ബലാൽസംഗം : ബ്രിട്ടാസ് പ്രതിരോധത്തിൽ

#

കൈരളി ചാനലിലെ ജെ.ബി.ജംഗ്‌ഷൻ എന്ന പരിപാടിയിൽ ബലാൽസംഗത്തെ നിസ്സാരമായി കാണുന്ന തരത്തിൽ ലാഘവബുദ്ധിയോടെ സംസാരിച്ചതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ, കാതലായ പ്രശ്നത്തിന് മറുപടി പറയാതെ , പ്രധാന വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ബ്രിട്ടാസിന്റെ ശ്രമം. ബലാൽസംഗത്തിന് ഇരയാകുന്ന പെൺകുട്ടി ബലാൽസംഗം ചെയ്യുന്ന ആളിനെ പ്രേമിക്കുന്നത് വിഷയമാക്കിയുള്ള കവിത അവതരിപ്പിച്ച സാം മാത്യുവിനെ അഭിനന്ദിക്കുന്ന രീതിയിൽ സംസാരിക്കുകയും, ഇത് വിചാരിച്ച് ബലാൽസംഗം ചെയ്യാനൊന്നും പോയേക്കരുത് എന്ന് തമാശ പറയുകയും ചെയ്ത ജോൺ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ആയി തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്ന അഭിപ്രായം സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമാണ്. ജനങ്ങളുടെ ഇടയിലെ അഭിപ്രായം സാമൂഹ്യ മാധ്യമങ്ങളിലൂടെ ശക്തി പ്രാപിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് സ്ഥാനം എം.കെ.ദാമോദരന് തിരസ്കരിക്കേണ്ടി വന്നതിന് സമാനമായ രീതിയിലുള്ള പ്രതിഷേധമാണ് ജോൺ ബ്രിട്ടാസിന് എതിരേയുമുണ്ടാകുന്നത്.

ബലാൽസംഗ കവിതയുമായി ബന്ധപ്പെട്ട പരിപാടിയെക്കുറിച്ചുള്ള ചർച്ച, ബ്രിട്ടാസിന്റെ ജെ.ബി.ജംഗ്‌ഷൻ എന്ന പരിപാടിയെക്കുറിച്ചുള്ള ശക്തമായ വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. ഈ പരിപാടി പൂർണ്ണമായും സ്ത്രീ വിരുദ്ധമാണെന്ന വിമർശനമാണ് ഉയരുന്നത്. അതിഥികളായെത്തുന്ന സ്ത്രീകളായ പ്രശസ്ത വ്യക്തികളുടെ വ്യക്തിജീവിതത്തിലേക്കും സ്വകാര്യതകളിലേക്കും അശ്ലീല മനോഭാവത്തോടെ കടന്നുകയറുകയും തരംതാണ പരാമർശങ്ങൾ നടത്തുകയും ചെയ്യുക ബ്രിട്ടാസിന്റെ പരിപാടിയുടെ സ്ഥിരം പതിവാണെന്ന് ഉദാഹരണങ്ങൾ സഹിതം സാമൂഹ്യ മാധ്യമങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. കാതലായ വിമർശനങ്ങൾക്ക് മറുപടി പറയാൻ ബ്രിട്ടാസ്, തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ തയ്യാറായിട്ടില്ല. ജെ.ബി. ജംഗ്ഷനിൽനിന്ന് ഇന്നേവരെ ഒരു അതിഥിയും നീരസത്തോടെയോ വിമ്മിഷ്ടത്തോടെയോ മടങ്ങിയിട്ടില്ലെന്ന് എഫ് ബി പോസ്റ്റിൽ ബ്രിട്ടാസ് അവകാശപ്പെടുന്നു. പരിപാടിയിൽ പ്രകടമാകുന്ന സ്ത്രീവിരുദ്ധതയെയും അശ്ലീല വാസനയെയും കുറിച്ചുള്ള വിമർശനങ്ങൾക്ക്, ഒരു തരത്തിലുള്ള സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന സംസ്‌കാരമല്ല തന്റേതെന്ന് ഒഴുക്കൻ മട്ടിൽ പറയുക മാത്രമാണ് ബ്രിട്ടാസിന്റെ മറുപടി. ബ്രിട്ടാസ്, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സ്ഥാനം സ്വയം ഒഴിഞ്ഞില്ലെങ്കിൽ, മാധ്യമ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ബ്രിട്ടാസിനെ മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഈ പ്രശ്നം ഉന്നയിക്കുന്നവർ ആവശ്യപ്പെടുന്നത്.