തൊണ്ണൂറുകാരിയെ പീഡിപ്പിക്കുന്ന കേരളം

#

മാരകമായ ലൈംഗിക മനോരോഗത്തിന് അടിപ്പെട്ടവരുടെ നാടായി കേരളം മാറിയിരിക്കുന്നു. 90 വയസ്സുകാരിയായ ക്യാന്‍സര്‍ രോഗി പീഡനത്തിനിരയായി എന്ന വാര്‍ത്ത നമ്മുടെ സമൂഹം എത്തി നില്‍ക്കുന്ന ഭീകരാവസ്ഥയുടെ വ്യക്തമായ ചിത്രമാണ് നല്‍കുന്നത്.

ജനിച്ചു വീഴുന്ന കുഞ്ഞ് മുതല്‍ കയ്യോ കാലോ അനക്കാന്‍ കഴിയാത്ത തരത്തില്‍ അവശരായ നൂറു വയസ്സുകാരി വരെ, സ്ത്രീയായി പിറന്ന ഏതൊരാളും ഏതു നിമിഷവും പീഡിപ്പിക്കപ്പെട്ടേക്കാം എന്ന ഭയത്തിലാണ് ജീവിക്കുന്നത്. സ്ത്രീ സാക്ഷരതയിലും സ്ത്രീ വിദ്യാഭ്യാസത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം എന്നാണ് കേരളത്തിന്റെ അഭിമാനം. ഇത്ര ഭീകരമായ മനോരോഗം നമ്മുടെ നാടിനെ ബാധിക്കാനുള്ള കാരണം എന്താകാം?

കേരളം പോലെ, ഇത്ര കടുത്ത സദാചാരനിഷ്ഠ പുലര്‍ത്തുന്ന മറ്റൊരു സ്ഥലമുണ്ടാകില്ല. ഒരു സ്ത്രീയും പുരുഷനും ഒന്നിച്ച് ഒരു ലോഡ്ജില്‍ മുറി എടുക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത വിധം സദാചാര സംരക്ഷണം കടുകട്ടിയായി നടക്കുന്ന നാട്ടില്‍ സ്ത്രീകള്‍ക്ക് പ്രാണഭയമില്ലാതെ റോഡിലിറങ്ങാന്‍ കഴിയില്ല എന്നതിലെ വൈരുദ്ധ്യം തിരിച്ചറിയാന്‍ കഴിയണം. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കൊടുംകുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ചെലവാക്കുന്നതിനെക്കാള്‍ അധികം സമയവും ഊര്‍ജ്ജവും നമ്മുടെ പോലീസ് ചെലവഴിക്കുന്നത് സ്ത്രീകളും പുരുഷന്മാരും അനാശാസ്യത്തിലേര്‍പ്പെടുന്നുണ്ടോ എന്ന് കണ്ടുപിടിക്കാനാണ്.

എല്ലാ മതങ്ങള്‍ക്കും നല്ല വളക്കൂറുള്ള മണ്ണാണ് കേരളം. ആരാധനാലയങ്ങളും ആള്‍ദൈവങ്ങളും നിമിഷക്കണക്കിനാണ് വളരുന്നത്. എല്ലാവരും സദാചാരത്തിന്റെ സംരക്ഷകരും. സദാചാര സംരക്ഷണത്തിനുള്ള കേന്ദ്രങ്ങളും ആചാര്യന്മാരും ഇത്രയേറെ കൂടിയതിന്റെ പ്രശ്‌നമാകുമോ നമ്മള്‍ക്ക്?

കുട്ടികളെ പഠിപ്പിച്ച് പണമുണ്ടാക്കുന്ന യന്ത്രങ്ങളാക്കുക എന്ന സ്വപ്നം ഉപേക്ഷിച്ച്, മറ്റു മനുഷ്യരെ ആക്രമിക്കുന്ന ഭീകര ജീവികളാകാതെ, മറ്റു മനുഷ്യരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന  മനുഷ്യരായി വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് വീടുകളിലും സ്‌കൂളുകളിലും ഉണ്ടാകേണ്ടത്. എന്തായാലും, അതിഗുരുതരമായ രോഗം നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്നു എന്ന തിരിച്ചറിവ് നമുക്ക് ആദ്യം ഉണ്ടാകണം. രോഗമുണ്ടെന്ന തിരിച്ചറിവാണ് രോഗ ചികിത്സയ്ക്ക് ആദ്യത്തെ ആവശ്യം.