മെലാനിയ ട്രംപിന്റെ വസ്ത്രം ഡിസൈന്‍ ചെയ്യില്ല : ഫ്രഞ്ച് ഡിസൈനര്‍

#

ന്യൂയോര്‍ക്ക് 19-11-2016 : അമേരിക്കയുടെ പുതിയ പ്രഥമ വനിത മെലാനിയ ട്രംപിന്റെ വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ താന്‍ തയ്യാറല്ലെന്ന് പ്രശസ്ത ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ സോഫി തെല്ലറ്റ്. തന്റെ മാതൃക പിന്തുടരാന്‍ മറ്റു ഫാഷന്‍ ഡിസൈനര്‍മാരോടും സോഫി അഭ്യര്‍ത്ഥിച്ചു. സേഫി തെല്ലറ്റിന്റെ കത്ത് സൗമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന സോഫി ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെ പ്രമുഖ ആകര്‍ഷണങ്ങളിലൊന്നാണ്.

വൈവിധ്യത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും വിശ്വസിക്കുകയും എല്ലാ ജീവിതശൈലികളെയും ബഹുമാനിക്കുകയും ചെയ്യുന്ന തനിക്ക് പുതിയ പ്രഥമ വനിതയുടെ വസ്ത്രം ഡിസൈന്‍ ചെയ്യുന്നതുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ കഴിയില്ലെന്ന് ഒരു തുറന്ന കത്തിലൂടെ സോഫി വ്യക്തമാക്കി. വംശീയതയും സ്ത്രീവിരുദ്ധതയും സങ്കുചിതത്വവും ഇളക്കിവിടുന്ന തരത്തിലുള്ള ട്രംപിന്റെ പ്രചരണം താന്‍ പങ്കുവെയ്ക്കുന്ന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് സോഫി തുറന്ന കത്തില്‍ പറയുന്നു. രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ബുദ്ധിപൂര്‍വ്വമല്ലെന്ന് തനിക്കറിയാമെന്നും എന്നാല്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം പണത്തിനു വേണ്ടി മാത്രമല്ല നിലകൊള്ളുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഇപ്പോഴത്തെ പ്രഥമ വനിത മിഷേല്‍ ഒബാമയും ട്രംപിനോട് പരാജയപ്പെട്ട ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലാരിക്ലിന്റണും ഫാഷന്‍ ലോകത്തിന് പ്രിയങ്കരരാണ്. സോഫി തെല്ലറ്റിന്റെ വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്ന മിഷേല്‍ ഒബാമ, സോഫിയക്ക് വലിയ പ്രചാരം നേടി കൊടുക്കുന്നതില്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ലോകമാകെ തന്റെ പേര് അംഗീകരിക്കപ്പെടുന്നതിന് മിഷേല്‍ ഒബാമ സഹായിച്ചിട്ടുണ്ടെന്ന് സോഫിയ തെല്ലറ്റ് പറഞ്ഞു.