ബ്രിട്ടാസ് ; പാർട്ടി ജാഗ്രത പാലിക്കണം : ഷീബ അമീർ

#

ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനലില്‍ പ്രധാന സമയത്ത് സംപ്രേഷണം ചെയ്യപ്പെടുന്ന  ഒരു പരിപാടിക്ക് അല്പം കൂടി വകതിരിവുള്ളവരെ അവതാരകരായി ചുമതലയേല്‍പ്പിക്കുന്നതാണ് ഉത്തമമെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഷീബ അമീര്‍ അഭിപ്രായപ്പെട്ടു. ബലാത്സംഗത്തെ നിസാരവത്ക്കരിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകനും മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരേ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ. ജോണ്‍ ബ്രിട്ടാസിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ  ഷീബ നിശിതമായി വിമർശിച്ചു. സ്വയം ഒരു സെലിബ്രിറ്റി ആയി ധരിച്ച് ആ ധാര്‍ഷ്ട്യത്തിലാണ് ബ്രിട്ടാസ് ജെ.ബി.ജംഗ്ഷനിലെത്തുന്നവരുമായി ഇടപഴകുന്നത്. സ്വയം സൃഷ്ടിച്ച പുകമറയ്ക്കുള്ളിലിരുന്ന് ഒരു മൂന്നാംകിട സീരിയൽ താരത്തിന്റെ ശൈലിയിൽ പെരുമാറുന്ന  ബ്രിട്ടാസിന്റെ ഭാഗത്ത് നിന്ന് ഇതിലും വലിയ അബദ്ധങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളെന്ന് ഷീബാ അമീര്‍ പറഞ്ഞു.

താരങ്ങളുമായി സല്ലപിച്ചിരിക്കുന്ന ലാഘവത്തോടെയാണ് ബ്രിട്ടാസ് ബലാത്സംഗത്തെ നോക്കിക്കണ്ടത്.  സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇത്തരത്തില്‍ പെരുമാറുമായിരുന്നില്ല. സ്ത്രീയ്ക്ക് നേരേയുള്ള ഏറ്റവും ക്രൂരമായ ആക്രമണത്തെ രസികന്‍ ചര്‍ച്ചയാക്കിയപ്പോള്‍ ജെ.ബി ജംഗ്ഷന്‍ എന്ന പേരിനൊപ്പം ഒരു പ്രത്യേക വിനോദപരിപാടി എന്ന ലേബല്‍ കൂടിയാകാമായിരുന്നുവെന്ന് ഷീബ പരിഹസിച്ചു. കടുത്ത സ്ത്രീ വിരുദ്ധതയാണ് സാം മാത്യുവിന്റെ കവിത . പെണ്‍മനസ്സിലൂടെ പോയി കവിതയെഴുതിയെന്ന് സാം പറയുന്നത്  തീര്‍ത്തും അസംബന്ധം ആണെന്നും പെണ്ണിനെ മസ്സിലാക്കാത്ത ഒരു പുരുഷന്റെ കവിതയായി മാത്രമേ ഇതിനെ കാണാനാവുകയുള്ളൂ എന്നും ഷീബ പറഞ്ഞു. സഭ്യതയില്ലാത്ത ആണ്‍മനസ്സിന്റ ഉടമയാണ് സാം. അതല്ലായിരുന്നെങ്കില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അനുഭവത്തെ സ്ത്രീവിരുദ്ധമായി ചിത്രീകരിച്ച് ഇത്തരം ഒരു നിസ്സാര കവിതയ്ക്ക് വിഷയമാക്കി പൊതുസഭയില്‍ ചര്‍ച്ചയ്ക്ക് എടുക്കില്ലായിരുന്നു. അതിന് കൂട്ടുനിന്ന് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ ബ്രിട്ടാസിനെ പോലൊരു മാധ്യമപ്രവര്‍ത്തകന്‍ തുനിഞ്ഞു എന്നത് ഗൗരവത്തോടെ കാണണം. പെണ്ണിനെ അപഹാസ്യയാക്കി അവതരിപ്പിച്ച ഇത്തരം ഒരു ചര്‍ച്ചയില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നത് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാതെയാണെന്ന് ഷീബാ അമീര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്‌നങ്ങളില്‍ കുട്ടികളുടെ വകതിരിവ് നഷ്ടപ്പെട്ടു പോകുന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് അവര്‍ പറഞ്ഞു.

പാര്‍ട്ടി ചാനല്‍ എന്നത് ജനങ്ങളുമായി പാർട്ടിക്ക് സമ്പര്‍ക്കത്തിനുള്ള മാധ്യമമാണ്. പ്രത്യേകിച്ച് ഭരണപക്ഷത്തുള്ള പാര്‍ട്ടിയുടെ ചാനലില്‍ നിന്ന് പുറത്തുവരുന്ന ഓരോ പരിപാടിയും ജനങ്ങള്‍ ഏറെ താല്പര്യത്തോടെയാണ് വീക്ഷിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ  ഈ വക പരിപാടികള്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ പാര്‍ട്ടി ജാഗ്രത പാലിക്കേണ്ടതുണ്ട്. പാർട്ടി ചാനലിന്റെ മേധാവി ചാനലിൽ ഇരുന്ന് പറയുന്ന വാക്കുകൾ ജോൺ ബ്രിട്ടാസിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളായല്ല, പാർട്ടിയുടെ നിലപാടായാണ് ജനങ്ങൾ മനസ്സിലാക്കുക.  ബലാത്സംഗത്തിന്മേലുള്ള പാര്‍ട്ടിയുടെ നിലപാടാണ് ബ്രിട്ടാസിന്റെ ചര്‍ച്ചയില്‍ ഹാസ്യരൂപേണ വലിച്ചിഴക്കപ്പെട്ടതെന്ന് കരുതേണ്ടിയിരിക്കുന്നു. സ്ത്രീകളുടെ ജീവിതത്തിന് ഭരിക്കുന്ന സര്‍ക്കാരും ഇത്രമാത്രമേ വില കല്പിക്കുന്നുള്ളൂ എന്നാണ് പാര്‍ട്ടി ചാനലിന്റെ മേധാവിയുടെ വിടുവായത്തത്തിലൂടെ വ്യക്തമാകുന്നതെന്നും ഷീബ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പറഞ്ഞു.