പൊതുമുതല്‍ മോഷ്ടിക്കുക എന്ന ജന്മാവകാശം

#

മുന്‍മന്ത്രി കെ.ബാബു ബന്ധുക്കളുടെയും ബിനാമികളുടെയും പേരില്‍ സമ്പാദിച്ചു കൂട്ടിയ സ്വത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള പരാതികളും അതു സംബന്ധിച്ചുണ്ടായ ഫയലുകളും ഉന്നതപോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പൂഴ്ത്തുകയായിരുന്നു എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. മുന്‍ധനമന്ത്രി കെ.എം.മാണിയ്‌ക്കെതിരേ ഏതൊക്കെ കാര്യത്തിന് എന്തെല്ലാം അന്വേഷണമാണ് നടക്കുന്നതെന്ന് അദ്ദേഹത്തിന് പോലുമറിയില്ല. വന്‍തുക കൈക്കൂലി വാങ്ങി മാണി വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും വലിയ തോതിൽ നികുതി ഇളവുകള്‍ നല്‍കി. അത്യാവശ്യകാര്യങ്ങള്‍ നടത്താന്‍ പോലും സര്‍ക്കാര്‍, പണമില്ലാതെ ബുദ്ധിമുട്ടുന്നു എന്നു പറയുന്ന സംസ്ഥാനത്താണ് ഒരു മന്ത്രി ബജറ്റ് വിറ്റു ശതകോടികള്‍ ഉണ്ടാക്കിയത്. കഴിഞ്ഞ മന്ത്രിസഭയിലെ മിക്കവാറും എല്ലാ മന്ത്രിമാരും മത്സരിച്ച് പൊതു ഖജനാവ് കൊള്ളയടിക്കുകയായിരുന്നു.

പൊതു ഖജനാവ് കൊള്ളയടിച്ചവരെ നിയമത്തിന്റെ മുന്നില്‍ക്കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തി അഴിമതിയ്‌ക്കെതിരായി ശക്തമായ നീക്കങ്ങള്‍ ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. ജനങ്ങളുടെ നികുതിപ്പണമാണ് കൊള്ളയടിക്കപ്പെടുന്നത്. പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തതിനു ശേഷം ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി വന്നതോടെ അഴിമതിക്കേസുകളില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍. അഴിമതിയുടെ ഉറവിടങ്ങള്‍ കണ്ടെത്താനുള്ള വിജിലന്‍സിന്റെ ശ്രമങ്ങള്‍ക്ക് എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പിന്തുണയാണ് ആവശ്യം. ജനങ്ങളില്‍ ഭൂരിപക്ഷവും വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുമ്പോള്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പരിഭ്രാന്തരായി കലിയിളകി രംഗത്തെത്തിയിട്ടുണ്ട്.

ബാബുവിന്റെയും ബിനാമികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തുന്ന റെയ്ഡുകള്‍ പക പോക്കലാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. അഴിമതിക്കേസുകളില്‍ അന്വേഷണം നടത്തുന്നതിനെ നിയമപരമായി നേരിടുമെന്ന ഭീഷണിയും മുന്‍ മുഖ്യമന്ത്രി മുഴക്കിയിട്ടുണ്ട്. തുടക്കം മുതല്‍ കെ.എം.മാണിയെ പിന്തുണച്ചിരുന്ന ഉമ്മന്‍ചാണ്ടി, മാണി മുന്നണിയില്‍ നിന്നും പുറത്തു പോയിട്ടും തന്റെ പിന്തുണയുടെ കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല. അഴിമതിക്കാരെ എല്ലാവരെയും എന്തു വിലകൊടുത്തും സംരക്ഷിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപിതനയം. ആദര്‍ശം പറഞ്ഞ് അവസരം കളയരുത് എന്നതാണ് അദ്ദേഹത്തിന്റെ വിഖ്യാതമായ ആദര്‍ശം. ബാബുവിനെ പിന്തുണയ്ക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ തയ്യാറാകാത്തതിനെ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെ ഹസ്സന്‍ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. അതായത് ജനങ്ങളെ കൊള്ളയടിക്കുക എന്നത് അധികാരത്തിലെത്തുന്നവരുടെ ജന്മാവകാശമാണ്. അതില്‍ കൈ വെയ്ക്കാന്‍ ആരെയും അനുവദിക്കില്ല. അഴിമതിയെ ചോദ്യം ചെയ്യാന്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ ഉമ്മന്‍ചാണ്ടിയും ഹസ്സനും മുതല്‍ ആ ടൈപ്പിലുള്ള സകല രാഷട്രീയക്കാരും രംഗത്തുവരും. അഴിമതി ഞങ്ങളുടെ ജന്മാവകാശം എന്നതാണ് ഇക്കൂട്ടരുടെ പൊതു മുദ്രാവാക്യം.

കുളയട്ടകള്‍പ്പോലെ ജനങ്ങളുടെ കഴുത്തില്‍ കടിച്ചുതൂങ്ങുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും തൂത്തെറിയാന്‍ ജനങ്ങള്‍ മുന്നോട്ടുവരണം. നിയമസംവിധാനങ്ങളെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കി തങ്ങളുടെ കൊള്ള നിര്‍ബാധം തുടര്‍ന്നുകൊണ്ടു പോകാമെന്ന് കരുതുന്നവരെ കൈകാര്യം ചെയ്യാന്‍ ജനങ്ങള്‍ തയ്യാറായാലേ, അഴിമതി ചെയ്യുകയും അഴിമതിക്കാര്‍ക്ക് വേണ്ടി വക്കാലത്തെടുക്കുകയും ചെയ്യുന്നവരെ നിലയ്ക്കു നിര്‍ത്താന്‍ കഴിയൂ. അഴിമതിക്കേസുകളിലുണ്ടാകുന്ന അന്വേഷണങ്ങളെ കൃത്യമായി പിന്തുടരാനും അഴിമതിക്കാരെ ജനമദ്ധ്യത്ത് തുറന്നുകാട്ടാനും ജനങ്ങള്‍ക്ക് കഴിയണം. അഴിമതിക്കേസുകളില്‍ ഇപ്പോഴുണ്ടായിരിക്കുന്ന അന്വേഷണ പരമ്പര ഒരു അവസരമാണ്. ഈ അവസരം നൽകുന്ന സാധ്യത നഷ്ടപ്പെടാതിരിക്കാന്‍ നിതാന്തമായ ജാഗ്രത ആവശ്യമാണ്.