ബന്ധു നിയമനം: ഗവണ്‍മെന്റ് പ്ലീഡര്‍മാരിലും തിരുകിക്കയറ്റല്‍

#

കൊച്ചി : ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ നിയമനത്തിലും സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ കൂട്ടത്തോടെ ഇടംപിടിച്ചതും വിവാദത്തില്‍ പുകയുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ ബന്ധുനിയമന വിവാദത്തില്‍ സി.പി.എമ്മും സര്‍ക്കാരും തീർത്തും പ്രതിരോധത്തിൽ നില്ക്കുമ്പോഴാണ് ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിലും ബന്ധുക്കളുടെ തിരുകിക്കയറ്റല്‍ നടന്നതായി കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ പ്ലീഡര്‍മാരായി ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഭാര്യയും, എറണാകുളം ജില്ലയിലെ പ്രമുഖ സി.പി.എം നേതാക്കളായ സി.എം ദിനേശ് മണി, സി.എന്‍ മോഹനന്‍, ഗോപി കോട്ടമുറിക്കല്‍ എന്നിവരുടെ ബന്ധുക്കളും ഉൾപ്പെടെ നിരവധി നേതൃബന്ധുക്കൾ നിയമനം നേടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാസഹോദരീ പുത്രൻ മലിനീകരണ നിയന്ത്രണ ബോഡിന്റെയും ബെവറേജസ് കോർപ്പറേഷന്റെയും അഭിഭാഷകനായി നിയമിക്കപ്പെട്ടതും പാർട്ടിക്ക് പുനഃപരിശോധിക്കേണ്ടി വരും. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരൻ നാരായണൻ നായരുടെ മകൻ നാഗരാജ് നാരായണനും സർക്കാർ അഭിഭാഷകരുടെ കൂട്ടത്തിൽ കടന്നുകൂടിയവരിൽ പെടുന്നു.

സി.പി.എം അനുകൂല അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയനിലെ പ്രമുഖരായ പല അഭിഭാഷകരെയും ഒഴിവാക്കി പ്രമുഖ സി.പി.എം നേതാക്കളുടെ ബന്ധുക്കളെ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിച്ചത് അഭിഭാഷക സംഘടനയ്ക്കുളളില്‍ തന്നെ അമര്‍ഷത്തിന് കാരണമാകുന്നുണ്ട്. പൊതു മേഖല സ്ഥാപനമായ ടെല്‍ക്കിന്റെ ചെയര്‍മാനായി നിയമിച്ച എം.സി മോഹനന്റെ ഭാര്യയെയും ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഈ നിയമനം നടന്നത്. സർക്കാർ അഭിഭാഷ നിയമനങ്ങളിലെ ചിറ്റപ്പൻ നിയമനങ്ങളുടെ വിവരം പുറത്തുവന്നതിന് പിന്നാലേ മറ്റു സ്ഥാപനങ്ങളിലെയും ഉയർന്ന തസ്തികകളിൽ നിയമിക്കപ്പെട്ട നേതൃ ബന്ധുക്കളുടെ പട്ടികകൾ പാർട്ടി പ്രവർത്തകർ തയ്യാറാക്കി ഉപരിഘടകങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.