തിരുവനന്തപുരത്ത് നാളെ ഹർത്താൽ

#

തിരുവനന്തപുരം : നാളെ (സെപ്റ്റംബർ 28) തിരുവനന്തപുരം ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ. യൂത്ത് കോൺഗ്രസ്സ് മാർച്ചിന് നേർക്കുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. സ്വാശ്രയ പ്രശ്നത്തിൽ യൂത്ത് കോൺഗ്രസ്സ് നടത്തിയ സമരം സംഘർഷത്തിൽ കലാശിക്കുകയും സംസ്ഥാന നേതാക്കൾ അടക്കം നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഹർത്താൽ നടത്തണമെന്ന തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അഭ്യർത്ഥന യു.ഡി.എഫ് സംസ്ഥാന നേതൃത്വം അംഗീകരിക്കുകയായിരുന്നു. അടിയന്തിര യു.ഡി.എഫ് യോഗം ചേർന്നാണ് തിരുവനതപുരം ജില്ലയിൽ ഹർത്താൽ നടത്താൻ തീരുമാനം എടുത്തത്. സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും അത് വേണ്ടെന്നായിരുന്നു പൊതുവെയുള്ള വികാരം.

സ്വാശ്രയ ഫീസ് വർദ്ധനയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് നടത്തുന്ന നിരാഹാരസമര പന്തലിനു നേർക്കും പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിരാഹാര സമരത്തിലായിരുന്ന ഡീൻ കുര്യാക്കോസ്, സി.ആർ.മഹേഷ് എന്നിവർക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സ്വാശ്രയ സമരം യു.ഡി.എഫ് ഏറ്റെടുക്കാനും ആലോചനയുണ്ട്. സമരം നിയമസഭയിലേക്ക് മാറ്റുന്നതിനെക്കുറിച്ചും ഷാഫി പറമ്പിലും ഹൈബി ഈഡനും നിയമസഭയ്ക്കകത്ത് സത്യഗ്രഹം ആരംഭിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.