ദിവാനദ്യേത്തിന്റെ തിരുനാള്‍

#

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ പിറന്നാള്‍ ദിവസം ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ക്ക് മധുപരലഹാരങ്ങള്‍ വിതരണം ചെയ്യുന്നു. മധുരപലഹാരങ്ങള്‍ ലഭിക്കാത്തവര്‍ക്ക് സ്വന്തം നിലയ്ക്ക് വാങ്ങാം. പണം തിരികെ നല്‍കും. ഔദ്യോഗിക സര്‍ക്കുലര്‍ വഴിയാണ് തച്ചങ്കരി ഈ വിവരം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനം അവധി ദിവസമായി കൂടി പ്രഖ്യാപിച്ചിരുന്നെങ്കില്‍ എല്ലാം തികഞ്ഞേനേ.

താന്‍ ആരാണെന്നാണ് ടോമിന്‍ തച്ചങ്കരി കരുതിയിരിക്കുന്നത്? കേരളത്തിലെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ മാത്രമാണ് തച്ചങ്കരി. മറ്റു ഉദ്യോഗസ്ഥരില്‍ നിന്ന് വ്യത്യസ്തമായി കുറേ അധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നതും വിദേശത്തുള്‍പ്പെടെ പോയി സംശയാസ്പദമായ പല ഇടപാടുകളും നടത്തിയിട്ടുണ്ടെന്നതും അദ്ദേഹത്തിന് അധിക യോഗ്യതകളായി ഉണ്ട് എന്നത് സത്യം. പക്ഷേ, ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥനായതുകൊണ്ട് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി എന്തുമാകാം എന്നാണോ തച്ചങ്കരി ധരിച്ചിരിക്കുന്നത്?

രാജാക്കന്മാരുടെയും നാടുവാഴികളുടെയും പിറന്നാള്‍ ദിവസങ്ങള്‍ നാട്ടുകാര്‍ക്ക് കൈനിറയെ സമ്മാനം വാരിക്കോരി നല്‍കിയതിനെക്കുറിച്ചുള്ള കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാകാം തച്ചങ്കരിസാര്‍ കൈവിട്ടു കളിക്കുന്നത്. ഇത് നാടുവാഴിത്തത്തിന്റെ പഴയ കാലമല്ലെന്നും ജനാധിപത്യത്തില്‍ ഇത്തരം പരിപാടികള്‍ നടപ്പില്ലെന്നും തച്ചങ്കരിക്ക്, അയാള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞുകൊടുക്കാനുള്ള ബാധ്യത സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനുണ്ട്.

വകുപ്പുമന്ത്രിയെ നോക്കുകുത്തിയാക്കി തീരുമാനങ്ങള്‍ സ്വയം പ്രഖ്യാപിക്കുക തുടങ്ങി പല കലാപരിപാടികളും തച്ചങ്കരി നടത്തി വരികയാണ്. അവിടെയൊന്നും തച്ചങ്കരിയെ തിരുത്താനും ശിക്ഷിക്കാനും ആരും തയ്യാറാകാത്തതുകൊണ്ടാകാം എല്ലാ പരിധികളും ലംഘിക്കാന്‍ അയാള്‍ ധൈര്യം കാണിക്കുന്നത്. കാണിക്കുന്ന കൊള്ളരുതാഴികകള്‍ക്ക് കണക്കു പറയിക്കാന്‍ അധികൃതര്‍ക്ക് കഴിയണം. സ്വന്തം പിറന്നാള്‍ ദിനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മധുരപലഹാരം വിതരണം ചെയ്യാന്‍ സര്‍ക്കുലറയയ്ക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഒരു ശിക്ഷണ നടപടിയും നേരിടാതെ സര്‍വ്വീസില്‍ തുടര്‍ന്നാല്‍ ഭരിക്കുന്ന സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ എന്താണ് കരുതേണ്ടത്?