ദളിതരുടെ രക്തം വീണ സ്വാതന്ത്ര്യദിനം

#

രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ദളിതർക്കെതിരേ നടക്കുന്ന പല തരത്തിലുള്ള ആക്രമണങ്ങളുടെ ഭീതിദമായ പശ്ചാത്തലത്തിലാണ് ഇന്ത്യ എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ചത്ത പശുവിന്റെ തോലുരിച്ചതിന്റെ പേരിലും പശുവിറച്ചി കഴിച്ചെന്ന തെറ്റിദ്ധാരണയുടെ പേരിലുമൊക്കെ ദളിതർ ആക്രമിക്കപ്പെടുകയാണ്. തീവ്രമായ ഹിംസാത്മകതയോടെ ഹൈന്ദവ വർഗ്ഗീയവാദം ദളിതർക്കെതിരേ നടത്തുന്ന കടന്നാക്രമണത്തെ സംഘടിതമായി ശക്തമായി നേരിടാൻ ദളിത്‌ പ്രസ്ഥാനങ്ങൾ മുന്നോട്ടു വരുന്നു എന്നതാണ് ഇന്നത്തെ പീഡനങ്ങളെ മുൻകാല സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഉത്തർപ്രദേശിൽ മാട്ടിറച്ചി കഴിച്ചു എന്ന പേരിൽ ഇസ്‌ലാം മതത്തിൽപെട്ട ഒരാളെ ഹിന്ദു വർഗ്ഗീയവാദികൾ കൊലപ്പെടുത്തിയിട്ട് അധികനാളായില്ല. മാട്ടിറച്ചി അല്ല, ആട്ടിറച്ചിയാണ് കഴിച്ചതെന്ന് പിന്നീട് തെളിഞ്ഞു. മാട്ടിറച്ചിയാണ് കഴിച്ചതെങ്കിൽ കൊന്നതിൽ തെറ്റില്ല എന്ന രീതിയിലായിരുന്നു ഇക്കാര്യത്തിൽ വർഗീയവാദികളുടെ പ്രതികരണം. പോത്തിറച്ചിയും എരുമ ഇറച്ചിയും കഴിക്കുന്നവർ പോലും ഭയത്തിന്റെ നിഴലിലാണ്. പശുവിറച്ചി കഴിക്കുന്നു എന്നും കച്ചവടം ചെയ്തു എന്നുമുള്ള ആരോപണങ്ങളിലാണ് ഹൈന്ദവ ഇതര സമുദായങ്ങളിൽപെട്ടവർ വേട്ടയാടപ്പെടുന്നതെങ്കിൽ ചത്ത പശുവിനെ മറവു ചെയ്യുക, തോലുരിക്കുക തുടങ്ങിയ തൊഴിലുകൾ തലമുറകളായി ചെയ്തുവന്ന സമുദായങ്ങളിൽ പെട്ടവരെയും മറ്റു ദളിത് വിഭാഗങ്ങളിൽ പെട്ടവരെയും പശുവിനെ കൊല്ലുന്നു എന്ന ആരോപണമുന്നയിച്ചാണ് വേട്ടയാടാൻ തുടങ്ങിയത്. പശുവിന്റെ വില പോലും മനുഷ്യർക്കില്ല എന്ന അവസ്ഥ മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും നിലനിൽക്കുന്നു.

ചത്ത പശുവിന്റെ തോലുരിഞ്ഞതിന്റെ പേരിൽ ഗുജറാത്തിൽ 4 ദളിത് യുവാക്കളെ ക്രൂര മർദ്ദനത്തിനിരയാക്കിയ സംഭവം ദളിത് മർദ്ദനങ്ങൾക്കും പശുവിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കും എതിരേ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായി മാറി. ആഗസ്റ്റ് 5ന് ദളിത്‌ സംഘടനകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും നേതൃത്വത്തിൽ ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിൽ നിന്ന് ആരംഭിച്ച പദയാത്ര ദളിത് യുവാക്കൾ ക്രൂരമർദ്ദനത്തിരയായ ഉനയിൽ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 ന് സമാപിക്കും. രാജ്യത്താകെയുള്ള ദളിത് ജനവിഭാഗങ്ങളുടെ ഉയർത്തെഴുന്നേല്പിന്റെ പ്രതീകമായി സ്വാതന്ത്ര്യത്തിലേക്കുള്ള മാർച്ച് എന്ന് പേരിട്ടിരിക്കുന്ന ഈ പദയാത്ര മാറുകയാണ്. കേന്ദ്രഭരണത്തിന്റെ പിന്തുണയോടെയാണ് ദളിതർക്കെതിരായ ആക്രമണം നടക്കുന്നതെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. ദളിതരെ ആക്രമിക്കുന്നവർ അത് അവസാനിപ്പിക്കണമെന്നും പകരം അവർക്ക് വേണമെങ്കിൽ, തന്നെ അക്രമിക്കാമെന്നും അത്യന്തം നാടകീയമായും വൈകാരികമായും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ മുഖവിലയ്‌ക്കെടുക്കാൻ ദളിത് സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും തയ്യാറായിട്ടില്ല. തെരുവുകളിൽ ചിതറി വീഴുന്ന ദളിതരുടെ രക്തം വലിയൊരു സാമൂഹ്യശക്തിയുടെ രൂപമാർജ്ജിക്കുന്നതിന്റെ സൂചനയാണ് സ്വാതന്ത്ര്യദിനത്തിൽ കാണുന്നത്.