമാണ്. പാർട്ടിയുടെ രാഷ്ട്രീയനയത്തിനു തന്നെ ആധാരമായ സാമ്പത്തികനയത്തിൽ മലക്കം മറിയാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന അണികളുടെ സംശയത്തിന് പരിഹാരം കാണാൻ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവുമുണ്ടാകുന്നില്ല.

നിയമോപദേഷ്ടാവിന്റെ നിയമനം അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉയർത്തിയതെങ്കിൽ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമനം അടിസ്ഥാനപരമായ രാഷ്ട്രീയ നിലപാടുകളെ ബാധിക്കുന്നതാണെന്നും അവയിൽ വിട്ടുവീഴ്ച പാടില്ലെന്നും വാദിക്കുന്നവരാണ് പാർട്ടിയിൽ ഭൂരിപക്ഷം. ഇത് മനസ്സിലാക്കിയാണ് വി.എസ് രംഗത്തു വരുന്നത്. ക്യാബിനറ്റ് റാങ്കുള്ള ഔദ്യോഗിക പദവിയിൽ താൻ ഒതുങ്ങും എന്ന ധാരണ തെറ്റാണെന്ന് സ്ഥാപിക്കാൻ കൂടി വി.എസ്, ഈ പ്രശ്നത്തെ ഉപയോഗിക്കും. 2 മാസത്തെ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പൊതുവേ സംതൃപ്തിയുള്ള അണികൾക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളിലാണ് അതൃപ്‍തിയുള്ളത്. ഗീത ഗോപിനാഥിന്റെ നിയമനം വരും ദിവസങ്ങളിൽ സി.പി.എം രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കും എന്നതിന്റെ വ്യക്തമായ സൂചനയാണ് വി.എസ് ഇന്ന് സീതാറാം യെച്ചൂരിക്ക് അയച്ച കത്ത്.