നോട്ട് നിരോധനം നിയമ വിരുദ്ധമെന്ന് വിദഗ്ധര്‍ ; ആർ.ബി.ഐ ഗവര്‍ണറുടെ രാജിക്ക് സമ്മര്‍ദ്ദം

#

രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ ഒന്നടങ്കം നിശ്ചലമാക്കിയ നോട്ടു പിൻവലിക്കൽ സമ്പദ്ഘടനയെ താറുമാറാക്കുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ തീർത്തും നിയമ വിരുദ്ധമാണ് നടപടിയെന്ന് പ്രമുഖ നിയമ വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇതിനിടയില്‍ ധനശാസ്ത്രപരമായും നിയമപരമായും തെറ്റായ നടപടികൾ കൈക്കൊണ്ട റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേൽ രാജി വയ്ക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന് നിയമപരമായ സാധുത ഇല്ലെന്ന് ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ചുകൊണ്ട് ആദ്യം രംഗത്തു വന്നത് മുന്‍ അഡീഷ്‌നല്‍ സോളിസിറ്റര്‍ ജനറലും സീനിയര്‍ അഭിഭാഷകയുമായ ഇന്ദിര ജെയ്‌സിംഗ് ആണ്. ഒരു പ്രത്യേക കറൻസിയുടെ സീരീസ് അല്ലാതെ ഏതങ്കിലും കറൻസി നോട്ടുകൾ അപ്പാടെ പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആക്ട് അനുവദിക്കുന്നില്ല. പാർലമെന്റ് പാസ്സാക്കുന്ന നിയമം വഴിയോ ഓർഡിനൻസ് വഴിയോ മാത്രമേ ജനങ്ങളുടെ ജംഗമ വസ്തുക്കൾ ( ജംഗമ വസ്തുക്കൾ എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് 1000, 500 രൂപ നോട്ടുകൾ) പിൻവലിക്കാൻ സർക്കാരിന് അധികാരമുള്ളൂ. ഒരാളുടെ നികുതി വിധേയമായ പണം ആ വ്യക്തിക്ക് അന്യമാക്കാൻ റിസർവ് ബാങ്കിന് അധികാരമില്ല ( സ്വന്തം ബാങ്ക് നിക്ഷേപത്തിൽ നിന്ന് ഒരു ദിവസം 2000 രൂപ മാത്രമേ പിൻവലിക്കാൻ കഴിയൂ എന്ന നിബന്ധന നിയമവിരുദ്ധമാകുന്നത് ഇതുകൊണ്ടാണ്).  ഇങ്ങനെ കൃത്യമായ നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തി ഇന്ദിരാ ജയസിംഗ് ഉൾപ്പെടെ പ്രധാനപ്പെട്ട നിരവധി നിയമജ്ഞർ നോട്ടു പിൻവലിക്കലിനെ ചോദ്യം ചെയ്തു.

നോട്ടു പിൻവലിക്കാനുള്ള തീരുമാനം റദ്ദ് ചെയ്തില്ലെങ്കിലും തീരുമാനത്തെ സുപ്രീം കോടതി നിശിതമായി വിമർശിച്ച കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താതെ സാധാരണക്കാര്‍ക്ക് തീരാദുരിതം സമ്മാനിച്ച കേന്ദ്ര സര്‍ക്കാരിനെ  കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഹൈക്കോടതിയും നിശിതമായി വിമർശിച്ചിരുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കാര്യമാണ് നോട്ട് നിരോധന വിഷയമെന്ന് ഹൈക്കോടതി എടുത്തു പറയുകയുണ്ടായി. ഇത് കൂടാതെ പുതിയതായി അച്ചടിച്ച 2000 രൂപ നോട്ടില്‍ ദേവനാഗരി ലിപി ഉപയോഗിച്ചത് കേന്ദ്രത്തിന്റെ എന്ത് അധികാരം ഉപയോഗിച്ചാണെന്ന് ഒരു പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേ മദ്രാസ് ഹൈക്കോടതി ചോദിച്ചു.  കേന്ദ്ര ധനകാര്യ മന്ത്രാലയത്തോടാണ് മദ്രാസ് ഹൈക്കോടതി പ്രസ്തുത ചോദ്യം ഉന്നയിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ തകര്‍ക്കുന്ന രീതിയില്‍ മുന്നൊരുക്കമില്ലാതെ ഇത്തരം നടപടികള്‍ സ്വീകരിച്ച റിസർവ്  ഗവര്‍ണ്ണര്‍ രാജി വയ്ക്കണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ഡി. തോമസ് ഫ്രാങ്കോ ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന ഇത്തരമൊരു സുപ്രധാന തീരുമാനമെടുക്കുന്നതില്‍ പുതിയ ആർ.ബി.ഐ ഗവര്‍ണര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രസ്താവന പുറപ്പെടുവിച്ചതിനു പിന്നാലെ തോമസ് ഫ്രാങ്കോയെ ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് സ്ഥലം മാറ്റി. സ്ഥലംമാറ്റത്തിനെതിരേ ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം ശക്തമാണ്.