അഴിമതി : സുഗതകുമാരി ആരോപണങ്ങളെ നേരിടാത്തത് എന്തുകൊണ്ട്?

#

താനുമായി ബന്ധപ്പെട്ട അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ സുഗതകുമാരി ഒരിക്കലും തയ്യാറായിട്ടില്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴുതിമാറാനും ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മറുപടി പറയാനുമാണ് അവര്‍ എപ്പോഴും ശ്രമിക്കുക. ഏറ്റവും ഒടുവില്‍ മാതൃഭൂമി ഓണപ്പതിപ്പിലെ അഭിമുഖത്തിലും അവര്‍ അതുതന്നെ ആവര്‍ത്തിച്ചിരിക്കുന്നു. സുഗതകുമാരിയോടാകുമ്പോള്‍, ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ എന്തോ അപരാധം ചെയ്തു എന്ന മുന്‍വിധിയോടെ, ആരോപങ്ങള്‍ ഉന്നയിക്കുന്നവരുടെ ചേതോവികാരമെന്താണെന്ന അന്വേഷണമാണ് ചോദ്യകര്‍ത്താക്കളില്‍ നിന്നുണ്ടാകുക. എന്തിനെന്നറിയില്ല, കുറച്ചു പേര്‍ തന്നെ ഇങ്ങനെ  വേട്ടയാടുകയാണ് എന്ന നെടുവീര്‍പ്പാണ് സുഗതകുമാരിയുടെ മറുപടി. തന്നെ വിമര്‍ശിക്കുന്നതും തനിക്ക് എതിരേ ആരോപണങ്ങളുന്നയിക്കുന്നതും ഒരു തരം ദൈവനിന്ദയാണെന്ന രീതിയിലാണ് സുഗതകുമാരിയുടെ പ്രതികരണങ്ങള്‍. ചോദ്യകര്‍ത്താക്കളാകട്ടെ, ടീച്ചര്‍ക്കെതിരേ പോലും ആരോപണങ്ങളുന്നയിക്കാന്‍ ആളുകളുണ്ടാകുന്നു എന്ന വേദന പങ്കു വെയ്ക്കുകയാണ് അഭിമുഖങ്ങളില്‍ ചെയ്യുക.

മാതൃഭൂമി ഓണപ്പതിപ്പിലെ ചോദ്യകര്‍ത്താവ്, ആരോപണങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍, ഏതോ പ്രോജക്ടില്‍ വനം വകുപ്പിന്റെ പണം താന്‍ തട്ടിയെടുത്തു എന്ന് ആരോപണമുണ്ടായി എന്നാണ് സുഗതകുമാരി പറയുന്നത്. അഭയയില്‍ കൊലപാതകവും ബലാത്സംഗവും നടക്കുന്നു എന്ന് ആരോപണങ്ങളുണ്ടായതായും അവര്‍ പറയുന്നു. സുഗതകുമാരി, കൊലപാതകവും ബലാത്സംഗവും നടത്തി എന്ന് ആരോപണമുണ്ടായി എന്ന രീതിയില്‍ ആരോപണങ്ങളെ നിസ്സാരമാക്കി തള്ളുകയാണ് അവര്‍.

യഥാര്‍ത്ഥത്തില്‍ സുഗതകുമാരിക്കെതിരേ ഉണ്ടായിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് അവര്‍ ഒരക്ഷരം മിണ്ടുന്നില്ല. അഭയ ഉള്‍പ്പെടെ, അശരണരായ സ്ത്രീകളുടെയും ലഹരി വിമുക്തരുടെയും 
മാനസിക രോഗികളുടെയും പുനരധിവാസത്തിനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടക്കുന്ന വന്‍ തോതിലുള്ള ഫണ്ട് തിരിമറികളെക്കുറിച്ച് അവര്‍ ഒന്നും പറയാന്‍ തയ്യാറാകുന്നില്ല. പൊതു ട്രസ്റ്റുകള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച നിയമാവലിയില്‍ പറയുന്ന വ്യവസ്ഥകള്‍ ലംഘിച്ച് കുടുംബാംഗങ്ങളെ കുത്തി നിറച്ച് സ്ഥാപനങ്ങളുടെ ഭരണസമിതി രൂപീകരിച്ചതിനെക്കുറിച്ച് സുഗതകുമാരി മൗനം പാലിക്കുന്നു. ട്രസ്റ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം മകളെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന ശമ്പളം പറ്റുന്ന സ്ഥാനത്ത് അവരോധിച്ചതിനെക്കുറിച്ച് സുഗതകുമാരിക്ക് ഒന്നും പറയാനില്ല.

അഭയയും മറ്റ് സ്ഥാപനങ്ങളും തന്നിഷ്ടം പോലെ കൊണ്ട് നടക്കുകയും വരവ് ചെലവ് കണക്കുകള്‍ ഭരണസമിതി അംഗങ്ങളെപ്പോലും ബോധ്യപ്പെടുത്താതിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് സുഗതകുമാരിക്ക് എന്താണ് പറയാനുള്ളത്? കെ.വി.സുരേന്ദ്രനാഥ് മുതല്‍ ഡോ.പി.കെ.രാധാകൃഷ്ണപിള്ള വരെയുള്ള എല്ലാ പ്രസിഡന്റുമാരും അഭയയില്‍ നിന്ന് രാജിവെച്ചത് എന്തിനാണെന്ന് വിശദീകരിക്കാന്‍ സുഗതകുമാരിക്ക് കഴിയുമോ? ഇന്ദിരാ ദേവി മുതലുള്ള എല്ലാ ട്രഷറര്‍മാരും രാജിവെച്ചത് എന്തുകൊണ്ടാണ്? വാഹനങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള അനാവശ്യച്ചെലവുകളും ധൂര്‍ത്തും ചോദ്യം ചെയ്ത ഭരണസമിതി അംഗങ്ങള്‍ രാജി വെച്ചൊഴിയുകയോ അതിന് തയ്യാറാകാത്തവരെ പുറത്താക്കുകയോ ചെയ്തതെന്തിനാണ്?

സുഗതകുമാരി കൊലപാതകമോ ബലാത്സംഗമോ നടത്തി എന്ന് ആരും ആരോപിച്ചിട്ടില്ല. പക്ഷേ, അഭയയിലും മറ്റു സ്ഥാപനങ്ങളിലും നടന്ന അനാശാസ്യമായ കാര്യങ്ങള്‍ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിനു പകരം മറച്ചു പിടിക്കാനും മൂടിവെയ്ക്കാനും ശ്രമിച്ചു എന്നതാണ് സുഗതകുമാരിക്ക് നേരേ ഉയര്‍ന്ന ആരോപണം. ധാരാളം സാധാരണ വ്യക്തികള്‍ ഇത്തരത്തില്‍ സാമ്പത്തിക അഴിമതികളും സാമൂഹ്യ കുറ്റങ്ങളും ചെയ്യാറുണ്ട്. സമൂഹത്തില്‍ വിലയും നിലയുമുള്ളവര്‍ ആദര്‍ശത്തിന്റെ മേലങ്കിയണിഞ്ഞ് നടത്തുന്ന തട്ടിപ്പുകള്‍ മറ്റുള്ളവരുടെ അഴിമതികളും തട്ടിപ്പും പോലെയല്ല. സുഗതകുമാരിയെ ദിവ്യയും ലോകോദ്ധാരണത്തിന് ഇറങ്ങിത്തിരിച്ച മഹതിയുമായി ചിത്രീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ അവരുടെ തനിനിറം മനസ്സിലാക്കണം.