ബി.ജെ.പിയെയും സി.പി.എമ്മിനെയും വിമർശിച്ച് കനയ്യ

#

കൊൽക്കത്ത : ദേശവിരുദ്ധക്കുറ്റം ചെയ്തു എന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടതിനു ശേഷം ആദ്യമായി കൊൽക്കത്തയിലെത്തിയ എ.ഐ.എസ്.എഫ് നേതാവും ജെ.എൻ.യു. സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റുമായ കനയ്യകുമാറിന് നേരേ എ.ബി.വി.പി പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. സി.പി.ഐയുടെ വിദ്യാർത്ഥി-യുവജന സംഘടനകളായ എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും ചേർന്ന് സംഘടിപ്പിച്ച സ്വീകരണ യോഗത്തിലായിരുന്നു പ്രതിഷേധം. സമ്മേളനം നടന്ന മഹാജതി സദന് മുന്നിൽ ചീമുട്ടകളും ചുടുകട്ടകളുമായി കനയ്യകുമാറിന് നേരേ ആക്രമണത്തിനു ശ്രമിച്ച മുപ്പതോളം എ.ബി.വി.പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാർക്കെതിരേ ഒരു തരത്തിലും ബലം പ്രയോഗിക്കരുതെന്ന് സംഘാടകരോട് ആവശ്യപ്പെട്ട കനയ്യ, പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശത്തെ കായികമായി നേരിടുക തങ്ങളുടെ നയമല്ലെന്ന് വ്യക്തമാക്കി. ജയിൽവാസത്തിനു ശേഷം ആദ്യമായി നഗരത്തിലെത്തിയ വിദ്യാർത്ഥി നേതാവിന് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ വമ്പിച്ച വരവേൽപാണ്‌ നൽകിയത്.

നരേന്ദ്ര മോദി സർക്കാരിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ച കനയ്യ, നരേന്ദ്ര മോദിക്ക് ഡൊണാൾഡ് ട്രംപിനെക്കാൾ അല്പം വണ്ണം കുറവാണ് എന്നതു മാത്രമാണ് ട്രംപും മോദിയും തമ്മിലുള്ള വ്യത്യാസമെന്ന് പരിഹസിച്ചു. ബി.ജെ.പി രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് കറതീർന്ന വർഗ്ഗീയ ഫാഷിസമാണെന്നും ഫാഷിസത്തെ തോൽപിക്കാൻ ഇടതുപക്ഷത്തിന് സോഷ്യൽ ഡെമോക്രാറ്റുകളുമായി കൂട്ടുചേരേണ്ടി വരുമെന്നും അതിൽ തെറ്റില്ലെന്നും ബംഗാളിൽ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയെ സൂചിപ്പിച്ച് കനയ്യ പറഞ്ഞു. അധികാരത്തിനു വേണ്ടിയല്ല, ഫാഷിസ്റ്റുകളെ തോൽപ്പിക്കാനും സാമൂഹ്യമായ അനീതികൾ ഇല്ലാതാക്കാനുമാണ് ആ ഐക്യമെന്നും കനയ്യ കുമാർ ഓർമ്മിപ്പിച്ചു.

സിംഗൂർ ഒരു തെറ്റായിരുന്നു എന്ന്, വ്യവസായത്തിനുവേണ്ടി ദരിദ്ര കർഷകരിൽ നിന്ന് ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുത്ത ഇടതു സർക്കാർ നാപടിയെ വിമർശിക്കാനും കനയ്യ മറന്നില്ല. മോദിയുടേത് ഫാഷിസ്റ്റ് ഭരണമല്ല, ഏകാധിപത്യ സ്വഭാവമുള്ള സർക്കാർ മാത്രമാണെന്ന് അഭിപ്രായപ്പെട്ട സി.പി.എം നേതാവ് പ്രകാശ് കാരാട്ടിനെ രൂക്ഷമായ ഭാഷയിൽ കനയ്യ പരിഹസിച്ചു. സമരം ചെയ്യാൻ താൽപര്യമില്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിച്ച് ന്യൂയോർക്കിൽ സ്ഥിരതാമസമാക്കാൻ കാരാട്ടിനോട്, പേര് പറയാതെ, പരിഹാസരൂപേണ കനയ്യ ആവശ്യപ്പെട്ടു. ജെ.എൻ.യുവിൽ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നുകൊണ്ട് എസ്.എഫ്.ഐ- ഐസ മുന്നണിയെ പിന്തുണയ്ക്കാനുള്ള എ.ഐ.എസ്.എഫ് തീരുമാനം, ഇടതുപക്ഷ ഐക്യത്തിന് വേണ്ടിയുള്ള വലിയ ത്യാഗവും മഹത്തായ സന്ദേശവുമാണെന്ന് അവകാശപ്പെട്ട കനയ്യ, തങ്ങളുടെ പാത പിന്തുടരാൻ മറ്റു ഇടതു സംഘടനകളോട് അഭ്യർത്ഥിച്ചു.

അടച്ചിട്ട ആഡിറ്റോറിയങ്ങളിലല്ല, തെരുവുകളിൽ ജനമദ്ധ്യത്താണ് ഇടതുപക്ഷത്തിന്റെ നേതാക്കൾ നിൽക്കേണ്ടതെന്ന് പറഞ്ഞ കനയ്യ, ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ താൻ സജീവമായി പങ്കെടുക്കുമെന്ന് അറിയിച്ചു. എ.ഐ.എസ്.എഫ് ഉത്തർപ്രദേശ് സംസ്‌ഥാനക്കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ചായിരിക്കും പ്രവർത്തനം. ഫൈസാബാദ്, ലക്‌നൗ എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികൾക്ക് ഇതിനകം രൂപം നല്കിക്കഴിഞ്ഞു. ഫൈസാബാദ്, ഖോസി തുടങ്ങി സി.പി.ഐയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലായിരിക്കും കനയ്യയുടെ പ്രചാരണം കേന്ദ്രീകരിക്കുക എന്ന് എ.ഐ.എസ്.എഫ് വൃത്തങ്ങൾ സൂചന നൽകി.