കലര്‍പ്പില്ലാത്ത കലക്കന്‍ ചക്കപ്പഴം

#

മറുനാട്ടിലായാലും നമ്മുടെ നാടന്‍ ചക്കപ്പഴത്തിന്റെ രുചിയോര്‍ക്കാത്തവര്‍ ആരാണുളളത്? തൊടികളില്‍ പഴുത്തു വീഴുന്ന ചക്കപ്പഴം ഇന്നാര്‍ക്കും അത്ര പ്രിയമല്ലെങ്കിലും അന്യംനിന്നു പോകാതെ നമ്മുടെ കലര്‍പ്പേതുമില്ലാത്ത ചക്കപ്പഴത്തെ ഭക്ഷണ-ജീവിത ശൈലികള്‍ക്കൊപ്പം ചേര്‍ത്തു നിര്‍ത്തുന്ന ഒരുപാട് പേരുണ്ട് ഇന്നും. ചക്കപ്പഴത്തിലടങ്ങിയ വിറ്റാമിന്‍-എയടക്കമുളള ആന്റി ഓക്‌സിഡന്റുകള്‍ നേത്രാരോഗ്യത്തിന് പൂര്‍ണ്ണ സംരക്ഷണം തീര്‍ക്കുമ്പോള്‍ പഴത്തിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി ഹൃദയാരോഗ്യത്തിന് കവചമാകുന്നു. ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ചക്കപ്പഴം ഉത്തമമാണത്രെ. ചക്കപ്പഴത്തിലടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ ചര്‍മ്മത്തെ കാക്കുമ്പോള്‍ എല്ലിനും പല്ലിനുമൊക്കെ ഈ നാടന്‍ പഴം ആരോഗ്യവും ബലവും പ്രദാനം ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ സന്തുലനാവസ്ഥ നിലനിര്‍ത്താനും സഹായിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ചക്കപ്പഴത്തിന്റെ പ്രതാപത്തെ തിരിച്ചു പിടിക്കാന്‍ ഇന്ന് നമ്മുടെ നാട്ടിലെങ്ങും ചക്ക മഹോത്സവം തന്നെ കൊണ്ടാടുന്നുണ്ട്. അതെ, ഉത്തമാരോഗ്യത്തിന് നമ്മുടെ രുചിയോര്‍മ്മയില്‍ കാത്തുവയ്ക്കാം ചക്കപ്പഴത്തിന്റെ പാരമ്പര്യം.