പാകിസ്ഥാന്‍ ജനത നമ്മുടെ ശത്രുക്കളല്ല

#

സാര്‍ക് സമ്മേളനവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തി തിരികെ എത്തിയ ചലച്ചിത്ര നടിയും മുന്‍ കോണ്‍ഗ്രസ് എം.പിയുമായ രമ്യയ്‌ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നു. നമ്മളെപ്പോലെ തന്നെയുള്ള മനുഷ്യരാണ് പാകിസ്ഥാനിലുള്ളതെന്നും നല്ല രീതിയിലുള്ള പെരുമാറ്റമാണ് അവരുടേതെന്നുമുള്ള സത്യം പറഞ്ഞതിനാണ് രമ്യയ്‌ക്കെതിരേ ഹിന്ദു വലതുപക്ഷ തീവ്രവാദികള്‍ രംഗത്തു വന്നിരിക്കുന്നത്. അയല്‍രാജ്യത്ത് താന്‍ കണ്ടതും അനുഭവിച്ചതുമെന്താണെന്ന് തുറന്നു പറഞ്ഞതിനാണ് ഒരുപറ്റം മതഭ്രാന്തന്മാര്‍ രമ്യയെ വേട്ടയാടാന്‍ ശ്രമിക്കുന്നത്.

നമ്മുടെ രാജ്യത്ത് ഒരു വിഭാഗം ജനങ്ങളെ ബാധിച്ചിരിക്കുന്ന ഗുരുതരമായ ഒരു മാനസിക രോഗമാണ് രമ്യയ്‌ക്കെതിരായ ആക്രമണത്തില്‍ പ്രകടമാകുന്നത്. അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുക സ്വാഭാവികം. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് രണ്ടു രാജ്യങ്ങളുടെയും സര്‍ക്കാരുകള്‍ പരിശ്രമിക്കേണ്ടത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാശ്മീരില്‍ ഇപ്പോള്‍ നിലവിലുള്ള സ്ഥിതി പോലെ പലതരം പ്രശ്‌നങ്ങള്‍ കാരണമാകാം. അതൊന്നും ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങളെ ശത്രുക്കളാക്കുന്നില്ല. ഭരണകൂടങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഭരണകൂടങ്ങള്‍ പരിഹരിക്കണം. അതില്‍ ജനങ്ങള്‍ ഇരകളാകാന്‍ പാടില്ല.

വിശ്വവിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലി ഇന്ത്യയില്‍ പാടുന്നതിനെ എതിര്‍ത്ത അതേ മതഭ്രാന്തന്മാരാണ് സത്യം തുറന്നു പറഞ്ഞ രമ്യയ്ക്കും എതിരേ തിരിഞ്ഞിരിക്കുന്നത്. പാകിസ്ഥാന്‍ ജനത ഇന്ത്യന്‍ ജനതയ്‌ക്കെതിരല്ല എന്ന ലളിതമായ സത്യം തുറന്നുപറഞ്ഞ എല്ലാവര്‍ക്കുമെതിരേ കേസ് എടുക്കാനാണെങ്കില്‍ ഇന്ത്യയിലെ എത്രയോ മികച്ച ബുദ്ധിജീവികള്‍ക്കും കലാകാരന്മാര്‍ക്കും എതിരേ കേസെടുക്കേണ്ടി വരും. വാര്‍ ആന്‍ഡ് പീസ് എന്ന അതിമനോഹരമായ ഡോക്യുമെന്ററിയിലൂടെ ആനന്ദ് പട്‌വര്‍ദ്ധന്‍ ഹൃദയാവര്‍ജ്ജകമായും ആധികാരികമായും കാണിച്ചു തന്ന സത്യമാണ് രമ്യ പറഞ്ഞത്. കാര്‍ഗില്‍ യുദ്ധക്കാലത്ത് ആളിക്കത്തിയ പാക് വിരുദ്ധ ഹിസ്റ്റീരിയയ്‌ക്കെതിരേ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ മുന്‍ അദ്ധ്യാപകനും രാഷ്ട്രമീമാംസ പണ്ഡിതനുമായ പ്രൊഫ.സി.പി ഭാംറി അതിശക്തമായി പ്രതികരിച്ചിരുന്നു. കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനില്‍ പോയ നമ്മുടെ എഴുത്തുകാരന്‍ ബന്‍യാമിൻ തന്റെ യാത്രാ വിവരണത്തില്‍ പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ഇന്ത്യക്കാരോടുള്ള സ്‌നേഹത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഇന്ത്യക്കാരും ഇന്ത്യ സന്ദര്‍ശിച്ച പാകിസ്ഥാന്‍കാരും പങ്കിടുന്ന ഒരു പൊതുവികാരം പങ്കുവെയ്ക്കുക മാത്രമാണ് രമ്യ ചെയ്തത്.

ജനങ്ങളും ജനങ്ങളും തമ്മിലുള്ള ഊഷ്മളമായ സ്‌നേഹബന്ധം ഊട്ടിയുറപ്പിച്ചു കൊണ്ടാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വികസിക്കേണ്ടത്. പാകിസ്ഥാനിലെ ജനങ്ങളുടെ ശത്രുക്കളല്ല ഇന്ത്യയിലെ ജനങ്ങള്‍ എന്ന തിരിച്ചറിവ് അന്ധത ബാധിക്കാത്ത എല്ലാ പാകിസ്ഥാന്‍കാര്‍ക്കും ഇന്ത്യാക്കാര്‍ക്കുമുണ്ടാകണം. രമ്യയുടെ പ്രസ്താവന ജനങ്ങള്‍ തമ്മിലുള്ള സ്‌നേഹവും ഐക്യവും ശക്തിപ്പെടാന്‍ ഉപകരിക്കും. അതിന്റെ പേരില്‍ അവരെ അഭിനന്ദിക്കുകയും ആദരിക്കുകയുമാണ് വേണ്ടത്. രമ്യയെ വേട്ടയാടാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന മതഭ്രാന്തന്മാര്‍ക്കും വലതുപക്ഷ തീവ്രവാദികള്‍ക്കുമെതിരേ അവരോടൊപ്പം നില്‍ക്കുക എന്നതാണ് മതനിരപേക്ഷതയിലും യുക്തിചിന്തയിലും വിശ്വസിക്കുന്ന എല്ലാവരുടെയും കടമ.