മുഖ്യമന്ത്രി തിരുത്തണം

#

അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ ഹൈക്കോടതിയിൽ തുടങ്ങിയ ഏറ്റുമുട്ടൽ മറ്റു കോടതികളിലും സംഘർഷങ്ങൾക്ക് കാരണമാകുകയാണ്. ഒരു സർക്കാർ വക്കീൽ എറണാകുളത്തെ പൊതുനിരത്തിൽ വെച്ച് ഒരു സ്ത്രീയെ കടന്നുപിടിച്ചതിന്റെ വാർത്തകൾ മാധ്യമങ്ങൾ നൽകിയതിൽ നിന്നാണ് സംഘർഷങ്ങളുടെ തുടക്കം. ഒരു കോടതിയിലും മാധ്യമ പ്രവർത്തകർക്ക് കയറാൻ കഴിയാത്ത തരത്തിലേക്ക് കാര്യങ്ങൾ അതിവേഗം മാറുകയായിരുന്നു. ഇന്ന് കോഴിക്കോട് കോടതിയിൽ മാധ്യമ പ്രവർത്തകരെ തീർത്തും അകാരണമായി പോലീസ് തടഞ്ഞു വെയ്ക്കുന്നതിലേക്കും കയ്യേറ്റം ചെയ്യുന്നതിലേക്കും അത് എത്തിയിരിക്കുന്നു.

ആദ്യം ഹൈക്കോടതിയിലും പിന്നീട് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലും അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘട്ടനം തെരുവ് യുദ്ധമായി മാറിയിട്ടും കുറ്റക്കാരനായ ഒരാളെപ്പോലും ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഏറ്റുമുട്ടലല്ല, തങ്ങൾക്കെതിരേയുള്ള ആക്രമണമാണുണ്ടായതെന്നാണ് മാധ്യമ പ്രവർത്തകർ പറയുന്നത്. എന്തായാലും കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമ പ്രവർത്തകരുടെ അവകാശം തടയപ്പെടുന്നു എന്നത് വസ്തുതയാണ്.

സുഗമമായ മാധ്യമ പ്രവർത്തനം തടയപ്പെടുന്ന സാഹചര്യം ഒരു ജനാധിപത്യ സമ്പ്രദായത്തിൽ അംഗീകരിക്കാൻ കഴിയുന്നതല്ല. ഇവിടെ മാധ്യമ പ്രവർത്തകർക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. മാധ്യമ പ്രവർത്തകരുടെയും അഭിഭാഷകരുടെയും പ്രതിനിധികളെ , പ്രത്യേകം പ്രത്യേകമായും, ഒന്നിച്ചും കണ്ട മുഖ്യമന്ത്രി ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതെ നോക്കണം എന്ന് പറഞ്ഞതല്ലാതെ ക്രിയാത്മകമായി ഒരു ഇടപെടലും നടത്തിയില്ല. അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് ഒരു ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കുറേ പൊതുപണം വെറുതേ കളയാമെന്നല്ലാതെ ജുഡീഷ്യൽ അന്വേഷണം കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് മനസ്സിലായിട്ടില്ല.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്, കോടതിയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് പരിമിതി ഉണ്ടെന്നാണ്. മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം താൽക്കാലികമാണെന്ന് ധരിക്കുന്നതായി പറഞ്ഞ മുഖ്യമന്ത്രി നിയന്ത്രണം അവസാനിപ്പിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ പ്രതീക്ഷയർപ്പിച്ച് അനന്തമായി കാത്തിരിക്കുക എന്നതല്ല ഇതുപോലെയുള്ള കാര്യങ്ങളിൽ, ഒരു ജനാധിപത്യക്രമത്തിലെ ഭരണാധികാരിയിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കാര്യങ്ങൾ വ്യക്തമായി ചീഫ് ജസ്റ്റിസിനെ ധരിപ്പിച്ച് പൂർവസ്ഥിതി പുനഃസ്ഥാപിക്കാൻ മുൻകയ്യെടുക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. അത് ചെയ്യുന്നതിന് പകരം ഒരു കാഴ്ചക്കാരനെപ്പോലെ നോക്കിനിൽക്കുകയാണ് മുഖ്യമന്ത്രി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് അഭിഭാഷകരും മാധ്യമപ്രവർത്തകരും ഉൾപ്പെട്ട സംഘർഷമായിരുന്നെങ്കിൽ ഇന്ന് കോഴിക്കോട്ട് പോലീസ് മാധ്യമ പ്രവർത്തകരെ തടയുകയായിരുന്നു. പൊതുവിൽ മുഖ്യമന്ത്രി എന്ന നിലയിൽ മാധ്യമ പ്രവർത്തകരോട് അസഹിഷ്ണുത പുലർത്തുന്ന സമീപനമാണ് പിണറായി വിജയന്റേത് എന്ന ധാരണയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇ.എം.എസ് നേതുത്വം നൽകിയ ആദ്യ മന്ത്രിസഭ മുതൽ പാലിച്ചിരുന്ന കീഴ്വഴക്കം തെറ്റിച്ചുകൊണ്ട് മന്ത്രിസഭായോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനം വേണ്ടെന്നു വെച്ചതുമുതൽ പിണറായി വിജയൻ മാധ്യമങ്ങളോട് സ്വീകരിക്കുന്ന സമീപനം മാധ്യമപ്രവർത്തകരെ പരമാവധി ഒഴിവാക്കുക എന്ന സമീപനമാണ് അദ്ദേഹത്തിനുള്ളത് എന്ന ധാരണയെ ബലപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന പോലീസ് വകുപ്പിൽ നിന്നാണ് ഇന്ന് കോഴിക്കോട്ട് മാധ്യമ പ്രവർത്തകർക്ക് തിക്താനുഭവം ഉണ്ടായത്. തന്റെ സമീപനത്തിൽ തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്താനും തിരുത്താനും മുഖ്യമന്ത്രി തയ്യാറാകണം. കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടു പോയതിനുശേഷം തിരുത്താൻ ശ്രമിക്കുന്നതിൽ കാര്യമില്ല.