പി.ജയരാജനെ തിരുത്തി പാര്‍ട്ടി

#

തിരുവനന്തപുരം : പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി സ്റ്റേഷന്‍ വരാന്തയില്‍ മൈക്ക്  വച്ച് പ്രസംഗിച്ച സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പാര്‍ട്ടിയുടെ ശാസന. ബി.എം.എസ് പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നന്ദകുമാറിനെതിരെ കാപ്പ നിയമം ചുമത്തിയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പയ്യനൂര്‍ സ്റ്റേഷനിലേയ്ക്ക് സി.പി.എം നടത്തിയ മാര്‍ച്ചിനിടയിലാണ് ജയരാജന്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി സ്റ്റേഷന്‍ വരാന്തയില്‍ മൈക്ക്  വച്ച് പ്രസംഗിച്ചത്.

സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യത്തിൽ ജയരാജന് എതിരേ വിമർശനമുണ്ടായി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജയരാജനെപ്പോലൊരു നേതാവ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത് ശരിയായില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി അഭിപ്രായപ്പെടുകയുണ്ടായി. പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ പോലീസ് നടപടികളില്‍ എന്തെങ്കിലും പ്രതിഷേധമുണ്ടെങ്കില്‍ പാര്‍ട്ടിക്കുളളിലോ സര്‍ക്കാരിലോ വേണം ആദ്യം ഇക്കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടതെന്ന് കോടിയേരി ഓർമ്മിപ്പിച്ചു. എന്നാല്‍ പാർട്ടി പ്രവര്‍ത്തകനെതിരെ കാപ്പ ചുമത്തിയതിനാണ് സമരം നടത്തിയതെന്നും പാര്‍ട്ടി പ്രതിപക്ഷത്തിലിരിക്കുമ്പോഴും അന്യായമായ കാപ്പ ചുമത്തലിനെതിരെ സമരം സംഘടിപ്പിച്ചിട്ടുണ്ടെന്നും പി.ജയരാജന്‍ പ്രതികരിച്ചു. തന്റെ നടപടി തെറ്റായിപ്പോയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പാര്‍ട്ടി സെക്രട്ടറിയുടെ തിരുത്ത് അംഗീകരിക്കുന്നുവെന്നും സംസ്ഥാന സമിതിയിൽ ജയരാജന്‍ പറഞ്ഞു.