ദളിതര്‍ക്കും സ്ത്രീകള്‍ക്കും പേടി സ്വപ്നമാകുന്ന കേരള പോലീസ്

#

ദളിതരും സ്ത്രീകളുമുള്‍പ്പെടെയുള്ള പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് സംരക്ഷണം ഉറപ്പുനല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇടതുമുന്നണി ജനങ്ങളോട് വോട്ട് തേടിയതും ഭരണത്തിലേറിയതും. അധികാരമേറ്റെടുത്ത് 5 മാസം തികയുമ്പോഴേക്ക് സ്ഥിതിയാകെ മാറിയിരിക്കുന്നു. കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ദളിത് മര്‍ദ്ദനങ്ങളുടെ ഞെട്ടിക്കുന്ന കഥകളാണ് ഒന്നിനു പുറകേ ഒന്നായി പുറത്തുവരുന്നത്. കുണ്ടറയില്‍ പെറ്റിക്കേസില്‍ പ്രതിയായ ദളിത് വിഭാഗത്തില്‍പ്പെട്ട കൂലിപ്പണിക്കാരനായ യുവാവിനെ അര്‍ദ്ധരാത്രി വീട് വളഞ്ഞ് പിടിച്ചുകൊണ്ടുപോയിട്ട് മൃതദേഹമാണ് തിരികെ എത്തിയത്. ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും ഒരു പോലീസുകാരന്റെ പേരില്‍ പോലും നടപടി ഉണ്ടാവുകയോ കൊല്ലപ്പെട്ടയാളുടെ വൃദ്ധയായ അമ്മയ്ക്ക് നഷ്ടപരിഹാരം ലഭിക്കുകയോ ചെയ്തിട്ടില്ല. ദളിതര്‍ക്കും ദുര്‍ബ്ബല ജനവിഭാഗങ്ങളില്‍പെട്ടവര്‍ക്കും പോലീസില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പോലീസുകാര്‍ അവരോട് തികഞ്ഞ ശത്രുതാ മനോഭാവത്തോടെ പെരുമാറുകയും ചെയ്യുന്നു.

ലോക്കപ്പ് മര്‍ദ്ദനവും അന്യായ തടങ്കലും സാധാരണ നടപ്പ് രീതികളാണെന്നും സുപ്രീംകോടതി മാനദണ്ഡങ്ങളിലും ദളിത് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമങ്ങളിലുമൊന്നും മുറുകെപിടിച്ചുകൊണ്ട് പോലീസിന് മുന്നോട്ട് പോകാനാവില്ലെന്നുമുള്ള നിഷേധാത്മകമായ സമീപനമാണ് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. പോലീസിന്റെ ഈ വാദത്തിനെ അനുകൂലിക്കുന്ന സമീപനം ഭരണനേതൃത്വത്തില്‍ നിന്നുണ്ടാകുന്നു എന്നതാണ് ഏറ്റവും ഭീതിയുണര്‍ത്തുന്ന വസ്തുത. പോലീസിന്റെ ആത്മവീര്യം നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ്, നാട്ടില്‍ നീതി നടപ്പാക്കുന്നതിനെക്കാള്‍ പ്രധാനം എന്ന സമീപനം പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നു. കേരളത്തിലുടനീളം പോലീസ് സേന വര്‍ദ്ധിച്ച തോതില്‍ അക്രമാസക്തമാകുന്നതിന്റെ പ്രധാന കാരണം ഇതാണ്.

സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങളിലും ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ല. പോലീസിന്റെ സമീപനവും ഭാഷയും ദിവസം കഴിയുംതോറും സ്ത്രീ വിരുദ്ധവും അക്രമാസക്തവുമാകുന്നു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീയെ പോലീസ് മാനസികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്തവര്‍ ആവശ്യപ്പെട്ടതുപോലെ മൊഴി നല്‍കാന്‍ അവരെ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. കളമശ്ശേരിയില്‍ മുഖ്യ ഭരണകക്ഷിയുടെ ജില്ലാസെക്രട്ടറിയുടെ ഉറ്റ അനുയായി ഗുണ്ടാസംഘത്തിന് നേതൃത്വം നല്‍കുന്നു. പരാതിക്കാരെ തള്ളിപ്പറഞ്ഞ് ആരോപണവിധേയരായവരോടൊപ്പം നില്‍ക്കാന്‍ ഭരണകക്ഷി നേതാക്കള്‍ ധൈര്യപൂര്‍വ്വം രംഗത്തുവരുന്നു.

പോലീസിന്റെ ആത്മവീര്യം നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ് ആവശ്യം എന്ന സമീപനം തെറ്റാണെന്ന് തിരിച്ചറിയാന്‍ ഭരണകക്ഷി നേതൃത്വം തയ്യാറാകാത്തിടത്തോളം പോലീസിലെ അഴിമതിയും അക്രമവാസനയും അവസാനിക്കില്ല. പോലീസ് നയം പൊളിച്ചെഴുതി എല്ലാ ജനങ്ങള്‍ക്കും, പ്രത്യാകിച്ച് ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ബാധ്യത പോലീസിനുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയണം. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന പ്രത്യേക ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണം. ദുരഭിമാനം വെടിഞ്ഞ്, പോലീസ് ഭരണത്തിലെ വീഴ്ചകള്‍ തുറന്ന മനസ്സോടെ പരിശോധിക്കാന്‍ അദ്ദേഹം തയ്യാറാകണം. താന്‍ ഏതെങ്കിലും പാര്‍ട്ടിയുടെയോ വിഭാഗത്തിന്റെയോ നേതാവ് മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ക്കാകെ സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള ഭരണാധികാരിയാണ് എന്ന് പിണറായി വിജയന്‍ തെളിയിക്കണം. ഭരണമേറ്റെടുത്തയുടന്‍ പറഞ്ഞ വാക്കുകള്‍ പാലിക്കുന്നതില്‍ തനിക്കുണ്ടായ പരാജയം തുറന്നു സമ്മതിച്ചുകൊണ്ട് അടിയന്തിരമായ തിരുത്തല്‍ നടപടികള്‍ക്ക് മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നുറപ്പ്.