സ്ത്രീപീഡനത്തിന്റെ കക്ഷിരാഷ്ട്രീയം

#

മുന്‍ സ്പീക്കറും മുന്‍മന്ത്രിയും സി.പി.ഐ (എം) തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ.രാധാകൃഷ്ണന്‍, കക്ഷി രാഷ്ട്രീയത്തിന് അതീതമായ അംഗീകാരമുള്ള നേതാവാണ്. പൊതുവേ, വിവാദങ്ങളില്‍പെടാത്ത, ആരോപണങ്ങള്‍ക്ക് വിധേയനായിട്ടില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തകന്‍. പക്ഷേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്താണ് അദ്ദേഹം. സ്വന്തം പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കള്‍ക്ക് രാധാകൃഷ്ണനെ പരസ്യമായി തള്ളിപ്പറയേണ്ടി വന്നു. പ്രശ്‌നം രാധാകൃഷ്ണന്‍ എന്ന വ്യക്തിയുടേതല്ല. നിയമത്തെയും ധാര്‍മ്മികതയെയും കുറിച്ച് നമ്മുടെ രാഷ്ട്രീയ നേതാക്കളില്‍ മിക്കവര്‍ക്കുമുള്ള ധാരണയുടെ തകരാറാണ്.

കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് പരാതിപ്പെട്ട സ്ത്രീയുടെ പേര് പരസ്യമായി പറഞ്ഞ രാധാകൃഷ്ണന്‍, തനിക്ക് വീഴ്ച പറ്റിയതല്ലെന്ന് ഉറപ്പിക്കാനെന്നവണ്ണം ആ തെറ്റിനെ വീണ്ടും വീണ്ടും ന്യായീകരിക്കുകയും ചെയ്തു. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ആളിന്റെ പേര് പറയാമെങ്കില്‍ ഇരയുടെ പേര് പറയുന്നതില്‍ എന്താണ് തെറ്റെന്നാണ് രാധാകൃഷ്ണന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം. ലൈംഗികപീഡനക്കേസുകളില്‍ ഇരകളുടെ പേര്, അവര്‍ രേഖാമൂലം  ആവശ്യപ്പെട്ടാലല്ലാതെ പരസ്യമാക്കാന്‍ പാടില്ല എന്ന് നിയമമുണ്ടെന്ന് പ്രാഥമിക സാമൂഹികബോധവും രാഷട്രീയബോധവും ഉള്ള ആർക്കുമറിയാം. നിയമബിരുദ്ധധാരിയും മുന്‍സ്പീക്കറുമായ ഒരു വ്യക്തി തന്റെ നിയമ നിരക്ഷത പരസ്യമായി പ്രകടിപ്പിക്കുന്നതിലല്ല , അതില്‍ തെറ്റു കാണുകയും വിമര്‍ശിക്കുകയും ചെയ്യുന്നതാണ് തെറ്റ് എന്ന രീതിയിലായിരുന്നു പിന്നീട് വന്ന പ്രതികരണങ്ങള്‍ പലതും.

നിയമത്തിന്റെ പ്രശ്‌നംപോലെ തന്നെ ധാര്‍മ്മികതയുടെയും പ്രശ്‌നമുണ്ട് ഇവിടെ. സ്ത്രീയുടെ പേര് പറയാന്‍ പാടില്ലെന്ന് മാത്രമല്ല, സ്ത്രീയെ പരസ്യമായി തിരിച്ചറിയാന്‍ കഴിയുന്ന ഒന്നും വെളിപ്പെടുത്താന്‍ പാടില്ലെന്നതും  നിയമപരമായും ധാര്‍മ്മികമായും അംഗീകരിക്കപ്പെട്ട കാര്യമാണ്. അതൊന്നും വകവെയ്ക്കാതെയാണ് രാധാകൃഷ്ണന്‍ ഇരയുടെ മാത്രമല്ല, ഭര്‍ത്താവിന്റെയും പേര് പരസ്യമായി പറഞ്ഞത്. അവിടെ നിറുത്തിയില്ല രാധാകൃഷ്ണന്‍. സ്ത്രീയുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നുകയറി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും നടത്തി.

സ്ത്രീപീഡനം, ലൈംഗികാതിക്രമം തുടങ്ങിയ പ്രശ്‌നങ്ങളെ ഉയര്‍ന്ന രാഷ്ട്രീയബോധത്തോടെ കാണാനുള്ള പക്വത നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇനിയും ആര്‍ജ്ജിച്ചിട്ടില്ല എന്നാണ് രാധാകൃഷ്ണന്റെ പ്രതികരണം വ്യക്തമാക്കുന്നത്. കുടുംബസദാചാരത്തെ സംബന്ധിച്ച യാഥാസ്ഥിതിക കാഴ്ചപ്പാടില്‍ നിന്നുകൊണ്ട്, സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കാണുന്നതുകൊണ്ടാണ് കുഞ്ഞുങ്ങളെ നോക്കാത്ത സ്ത്രീ എന്ന ആക്ഷേപത്തില്‍ സ്ത്രീക്കു നേരെയുള്ള അതിക്രമത്തെപ്പോലും ന്യായീകരിക്കാന്‍ കഴിയുന്നത്. ഇവിടെ താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് ഒരു സ്ത്രീ പരാതിപ്പെട്ടിരിക്കുന്നു. പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ജനപ്രതിനിധി കൂടിയായ ഒരു രാഷ്ട്രീയ നേതാവാണ്. ഉത്തരവാദിത്വത്തോടെ നിയമനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യപ്പെടേണ്ടവര്‍ ഇരയായ സ്ത്രീയുടെ കുടുംബചരിത്രം ചികയുന്ന ജൂഗുപ്‌സാവഹമായ ചിത്രമാണ് നമ്മള്‍ കാണുന്നത്.

പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.കുര്യന്‍, അബ്ദുള്ളക്കുട്ടി, ജോസ്.കെ.മാണി, കെ.സി.വേണുഗോപാല്‍, പി.ജെ.ജോസഫ്, നീലലോഹിതദാസ്, പി.ശശി, ടി.പി.ദാസന്‍, ഗോപി കോട്ടമുറിക്കല്‍ തുടങ്ങി വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പെട്ട നിരവധി നേതാക്കള്‍ സ്ത്രീപീഡന ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്. എല്ലാവരും തന്നെ ആരോപണങ്ങള്‍ നിഷേധിക്കുകയും ശിക്ഷാനടപടികളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. പി.ജെ.കുര്യന്‍, തികച്ചും സാങ്കേതികമായ കാരണങ്ങളാല്‍ വിചാരണയില്‍ നിന്ന് രക്ഷപ്പെട്ടു. പി.ശശിക്കെതിരായ കേസ് പോലീസ് സ്റ്റേഷനിലെത്തിയില്ല. ഗോപി കോട്ടമുറിക്കലിനെതിരായ കേസ് വ്യത്യസ്തമാണ്. ആ കേസിൽ പീഡിപ്പിച്ചു എന്ന പരാതി ഉണ്ടായിരുന്നില്ല.

സ്ത്രീപീഡനത്തെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചുമുള്ള കേസുകളെ കക്ഷി രാഷ്ട്രീയവല്ക്കരിക്കാനുള്ള ശ്രമമാണ് എന്നുമുണ്ടായത്. അതിനുപകരം ശക്തമായ സ്ത്രീപക്ഷ വീക്ഷണത്തില്‍ പ്രശ്‌നങ്ങളെ കാണാനുള്ള ശ്രമം മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നുണ്ടായതേയില്ല. ചിന്നിച്ചിതറിക്കിടക്കുന്ന ചില വ്യക്തികളിലും ചെറിയ ചില ഗ്രൂപ്പുകളിലും ഒതുങ്ങിയ സ്ത്രീവാദത്തിന് സമൂഹത്തില്‍ ഒരു ചെറുചലനമെങ്കിലുമുണ്ടാക്കാനുള്ള ശക്തിയുമില്ല. ഗോപി കോട്ടമുറിക്കലിന്റെ കാര്യത്തില്‍, യാഥാസ്ഥിതിക സദാചാരവാദത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി അദ്ദേഹത്തിന്റെ പേരില്‍ പാര്‍ട്ടി നടപടിയെടുക്കുകയും പിന്നീട് തിരിച്ചെടുക്കുകയുമാണുണ്ടായത്. ബാക്കി എല്ലാ കേസുകളിലും സ്ത്രീകള്‍ വാദിസ്ഥാനത്തുണ്ടായിരുന്നു. ലൈംഗികതയെ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ ഇടതുപക്ഷരാഷട്രീയത്തിലുള്‍പ്പെടെ നിലനില്‍ക്കുന്ന പരിഭ്രമവും അജ്ഞതയും പരിഹരിച്ചുകൊണ്ടു മാത്രമേ സ്ത്രീപീഡനക്കേസുകളെ ശരിയായി നേരിടാന്‍ കഴിയൂ. ബലപ്രയോഗത്തെയും അതിക്രമത്തെയും ക്രിമിനല്‍ കുറ്റങ്ങളായി കാണണം. അധികാരവും രാഷ്ട്രീയസ്വാധീനവും ഉപയോഗിച്ച് നടത്തുന്ന അതിക്രമങ്ങള്‍ക്ക് അങ്ങേയറ്റം ഗൗരവം നല്‍കേണ്ടതുണ്ട്.

ലൈംഗികതയെ സംബന്ധിച്ചും സ്ത്രീപുരുഷ ബന്ധങ്ങളെ സംബന്ധിച്ചും ആരോഗ്യകരമായ വീക്ഷണം വളര്‍ത്തിയെടുക്കുകയാണ് ആവശ്യം. നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകര്‍ അവയുടെ ബാലപാഠം മുതല്‍ പഠിക്കണം. അങ്ങനെയൊന്നില്ലാതെ പുരോഗമനപരമായ രാഷ്ട്രീയവീക്ഷണമില്ല, പുരോഗമനപരമായ രാഷ്ട്രീയവീക്ഷണം ഉള്‍ക്കൊണ്ടിട്ടില്ലാത്തതുകൊണ്ടാണ് സ്ത്രീപീഡനക്കേസുകളില്‍ ഇരകളുടെ കുടുംബജീവിതരഹസ്യങ്ങള്‍ തേടി നല്ലവരെന്ന് അറിയപ്പെടുന്ന രാഷ്ട്രീയനേതാക്കള്‍ പോലും പോകുന്നത്. അടിസ്ഥാനപരമായ പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവപൂര്‍ണ്ണമായ ഒരു ചര്‍ച്ചയ്ക്ക് രാധാകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ കാരണമാകട്ടെ.