കറ്റാര്‍വാഴയുടെ നാച്ചുറല്‍ എഫക്ട്

#

ഉഷ്ണം ഏറുമ്പോള്‍ ആര്‍ക്കാണ് ദാഹിക്കാത്തത് അല്ലേ? എന്നാല്‍ ഒരു ഗ്ലാസ് വെളളമായാലോ എന്ന് എല്ലാവരും ചിന്തിക്കും. എന്നാല്‍പ്പിന്നെ വെറും വെളളമാക്കേണ്ട. തൊടിയരികിലും മുറ്റത്തും തണുത്ത് തളിര്‍ത്ത് നില്‍ക്കുന്ന കറ്റാര്‍ വാഴ പോളയുടെ നല്ല ജ്യൂസായാലോ? സംഗതി പ്രകൃതിദത്തമായ പരമാര്‍ത്ഥം തന്നെ. കാരണം, കറ്റാര്‍ വാഴയിലടങ്ങിയിരിക്കുന്ന നൂറ് ശതമാനം ജലാംശമടങ്ങിയ ദ്രാവകം പോഷകങ്ങളുടെ സമ്പൂര്‍ണ്ണ കലവറയാണ്. ആരോഗ്യത്തിന് ഗുണകരമായ കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ്, വൈറ്റമിനുകള്‍, മിനറലുകള്‍, സാലിസിലിക് ആസിഡ് എന്നിവയുടെയെല്ലാം സമ്പൂര്‍ണ്ണതയുണ്ട് അലോവെറ അഥവാ നമ്മുടെ കറ്റാര്‍ വാഴയില്‍. ശരീരത്തിലുണ്ടാകുന്ന കോശങ്ങളുടെ നാശം തടയാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കറ്റാര്‍ വാഴയ്ക്കാകുന്നു. പ്രമേഹത്തിനെതിരെ പടപൊരുതാന്‍ കറ്റാര്‍ വാഴ മിടുക്കനാണ്. കറ്റാര്‍ വാഴയുടെ നല്ല അത്യുഗ്രന്‍ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് ഉള്‍പ്പെടുത്തിയാല്‍ പിന്നെ കൊളസ്‌ട്രോൾ ആ പരിസരത്ത് പോലും അടുക്കില്ല.

കറ്റാര്‍ വാഴയുടെ പോള ചീന്തിയെടുത്ത് അതിലെ സമ്പുഷ്ടമായ കൊഴുത്ത ദ്രാവകം മൗത്ത് വാഷായി ഉപയോഗിച്ചാല്‍ വായ്‌നാറ്റം പമ്പകടക്കും. കണ്ണിനും കരുത്തേകുന്നു നമ്മുടെ കറ്റാര്‍ വാഴ. കണ്ണിന്റെ ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റാന്‍ ഇതിന്റെ ജെല്ലെടുത്ത് കണ്ണ് കഴുകിയാല്‍ മതി. കറ്റാര്‍ വാഴയെ കുറിച്ച് പറയുമ്പോള്‍ തന്നെ മനസിലേയ്ക്ക് ഓടിയെത്തുന്ന ഒന്നാണ് കേശ സംരക്ഷണവും ചര്‍മ്മ സംരക്ഷണവും. ചുക്ക്  ചേരാത്ത കഷായമുണ്ടോന്ന് ചോദിക്കുന്നതു പോലെയാകും ഇത്. കാരണം യുവത്വം തുളുമ്പുന്ന ചര്‍മ്മത്തിനും ആരും കൊതിക്കുന്ന കേശഭാരത്തിനും കറ്റാര്‍ വാഴ തന്നെ സന്തത സഹചാരി എന്നതില്‍ സംശയമേയില്ല. ഇത്തിരി മെനക്കെട്ടാല്‍ ഒത്തിരി ഗുണം തരും നമ്മുടെ പറമ്പിലെ ഈ അമൂല്യ കലവറ.