രവീന്ദ്രനാഥ് പറയാതെ വിട്ട കാര്യങ്ങള്‍

#

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നടന്ന ഒരു സെമിനാറില്‍ വിദ്യാഭ്യാസമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വിവാദമായി. താന്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കില്ലെന്നും മീനും ഇറച്ചിയും കഴിക്കില്ലെന്നും തന്റെ ശീലമാണ് ശരിയെന്നും രവീന്ദ്രനാഥ് പറഞ്ഞതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍. പക്ഷേ, ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ മന്ത്രി പറയാതെ പോയ കാര്യങ്ങളെക്കുറിച്ചാണ് എന്റെ ഉത്കണ്ഠകള്‍.

ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിലാണ് ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞതിന്റെ പേരില്‍ 4 യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. വടക്കേയിന്ത്യയില്‍ പലയിടങ്ങളിലും പശുവിറച്ചി സൂക്ഷിച്ചതിന്റെയും കഴിച്ചതിന്റെയും പേരില്‍ മനുഷ്യര്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നു. ഭക്ഷണവും അതുമായി ബന്ധപ്പെട്ട ശുദ്ധിബോധവുമാണ് പ്രശ്‌നം. ഇറച്ചിയും മീനും വര്‍ജ്ജിക്കപ്പെടേണ്ട ഭക്ഷണങ്ങള്‍. അതു കഴിക്കുന്നവര്‍ വെറുക്കപ്പെടേണ്ടവര്‍. ഗോമാംസത്തിന്റെ പേരില്‍ രാജ്യത്ത് പല സ്ഥലങ്ങളിലും കലാപ സമാനമായ അന്തരീക്ഷമാണ് ഉണ്ടാകുന്നത്. ദളിത് സംഘടനകള്‍ പ്രത്യക്ഷമായി തെരുവില്‍ സമരരംഗത്താണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പശുവിന്റെ പേരില്‍ നടക്കുന്ന ഹിംസയ്‌ക്കെതിരേ ഉറച്ച നിലപാടെടുക്കുന്നു. ഇടതു യുവജനസംഘടനകള്‍ പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുന്നു.

ഗാന്ധിജിയല്ല, ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയാണ് പൂജിക്കപ്പെടേണ്ടതെന്ന വാദം പരസ്യമായി ഉയര്‍ത്താന്‍ ഒരു വിഭാഗം ആളുകളെങ്കിലും മുമ്പെങ്ങുമില്ലാത്ത വിധം ധൈര്യം കാണിക്കുന്ന കാലമാണ് ഇത്. ഇത്തരം ഒരു രാഷ്ട്രീയ സന്ദര്‍ഭത്തില്‍ പശുവിന്റെ പേരില്‍ നടക്കുന്ന ഹിസംയെക്കുറിച്ചും ഗാന്ധിജിയെ നിന്ദിക്കുന്ന ശക്തികള്‍ ആധിപത്യത്തിന് ശ്രമിക്കുന്നതിനെക്കുറിച്ചും ഒരു വാക്ക് പറയാതെ, ഇറച്ചിയും മീനും വര്‍ജ്ജിക്കണമെന്ന് ഒരു മന്ത്രി കുട്ടികളോട് പരസ്യമായി ആവശ്യപ്പെട്ടതാണ് ഇവിടെ വിവാദത്തിന്റെ കാതല്‍. രവീന്ദ്രനാഥ് പറഞ്ഞ കാര്യങ്ങളെക്കാളോ അതിലേറെയോ പ്രാധാന്യം അദ്ദേഹം പറയാതെ പോയ കാര്യങ്ങള്‍ക്കുണ്ട്. രവീന്ദ്രനാഥ് പറഞ്ഞതിന്റെയും പറയാതിരുന്നതിന്റെയും രാഷട്രീയം ചര്‍ച്ച ചെയ്‌തേ പറ്റൂ. അധികാരികള്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഇത് ഹിറ്റ്‌ലറുടെ ജര്‍മ്മനിയോ ചെഷസ്‌ക്യൂവിന്റെ റുമേനിയയോ അല്ലല്ലോ.