ബലാൽസംഗ കവിത ; വിശദീകരണവുമായി ജോൺ ബ്രിട്ടാസ്

#

വിവാദമായ ബലാൽസംഗ കവിത വിഷയത്തിൽ വിശദീകരണവുമായി കൈരളി ചാനൽ എം.ഡി ജോൺ ബ്രിട്ടാസ്. സാം മാത്യു ആലപിച്ച കവിതയ്ക്ക് ആലാപനത്തിനുള്ള സാധാരണ പ്രോത്സാഹനം മാത്രമാണ് നൽകിയതെന്നും ഉള്ളടക്കത്തിനുള്ള പ്രോത്സാഹനമാണെന്ന വാദം ശരിയല്ലെന്നും ജോൺ ബ്രിട്ടാസ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രസ്തുത കവിതയുടെ ഉള്ളടക്കത്തോട് തനിക്ക് തികഞ്ഞ വിയോജിപ്പാണ് ഉള്ളതെന്നും ബ്രിട്ടാസ് പറയുന്നു. ക്യാമ്പസുകളിൽ നഷ്ടപ്പെടുന്ന സർഗാത്മകതയുടെ സൗരഭ്യം തിരിച്ചുപിടിക്കാൻ സഖാവ് പോലുള്ള കവിതകൾ സൃഷ്ടിക്കുന്ന അനുരണനങ്ങളും അനുഭൂതിയും സഹായിക്കുമെന്ന് കരുതിയാണ് സാധാരണ നിലയിൽ ഒരു ടിവി ഷോയിൽ വരാനിടയില്ലാത്ത മൂന്ന് വിദ്യാർത്ഥികളെ ജെ.ബി ജംഗ്‌ഷൻ എന്ന പരിപാടിയിൽ കൊണ്ട് വന്നതെന്നാണ് ബ്രിട്ടാസ് പോസ്റ്റിൽ പറയുന്നത്. ഒരു ഷോയുടെ എഡിറ്റിംഗിലും മറ്റും സംഭവിക്കുന്ന കാര്യങ്ങൾകൊണ്ട് അങ്ങിനെ ഒരു പ്രതീതി സൃഷ്ടിക്കപ്പെട്ടതായിരിക്കാമെന്നും ബ്രിട്ടാസ് വാദിക്കുന്നു. കാൽനൂറ്റാണ്ട് പിന്നിട്ട മാധ്യമപ്രവർത്തനത്തിൽ സ്ത്രീപക്ഷ നിലപാടുകളാണ് എക്കാലത്തും താൻ സ്വീകരിച്ചിട്ടുള്ളതെന്നും ബ്രിട്ടാസ് പോസ്റ്റിൽ പറയുന്നുണ്ട്.

സാം എന്ന കവിയേയും അയാളുടെ കവിതയേയും വിലയിരുത്തേണ്ടത് ആസ്വാദന ക്ഷമതയുള്ള പ്രേക്ഷകരാണ്. അവർ വിധിയെഴുതട്ടെ. ഒരു തരത്തിലുള്ള സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന സംസ്‌കാരമല്ല എന്റേതെന്ന് അടിവരയിട്ടുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്. ജെ.ബി. ജംഗ്ഷന്റെ സ്വഭാവത്തെക്കുറിച്ചും അവതരണരീതിയെയും കുറിച്ചുള്ള പരാമർശങ്ങളോട് പ്രതികരിക്കുന്നതിൽ അർത്ഥമില്ല. ഒരു വിനോദ പരിപാടി മാത്രമാണ് ജെ.ബി. ജംഗ്ഷൻ. അതിൽ നർമ്മവും തമാശയും ചെറിയ വർത്തമാനവും ഒക്കെയുണ്ട്. എന്തെങ്കിലും ഗൗരവമായ വിഷയം അപഗ്രഥിക്കാനുള്ള വേദിയല്ല അത്. കുറിപ്പിൽ പറയുന്നു. ജെ.ബി. ജംഗ്ഷൻ സഖാവ് എപ്പിസോഡിലെ ചില കാര്യങ്ങളെ മാത്രം അടർത്തിയെടുത്തു വിവാദമാക്കിയ സ്ഥിതിക്ക് അവയോട് വിടപറഞ്ഞ് എന്തിനുവേണ്ടിയാണോ ആ ഷോ ചെയ്തത് അതിൽ അടിവരയിടാൻ, സംക്ഷിപ്ത രൂപത്തിൽ ആ എപ്പിസോഡ് സെപ്റ്റംബർ 25 ഞായറാഴ്ച വീണ്ടും പ്രക്ഷേപണം ചെയ്യുമെന്നും ബ്രിട്ടാസ് വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ സഖാവ് എന്ന കവിതയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങളാണ് ബ്രിട്ടാസ് അതരിപ്പിക്കുന്ന കൈരളി ടിവിയിലെ ജെബി ജംഗ്‌ഷൻ എന്ന ഷോയിൽ ചർച്ച ചെയ്തത്. ഈ ഷോയിൽ വെച്ചാണ് സഖാവ് എന്ന കവിത എഴുതിയെന്നവകാശപ്പെടുന്ന സാം മാത്യു പടർപ്പ് എന്ന സ്വന്തം കവിത ആലപിച്ചത്. ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി, തന്റെ ഉള്ളിലൊരു ബീജം തന്ന ആ പുരുഷനെ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു. എപ്പോഴും ദേഷ്യമാണല്ലോ തോന്നുന്നത്. സ്നേഹം ഒരു പ്രതികാരമാകുന്ന ഘട്ടം. തന്റെ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അവള്‍ പറയുന്നതാണ് കവിത ഇങ്ങനെയാണ് കവിതയെ കുറിച്ച് സാം വിശേഷിപ്പിച്ചത്. ഇതൊക്കെ വിചാരിച്ചിട്ട് നീ ബലാല്‍സംഗം ചെയ്യാന്‍ പോയേക്കരുത് കേട്ടോ എന്ന ഉപദേശം ബ്രിട്ടാസ് നൽകുകയും ചെയ്തു. എന്നാൽ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ കവിത പുറത്ത് വന്നതോടെ കവിതയെഴുതിയ സാമിനും അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ ജോൺ ബ്രിട്ടാസിനുമെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയരുകയായിരുന്നു. ബ്രിട്ടാസ് മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും കൈരളിയില്‍ നിന്നും ഈ ജനത പ്രതീക്ഷിക്കുന്നു. എന്നാണ് സംവിധായകൻ ആഷിഖ് അബു ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഈ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടാസിന്റെ കുറിപ്പ്.