സ്വാശ്രയകോളേജ് സമരം : വിഡ്‌ഢികളാകുന്നത് ജനങ്ങൾ

#

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം എങ്ങുമെത്തുന്ന ലക്ഷണമില്ല. ഇത്തവണ സ്വാശ്രയ മെഡിക്കൽ കോളേജുകൾ സർക്കാരുമായി ചർച്ച ചെയ്ത് നിശ്ചയിച്ച ഫീസുകൾ അമിതമാണെന്നും അത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കോടതി ഉത്തരവുകൾ സൃഷ്ടിച്ചിട്ടുള്ള പരിമിതികൾക്കുള്ളിൽനിന്ന് സാധ്യമായ ഏറ്റവും നല്ല കരാറാണ് ഉണ്ടാക്കിയിട്ടുള്ളതെന്നാണ് സർക്കാരിന്റെ നിലപാട്. ഫീസിൽ വർധനയുണ്ടായെങ്കിലും തലവരിപ്പണം പൂർണ്ണമായും ഇല്ലാതാക്കാൻ കഴിഞ്ഞു എന്ന് സർക്കാർ അവകാശപ്പെടുന്നു. തലവരിപ്പണം ഇല്ലാതാക്കി എന്ന അവകാശവാദം തള്ളിക്കളയുന്ന യു.ഡി.എഫ്, വർദ്ധിപ്പിച്ച ഫീസ് കുറയ്ക്കാതെ സമരത്തിൽനിന്ന് പിന്മാറില്ല എന്നാണ് ആവർത്തിച്ചു പറയുന്നത്.

സമരം തുടങ്ങിക്കഴിഞ്ഞ പ്രതിപക്ഷം എങ്ങനെ അത് അവസാനിപ്പിക്കണമെന്നറിയാതെ ഉഴലുകയാണ്. സ്വാശ്രയ മാനേജ്‌മെന്റുമായി ചർച്ച ചെയ്ത് പ്രഖ്യാപിച്ച കരാർ നടപ്പിലാക്കും എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സർക്കാർ, ഈ വിഷയത്തിൽ സമരം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ അവകാശത്തെത്തന്നെ ചോദ്യം ചെയ്യുന്നു. സമരം അവസാനിപ്പിക്കാൻ ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. നിയമസഭ തുടർച്ചയായി സ്തംഭിക്കുകയും എം.എൽ.എ മാർ നിരാഹാരമിരിക്കുകയും ചെയ്തിട്ടും പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിക്കാൻ സർക്കാർ തയ്യാറായില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയെ അങ്ങോട്ടു ചെന്ന് കണ്ടതിനുശേഷം പോലും ചർച്ചയ്ക്ക് സർക്കാർ തയ്യാറായിട്ടില്ല. ആര് സമരം ചെയ്താലും അവരുമായി ചർച്ച നടത്തുക എന്ന ജനാധിപത്യപരമായ കീഴ്വഴക്കം മാനിക്കാൻ സർക്കാർ തയ്യാറാകാത്തതിനാൽ ഇനി എങ്ങനെ സമരം മുന്നോട്ടു കൊണ്ടുപോകണമെന്ന കാര്യത്തിൽ ഒരു രൂപവുമില്ലാതെ കുഴങ്ങുകയാണ് പ്രതിപക്ഷം.

ഫീസിൽ ഇളവ് വരുത്തുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മാനേജ്‌മെന്റ് സ്കോളർഷിപ് ഏർപ്പെടുത്തുക തുടങ്ങി ചില മദ്ധ്യസ്ഥ നിർദ്ദേശങ്ങളുമായി സ്വാശ്രയ മാനേജ്‌മെന്റിൽപെട്ട ചിലർ തന്നെ മുന്നോട്ടുവന്നപ്പോൾ സമരം അവസാനിക്കാൻ കളമൊരുങ്ങി എന്ന ധാരണയുണ്ടായതാണ്. സ്വാശ്രയ മാനേജ്‌മെന്റ് പ്രതിനിധികൾ, പ്രതിപക്ഷ നേതാക്കളുമായും ഭരണകക്ഷിയിൽപെട്ട ചിലരുമായും പല തലത്തിൽ ചർച്ചകൾ നടത്തുകയും ചെയ്തു. സ്വാശ്രയ മാനേജ്‌മെന്റ് പ്രതിനിധികൾ ഇന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ എല്ലാവരും ഉറ്റു നോക്കിയത്, സമരം അവസാനിപ്പിക്കാനുള്ള കൃത്യമായ ധാരണ ഉരുത്തിരിയും എന്ന പ്രതീക്ഷയിലാണ്. എന്നാൽ, സ്വാശ്രയ മാനേജ്‌മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് നടത്തിയ ചർച്ചയിൽ ഫീസിനെക്കുറിച്ച് സംസാരിച്ചതേയില്ല എന്ന വിചിത്രമായ വിവരമാണ് ചർച്ച കഴിഞ്ഞിറങ്ങിയവർ പങ്കു വെച്ചത്. ഫീസിൽ കുറവ് വരുത്താൻ തയ്യാറായി ചെന്നവരോട് ഫീസ് കുറയ്ക്കണം എന്ന ആവശ്യം മുഖ്യമന്ത്രി മുന്നോട്ടു വെച്ചതേയില്ല എന്നാണ് പുറത്തുവരുന്ന വിവരം.

സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റ് കോളേജുകൾക്ക് എല്ലാ സൗജന്യങ്ങളും നൽകുകയും അവരുടെ സൗജന്യങ്ങൾ പറ്റുകയും ചെയ്ത യു.ഡി.എഫ് ഇപ്പോൾ നടത്തുന്ന സമരം ടിപ്പിക്കൽ രാഷ്ട്രീയ പ്രേരിത സമരം തന്നെയാണ്. പക്ഷേ, അങ്ങനെയൊരു സമരം നടത്താൻ അവർക്ക് വഴിയൊരുക്കികൊടുത്തത് സർക്കാരാണ് എന്നത് നിഷേധിക്കാനാവില്ല. ഫീസ് വർദ്ധനയെ ന്യായീകരിച്ച്, ന്യായീകരിച്ച് കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ തലവരിപ്പണം ഇല്ല എന്ന് വാദിച്ചു സമർത്ഥിക്കേണ്ട ബാധ്യത ഇടതുപക്ഷം ഏറ്റെടുത്തിരിക്കുന്നു എന്ന സംഗതി അമ്പരപ്പിക്കുന്നതാണ്. പ്രതിപക്ഷം മുതലെടുക്കും എന്നതുകൊണ്ട്, ഫീസ് കുറയ്ക്കണം എന്ന ആവശ്യം ഉന്നയിക്കാതിരിക്കുന്ന മുഖ്യമന്ത്രിയും മുഖം രക്ഷിച്ച് സമരം അവസാനിപ്പിക്കാനുള്ള ഫോർമുല തേടി പരക്കം പായുന്ന പ്രതിപക്ഷവും ഒരു പോലെ ജനങ്ങളെ വിഡ്‌ഢികളാക്കുകയാണ്. നിയമസഭ കൂടുന്നതിനുവേണ്ടി ഖജനാവിൽനിന്ന് ചെലവഴിക്കുന്ന പണം പാഴായിപ്പോകുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠയൊക്കെ പാവപ്പെട്ട ജനത്തിന് മാത്രം. അവിടെ നടക്കുന്നത് എന്താണെന്നതിനെക്കുറിച്ച് നല്ല ധാരണയുള്ളത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമാണല്ലോ.