ഗ്രോ ബാഗിൽ വിളയും നൂറു മേനി നെല്ല്

#

പത്തനംതിട്ട (24.11.2016) : കേരളത്തിലെ നെൽപ്പാടങ്ങൾ ഭൂരിഭാഗവും നികത്തപ്പെടുകയും നെൽകൃഷി ഏകദേശം അവസാനിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ ധാരാളമാളുകൾ വിഷരഹിത ഭക്ഷണത്തോടും ജൈവ കൃഷിയോടും അടുത്തിടെ അടുപ്പം കാട്ടുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ചെറു ചെറു കൂട്ടായ്മകളുടെയും വ്യക്തികളുടെയും മുൻകൈയിൽ പലയിടത്തും നെൽകൃഷി ആരംഭിക്കുകയും ചെയ്തു. പലരും കരനെൽകൃഷി പോലുള്ളവയും പരീക്ഷിച്ചു. അപ്പോഴും അഞ്ചു സെന്റ് ഭൂമിയും വീടും മാത്രമുള്ളവർക്ക് നെൽകൃഷി സ്വപ്നം മാത്രമായി അവശേഷിച്ചു. ഈ നിരാശയ്ക്ക് ഒരു പരിഹാരമായാണ് അടൂർ മാഞ്ഞാലി സ്വദേശി ശില സന്തോഷ് പരീക്ഷണാർത്ഥത്തിൽ ഗ്രോ ബാഗിൽ നെല്ല് കൃഷി ചെയ്താലോ എന്നാലോചിച്ചത്. ആ ആശയം വിജയകരമായി നടപ്പിലാക്കിയതോടെ കേരളത്തിൽ എവിടെയും പരീക്ഷിക്കാവുന്ന ഒരു നല്ല മാതൃകയായി അത് മാറി. ശിൽപ്പിയും, കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്വകാര്യ മ്യൂസിയങ്ങളിൽ ഒന്നായ ശില മ്യൂസിയത്തിന്റെ സ്ഥാപകനുമായ ശില സന്തോഷ് തന്റെ വീട്ടു മുറ്റത്താണ് 120 ഗ്രോ ബാഗുകളിലായി നെല്ല് കൃഷി ചെയ്ത് വിജയകരമായി വിളവെടുത്തത്.

കൃഷി രീതി

ഗ്രോ ബാഗിൽ മണ്ണും, മണ്ണിര കമ്പോസ്റ്റും, ചകിരിച്ചോറും ചേർത്ത മിശ്രിതമാണ് ഗ്രോ ബാഗിൽ നിറച്ചത്. ജ്യോതി നെൽ വിത്താണ് ഈ ബാഗുകളിൽ പാകിയത്. ഒരു ഗ്രോ ബാഗിൽ മൂന്ന് നെൽച്ചെടികളാണ് നട്ടത്. വിത്ത് പാകിയ ശേഷം ഞാറു പറിച്ച് ഗ്രോ ബാഗിൽ നടുകയായിരുന്നു. നെല്ലിന് ആവശ്യമായ ജൈവ വളങ്ങളും നൽകി. കഴിഞ്ഞ ദിവസം വിളവെടുത്തപ്പോൾ 20 കിലോയോളം നെല്ല് ലഭിച്ചു.

ഇത് കൂടാതെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകനായ ചെറുവയൽ രാമനിൽ നിന്ന് ലഭിച്ച പൈതൃക നെൽവിത്തുകളും ഇവിടെ ഗ്രോ ബാഗിൽ വളരുന്നു. ഇരുപതോളം ഇനം പൈതൃക നെൽ വിത്തുകളാണ് ഗ്രോ ബാഗിലും മ്യൂസിയത്തിലുമായുള്ളത്.