ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ്

#

ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപ്  അമേരിക്കയുടെ 45മത് പ്രസിഡന്റാകും. വാശിയേറിയ മത്സരത്തിൽ പ്രവചനങ്ങൾ  തെറ്റിച്ചു കൊണ്ടാണ്  ഹിലരി ക്ലിന്റനെ ഡൊണാൾഡ് ട്രംപ് പരാജയപ്പെടുത്തിയത്. ബിസിനസ്സുകാരൻ, ടെലിവിഷൻ പ്രൊഡ്യൂസർ എന്നി നിലകളിൽ പ്രശസ്തനായ ഡൊണാൾഡ് ട്രംപ് പൊടുന്നനെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. ഒരു രാഷ്ട്രിയക്കാരനായി  ട്രംപിനെ അംഗീകരിക്കാൻ തുടക്കത്തിൽ രാഷ്ട്രീയ നിരീക്ഷകർ മടിച്ചു നിൽക്കുകയായിരുന്നു. ഹിലരി വൻ വിജയം നേടുമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ മിക്കവാറും എല്ലാ അഭിപ്രായ സർവ്വേകളും പ്രവചിച്ചത്.

തുടക്കം മുതൽ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു ട്രംപിൻറെ തെരഞ്ഞെടുപ്പ് പ്രചാരണം. മുസ്ലിംകൾക്കെതിരെയും മെക്സിക്കൻ പൗരമാർക്കെതിരെയും കുടിയേറ്റക്കാർക്കെതിരെയും  ട്രംപ് നടത്തിയ വിമർശനങ്ങൾ വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. സ്ത്രീകളെക്കുറിച്ച് ട്രംപ് നടത്തിയ  നിലവാരമില്ലാത്ത പരാമർശങ്ങൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖരുടെ പിന്തുണ പോലും ട്രംപിന് നഷ്ടമാക്കുകയുണ്ടായി. അഭിപ്രായ സർവ്വേകളിൽ അവസാന ഘട്ടത്തിൽ ഹിലാരിക്ക് ഒപ്പമെത്തിയ ട്രംപ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിജയത്തിലേക്ക് എത്തുകയായിരുന്നു.

മാറിയും തിരിഞ്ഞും വോട്ടു ചെയ്യുന്ന സംസ്ഥാങ്ങളിൽ ട്രംപിന് അപ്രതീക്ഷിത മുന്നേറ്റമാണുണ്ടായത്. ചാഞ്ചാടുന്ന സംസ്ഥാങ്ങളായ  ഒഹായിയോയിലെയും ഫ്ളോറിഡയിലെയും വിജയം ട്രംപിൻറെ മുന്നേറ്റം, വിജയം എളുപ്പമാക്കി. കൂടുതൽ  ഇലക്ട്‌റൽ വോട്ടുകളുള്ള 10 സംസ്ഥാനങ്ങൾ  ട്രംപ്പിനൊപ്പം നിന്നു.

അമേരിക്കൻ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും രാജ്യത്തിന്റെ നയങ്ങൾ  പരമ്പരാഗതരീതിയിൽ തുടരും എന്നതുകൊണ്ട് ട്രംപിന്റെ വിജയം മൂലം അടിസ്ഥാനപരമായ ഒരു മാറ്റമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ , ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും വംശീയമായും ലിംഗവിവേചനപരമായും  പരസ്യമായി അധിക്ഷേപിക്കാൻ തയ്യാറാകുകയും രാഷ്ട്രീയമായ കൃത്യത പാലിക്കുന്നതിൽ അല്പം പോലും ശ്രദ്ധ കാണിക്കാതിരിക്കുകയും ചെയ്യുന്ന ഒരാൾ അമേരിക്കൻ പ്രസിഡന്റാകുക വഴി ലോകത്തിനു മുമ്പിൽ അമേരിക്കയുടെ പ്രതിച്ഛായയ്ക്കുണ്ടാകുന്ന ഇടിവിനെക്കുറിച്ച് രാജ്യത്തെ ജനാധിപത്യവാദികൾ ഉത്കണ്ഠാകുലരാണ്. ചരിത്രത്തിലാദ്യമായി ഒരു സ്ത്രീക്ക് അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്താൻ സാധ്യത തെളിഞ്ഞെങ്കിലും അത് നഷ്ടപ്പെട്ടതിലും നല്ലൊരു പങ്ക് ആളുകൾക്ക് നിരാശയുണ്ട്.