തിരുവനന്തപുരം (08-12-16) : ഇനി എട്ട് ദിവസം ലോകം കേരളത്തിൽ

#

തിരുവനന്തപുരം (08-12-16) : കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഇരുപത്തിയൊന്നാം പതിപ്പിന് ഡിസംബർ 9 ന് തുടക്കമാകുന്നു. ഡിസംബർ 9 മുതൽ 16 വരെയാണ് മേള. 62 രാജ്യങ്ങളിൽ നിന്നായി 184 സിനിമകളാണ് ഈ വർഷത്തെ മേളയിൽ പ്രദർശനത്തിനെത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി 13000 പ്രതിനിധികൾ കേരള അന്താരാഷ്ട്രമേളയിൽ പങ്കെടുക്കും. രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പെടെ 15 സിനിമകളാണ് മത്സരവിഭാഗത്തിൽ സുവര്‍ണ്ണചകോരത്തിനായി മാറ്റുരയ്ക്കുന്നത്.ലോകസിനിമാ വിഭാഗത്തില്‍ ഇന്ത്യ ഉള്‍പ്പടെ 50 രാജ്യങ്ങളില്‍ നിന്നുള്ള 81 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നവീകരിച്ച നിശാഗന്ധി ഓപ്പൺ എയർ തീയറ്റർ ഉൾപ്പെടെ 13 ഇടങ്ങളിലായാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. പലായനത്തിന്റേയും കുടിയേറ്റത്തിന്റേയും കഥപറയുന്ന പാർട്ടിംഗ് എന്ന അഫ്ഗാൻ സിനിമയാണ് മേളയുടെ ഉദ്‌ഘാടനചിത്രം. മേളയുടെ ഔപചാരിക ഉദ്‌ഘാടനം നാളെ ഡിസംബർ 9 വൈകിട്ട് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

എല്‍.ജി.ബി.ടി സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി  ഇരുപത്തിയൊന്നാമത് മേളയില്‍ ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗത്തില്‍ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എല്‍.ജി.ബി.ടി സമൂഹത്തിന്റെ പ്രണയവും ജീവിതവും, സമൂഹത്തില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതികരണങ്ങളുമാണ് ഈ വിഭാഗത്തിലുള്ള ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ചലച്ചിത്രപ്രതിഭകൾക്ക് ആദരമർപ്പിക്കുന്ന സ്മൃതി പരമ്പരയില്‍ മലയാളി സംവിധായകൻ കെ.എസ്.സേതുമാധവന്റെ 5 ചിത്രങ്ങളും ഇംഗ്ലീഷ് സംവിധായകന്‍ കെന്‍ ലോച്ചിന്റെ 9 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

പലായനവും കുടിയേറ്റവും മുഖ്യപ്രമേയമാകുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ മൈഗ്രേഷന്‍ പാക്കേജ് മേളയുടെ പ്രധാന ആകർഷണമാണ്. പ്രമുഖ ഫെസ്റ്റിവല്‍ പ്രോഗ്രാമറും ചലച്ചിത്ര നിരൂപകനുമായ പൗലോ ബെര്‍ട്ടോലിന്‍ ക്യുറേറ്റ് ചെയ്ത എട്ട് സിനിമകൾ ഈ പാക്കേജിൽ ഉൾപ്പെടുന്നു.  നിലനില്പിനും അതിജീവനത്തിനുമായി അന്യദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന മനുഷ്യന്റെ കേവലാവസ്ഥ പ്രമേയമാക്കുന്ന ചിത്രങ്ങളാണ് മൈഗ്രേഷന്‍ പാക്കേജിലുള്ളത്.പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും സമകാലീന കഥാപശ്ചാത്തലമാണ് മേളയുടെ ഉദ്‌ഘാടന ചിത്രമായ പാര്‍ട്ടിങിനുമുള്ളത്.

ചലച്ചിത്രമേളയുടെ ഭാഗമായ ഇരുപത്തിയൊന്നാമത് അരവിന്ദൻ സ്മാരക പ്രഭാഷണം നടത്തുന്നത് എത്യോപ്യന്‍ ചലച്ചിത്രകാരന്‍ ഹെയ്‌ലേ ഗരിമയാണ്. 1993 ല്‍ പുറത്തുവന്ന സാന്‍കോഫ എന്ന ചിത്രത്തിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ സംവിധായകനും നിര്‍മാതാവുമാണ് ഗരിമ. ഹെയ്‌ലേ ഗരിമയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം ടെസയും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 14 ന് നിള തിയേറ്ററില്‍ വൈകുന്നേരം 6 മണിക്കാണ് അരവിന്ദന്‍ സ്മാരക പ്രഭാഷണവും ചലച്ചിത്ര പ്രദര്‍ശനവും.

ഇസ്രായേലി സംവിധായകൻ മിഷേൽ ക്ലെഫിയാണ് മത്സരവിഭാഗം ചിത്രങ്ങളുടെ ജൂറി ചെയർമാൻ. ഇസ്രായേലിൽ ജനിച്ച അറബ് വംശജനായ മിഷേൽ 1970 ൽ ബെൽജിയത്തിലേക്ക് കുടിയേറി. ശ്രദ്ധേയമായ നിരവധി ഡോക്യൂമെന്ററികളും ഫീച്ചർ സിനിമകളും സംവിധാനം ചെയ്ത മിഷേൽ ക്ലെഫി കാൻ ഫെസ്റ്റിവൽ അടക്കം നിരവധി ഫെസ്റ്റിവലുകളിൽ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇദ്ദേഹത്തെ കൂടാതെ ഇന്ത്യന്‍ ചലച്ചിത്ര നടി സീമ ബിശ്വാസ്, ഇറാനിയന്‍ ചല ച്ചിത്ര നടൻ ബാരന്‍ കൊസാറി, കസാക്കിസ്ഥാന്‍ സംവിധായകനായ സെറിക് അപ്രിമോവ്, ഡര്‍ബന്‍ ചലച്ചിത്രമേളയിലെ പ്രോഗ്രാം ഡയറക്ടറായ പെഡ്രോ പിമെന്ത എന്നിവരാണ് ജൂറി അംഗങ്ങള്‍.

മറ്റു മേളകളിൽ നിന്ന് വ്യത്യസ്തമായി ജനപങ്കാളിത്തം കൊണ്ടും നിലപാടുകളുടെ സവിശേഷത കൊണ്ടും ശ്രദ്ധേയമായ മേളയാണ് കേരളത്തിന്റെ  അന്താരാഷ്ട്ര ചലച്ചിത്രമേള. ലോകമെമ്പാടുമുള്ള ചലച്ചിത്രകാരന്മാരുടെയും ചലച്ചിത്രപ്രവർത്തകരുടെയും പ്രിയ മേളയാക്കി നമ്മുടെ ചലച്ചിത്രോത്സവത്തെ മാറ്റുന്നതും അതിന്റെ ജനകീയ സ്വഭാവമാണ്. കേരളത്തിലെമ്പാടും നിന്ന് ആയിരക്കണക്കിന് സിനിമാപ്രേമികളാണ് ഈ ദിവസങ്ങളിൽ സിനിമയിൽ അലിയാനും സൗഹൃദങ്ങൾ പുതുക്കാനുമൊക്കെയായി തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തുന്നത്. നമ്മുടെ മേള ഇരുപത്തിയൊന്നാം പതിപ്പിലെത്തുമ്പോൾ കരുത്താവുന്നതും ഈ ആസ്വാദക സമൂഹം തന്നെയാണ്.