ഓഫീസ് സമയത്ത് പൂക്കളമിടണ്ട

#

ഓഫീസ് സമയത്തല്ല പൂക്കളമൊരുക്കുകയും ഓണപ്പരിപാടികൾ നടത്തുകയും പല കച്ചവടങ്ങളുമായി വരുന്നവരുമായി വിലപേശുകയും ചെയ്യേണ്ടത് എന്ന് സർക്കാർ ജീവനക്കാരോട് മുഖ്യമന്ത്രി പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്യാനും അതിൽ നിന്ന് മുതലെടുപ്പ് നടത്താനും ഒരു കൂട്ടം ആളുകൾ ഇറങ്ങിത്തിരിച്ചിരിക്കുന്നു. സർക്കാർ ഓഫീസുകളിൽ എന്തെങ്കിലും കാര്യവുമായി ചെന്നിട്ടുള്ളവരെല്ലാം മുഖ്യമന്ത്രിയുടെ വാക്കുകളെ പിന്തുണയ്ക്കുകയേ ഉള്ളൂ. ഈ പരിപാടികൾ ഒന്നും വേണ്ടെന്നല്ല മുഖ്യമന്ത്രി പറഞ്ഞത്. അത് ഓഫീസ് സമയത്ത് വേണ്ടെന്നു മാത്രമാണ്. ഉച്ചഭക്ഷണത്തിനുള്ള ഇടവേളകളിലോ ഓഫീസ് കഴിഞ്ഞുള്ള സമയത്തോ ജീവനക്കാർ പൂക്കളമിടുകയോ തുമ്പി തുള്ളുകയോ തിരുവാതിര കളിക്കുകയോ എന്തും ചെയ്തോട്ടെ. സർക്കാർ ശമ്പളം പറ്റി ജോലി ചെയ്യേണ്ട സമയത്ത് അത്തരം കലാപരിപാടികൾ വേണ്ട എന്ന് പറയുന്നതിൽ എന്തു തെറ്റാണുള്ളത്?

മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ വിമർശിക്കാൻ രംഗത്തു വന്നത് ജീവനക്കാരുടെ പ്രതിനിധികളല്ല എന്നതാണ് ഏറ്റവും വിചിത്രവും അപകടകരവുമായ കാര്യം. ഓണത്തിന്റെയും പൂക്കളത്തിന്റെയും അവകാശികളാണെന്ന് നടിച്ചുകൊണ്ടാണ് വിമർശകർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലാ അല്ലലുകളും ഇല്ലായ്മകളും മറന്ന് നാലഞ്ചു ദിവസം മലയാളികൾ ആഘോഷിച്ചു തകർക്കുന്ന ദിവസങ്ങളാണ് ഓണക്കാലം. ഓണത്തിന്റെ ഉത്ഭവത്തിന്റെ പിന്നിലെ മതത്തിന്റെ സ്വാധീനവും ഐതിഹ്യങ്ങളുമൊക്കെ എന്തു തന്നെയായാലും മതാതീതമായ ദേശീയോത്സവമായി ഓണം മാറിയിട്ട് കാലം എത്രയോ കഴിഞ്ഞു. തൃക്കാക്കരയിലെ മതസ്വഭാവമുള്ള ചടങ്ങുകളും ഓണത്തപ്പനും (ഓണപ്പൊട്ടനും) മറ്റും കേരളീയ സമൂഹം കാര്യമായി എടുക്കുന്ന കാര്യങ്ങളല്ല. ഓണത്തിന്റെ കച്ചവടസാധ്യതകൾ പരമാവധി ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന മാധ്യമങ്ങളാണ് തൃക്കാക്കരയിലെ അത്തച്ചമയത്തിനൊക്കെ അമിതമായ പ്രാധാന്യം നൽകുന്നത്. അങ്ങനെ ആർക്കും കീശയിലാക്കാൻ കഴിയാത്ത തരത്തിൽ മലയാളി സ്വന്തമാക്കിയ ആഘോഷമാണ് ഓണം.

ഓണാഘോഷത്തിന്റെ പേരിൽ ഓഫീസ് സമയം ദുരുപയോഗപ്പെടുത്തരുതെന്ന് ജീവനക്കാരോട് ആവശ്യപ്പെടാൻ മുഖ്യമന്ത്രിയ്ക്ക് അവകാശമുണ്ട്. അതിന്റെ പേരിൽ മതവികാരം ഇളക്കിവിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് കേരള ജനതയെ മനസ്സിലായിട്ടില്ല. ഓണത്തെയും പൂക്കളത്തെയും മതവൽക്കരിക്കാൻ ശ്രമിക്കുന്നതിന്റെ അപകടം നന്നായി മനസ്സിലാക്കാൻ കഴിയുന്നവരാണ് മലയാളികൾ. ജനങ്ങളിൽ വിഭാഗീയതയുടെ വിത്ത് വിതച്ച് ലാഭം കൊയ്യാൻ ശ്രമിക്കുന്നവർ വേറേ മാർഗ്ഗം നോക്കുന്നതാണ് നല്ലത്. സർക്കാർ ഓഫീസുകളെ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്ക് തീർത്തും മതേതരമായ സ്വഭാവമാണ് ഉള്ളതെന്ന കാര്യത്തിൽ തർക്കമുള്ള അധികം ജീവനക്കാർ കേരളത്തിലുണ്ടാകില്ല. മത- രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവർ വിമർശനവുമായി മുമ്പോട്ട് പോകട്ടെ. അതിനുള്ള ഉത്തരം ജനങ്ങൾ നൽകും. ഓഫീസ് സമയത്ത് മറ്റു കലാപരിപാടികൾ വേണ്ടെന്നു വെയ്ക്കുക എന്ന മിനിമം സംഗതി ചെയ്‌താൽ മതി ജീവനക്കാർ.