തേക്ക് വിവാദം : വിശദീകരണവുമായി ജയരാജൻ

#

തിരുവനന്തപുരം : കോടിക്കണക്കിന് രൂപ വിലയുള്ള തേക്ക് തടി ക്ഷേത്രത്തിന് വേണ്ടി ആവശ്യപ്പെട്ടു എന്ന ആരോപണത്തിൽ മറുപടിയുമായി ഇ.പി ജയരാജൻ. ക്ഷേത്ര ഭാരവാഹികൾ നൽകിയ കത്ത് വനംവകുപ്പ് മന്ത്രിക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നും ഇരിണാവ് ക്ഷേത്രം തന്റെ കുടുംബക്ഷേത്രമല്ലെന്നും, ദേവസ്വം ബോർഡിന്റേതാണെന്നും ജയരാജൻ പറയുന്നു. മലബാർ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ഇരിണാവ് ശ്രീ ചുഴലി ഭഗവതി ക്ഷേത്ര പുനരുദ്ധാരണത്തിന് ആവശ്യമായ തേക്കിൻ തടി വനം വകുപ്പിൽ നിന്നും സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികൾ വനം വകുപ്പ് മന്ത്രിക്കു നൽകിയ നിവേദനത്തിന്റെ ഒരു പകർപ്പ് തനിക്കും നൽകിയെന്നും അത് സ്വന്തം ലെറ്റർ ഹെഡിൽ വനം വകുപ്പ് മന്ത്രിക്ക് നല്കുകയാണുണ്ടായതെന്നും ജയരാജൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കുന്നു. കത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

വലിയ തെറ്റുചെയ്തുവെന്ന തരത്തിൽ ഇതുസംബന്ധിച്ച് ബോധപൂർവം പ്രചരിക്കുന്ന വാർത്തകൾ വ്യക്തിഹത്യ നടത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, ജനപ്രതിനിധികൾക്ക് ജനങ്ങൾ നൽകുന്ന ന്യായമായ നിവേദനങ്ങൾ ബന്ധപ്പെട്ടവർക്ക് തുടർ നടപടികൾക്കായി നല്കാൻ പോലും കഴിയില്ല എന്ന സാഹചര്യം സംജാതമാകുന്ന മാധ്യമ പ്രവർത്തനം അപലപനീയമാണെന്നും ജയരാജൻ പറയുന്നു.

ജയരാജന്റെ കുടുംബാംഗങ്ങൾ കൂടി ഉൾപ്പെട്ട ഭരണസമിതിയുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 15 കോടിയോളം രൂപ വിലവരുന്ന 1200 ക്യൂബിക് മീറ്റർ തേക്കിൻതടി സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് വ്യവസായവകുപ്പ് മന്ത്രിയായിരുന്ന ജയരാജൻ സ്വന്തം ലെറ്റർപാഡിൽ വനംവകുപ്പ് മന്ത്രിക്ക് നൽകിയെന്നായിരുന്നു വാർത്ത. ജയരാജൻ സ്വന്തം ലെറ്റർഹെഡിൽ ഇത്തരമൊരു കത്ത് നൽകിയിരുന്നെന്ന് വനംവകുപ്പ് മന്ത്രി കെ.രാജുവും വ്യക്തമാക്കി.