തെരുവ് നായക്ക് കക്ഷി രാഷ്ട്രീയമില്ല

#

തെരുവ് നായ്ക്കള്‍ കേരളത്തില്‍ സാധാരണക്കാരന് പേടിസ്വപ്നമായി മാറിയിട്ട് കാലം കുറച്ചായി. കേരളത്തിലെ ഒരു റോഡിലും ധൈര്യമായി ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. മുമ്പെങ്ങുമില്ലാത്ത തരത്തില്‍ തെരുവ് നായ്ക്കള്‍ റോഡില്‍ പെരുകാന്‍ പ്രധാന കാരണം നാടാകെ നിറയുന്ന മാലിന്യങ്ങളാണ്. ചെറിയ പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ മുതല്‍ വലിയ ചാക്കുകളില്‍ വരെ കുത്തിനിറച്ച മാലിന്യങ്ങള്‍ മനുഷ്യര്‍ വലിച്ചെറിയുന്നത് തെരുവോരങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലുമാണ്. വഴിനീളെ തങ്ങള്‍ക്കു വേണ്ടി നിരന്നു കിടക്കുന്ന ഭക്ഷണ മാലിന്യങ്ങള്‍ പട്ടികള്‍ തെരുവുകളില്‍ നിത്യപാര്‍പ്പുറപ്പിക്കാന്‍ കാരണമാകുന്നു.

കൊച്ചു കുഞ്ഞുങ്ങളും വൃദ്ധന്മാരുമുള്‍പ്പെടെ നിരവധി പേരെ ഇതിനകം തെരുവുപട്ടികള്‍ കടിച്ചു കൊന്നു. കുടിലുകളിലും കൊച്ചു കൂരകളിലും കഴിയുന്ന മനുഷ്യര്‍ തികച്ചും അരക്ഷിതരായാണ് കഴിഞ്ഞുകൂടുന്നത്. തെരുവുപട്ടികളുടെ ഭീഷണി എന്ന പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കണ്ടേതീരൂ.

അക്രമകാരികളായ പട്ടികളെ കൊല്ലുമെന്ന് കേരളത്തിലെ മന്ത്രി പ്രഖ്യാപിച്ചു. പട്ടികളെ കൊല്ലാന്‍ പറ്റില്ലെന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി ശാഠ്യം പിടിക്കുന്നു. മിണ്ടാപ്രാണികളെ കൊല്ലുന്നതിന്റെ നൈതികത ബുദ്ധിജീവികളെ വേവലാതി കൊള്ളിക്കുന്നു. മാലിന്യം കുന്നുകൂടലാണ് അടിസ്ഥാനപ്രശ്‌നമെന്നും അതിന്റെ ഉപോല്പന്നം മാത്രമാണ് തെരുവുപട്ടികളുടെ ശല്യമെന്നും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവുകയുള്ളൂ എന്നും ശരിയായ വസ്തുത ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം. എല്ലാവരെയും സഹകരിപ്പിച്ച് പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണാമെന്ന് സര്‍ക്കാര്‍. എന്തായാലും തെരുവുനായപ്രശ്നം പരിഹരിക്കപ്പെടാതെ ശേഷിക്കുന്നു എന്നതനുഭവം.

നായകളെ വന്ധ്യംകരിച്ചാല്‍ പിന്നീട് അവ കടിക്കില്ലെന്നും വന്ധ്യംകരണത്തിലൂടെ പ്രശ്‌നപരിഹാരം കാണാമെന്നുമുള്ള വാദമാണ് മൃഗസംരക്ഷണത്തിന്റെ കുത്തക എടുത്തിട്ടുള്ള കേന്ദ്രമന്ത്രി മേനകാഗാന്ധി മുന്നോട്ടു വെയ്ക്കുന്നത്. മനുഷ്യര്‍ക്ക് തിന്നാന്‍ വേണ്ടി കോഴിയെയും താറാവിനെയും മുയലിനെയും ആടിനെയും പശുവിനെയും പോത്തിനെയും കൊല്ലാമെങ്കില്‍ പട്ടിയെ കൊല്ലുന്നതില്‍ മാത്രം ഇത്ര പതിത്വമെന്താണെന്ന് ചോദിക്കുന്നവരുമുണ്ട്. എന്തായാലും കാല്‍നടയാത്രക്കാരും പൊതു വാഹനങ്ങളെ ആശ്രയിച്ചു യാത്ര ചെയ്യുന്നവരും സൈക്കിളിലും ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യുന്നവരുമാണ് തെരുവുപട്ടികളുടെ ഉപദ്രവം സഹിക്കേണ്ടി വരുന്നത് എന്നത് സത്യം. ഭാഗ്യവശാല്‍ നമ്മുടെ ഭരണാധികാരികളും നേതാക്കന്മാരും പൊതു നിരത്തില്‍ കൂടി നടക്കുന്നവരല്ലാത്തതുകൊണ്ട് അവര്‍ക്ക് തെരുവു പട്ടി ഒരു ചര്‍ച്ചാവിഷയം മാത്രമാണ്. സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നുമൊക്കെ ആവശ്യപ്പെട്ട് പ്രസ്താവനകളിറക്കി അവര്‍ക്ക് അവരുടെ ഉത്കണ്ഠ നാട്ടുകാരെ ബോധ്യപ്പെടുത്താം.

പട്ടികള്‍ കൂട്ടമായി ആക്രമിക്കാന്‍ വരുമ്പോള്‍ മന്ത്രിമാരുടെ പ്രഖ്യാപനങ്ങളും പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളും കൊണ്ട് രക്ഷപ്പെടാനാവില്ല. പ്രശ്‌നത്തിന് കൃത്യമായ പരിഹാരമാണ് ജനങ്ങള്‍ക്ക് വേണ്ടത്. ജനങ്ങളെ തെരുവുപട്ടികളുടെ ആക്രമണത്തിന് എറിഞ്ഞുകൊടുത്തിട്ട് നോക്കിയിരിക്കുന്ന ഒരു സര്‍ക്കാരിനു വേണ്ടിയല്ല ജനങ്ങള്‍ വോട്ടു ചെയ്തത്. പട്ടികളെ പിടിച്ച് കൂട്ടമായി സംരക്ഷിക്കുകയോ വന്ധ്യംകരിക്കുകയോ കൊല്ലുകയോ എന്തായാലും അത് ഒരു നിമിഷം വൈകാതെ ചെയ്യുകയാണ് സര്‍ക്കാരിന്റെ കടമ.