ദേശീയഗാനം: ദേശദ്രോഹം ആരോപിക്കപ്പെട്ട കലാകാരൻ കസ്റ്റഡിയിൽ

#

കൊല്ലം (18.12.2016 ) : ദേശീയഗാനത്തെ അപമാനിച്ചുവെന്നു ആരോപിച്ചു ദേശദ്രോഹക്കുറ്റം ചുമത്തപെട്ട നോവലിസ്റ്റും സാമൂഹ്യപ്രവർത്തകനുമായ കമൽ സി ചവറയെ കോഴിക്കോട് നിന്ന് ഇന്ന് രാവിലെ കേരള പോലീസ് കസ്റ്റഡിയിൽ എടുത്തു. കുന്നമംഗലത്തെ വസതിയിൽ നിന്നാണ് കമലിനെ കസ്റ്റഡിയിൽ എടുത്തത്. നടക്കാവ് സ്റ്റേഷനിൽ ഉള്ള കമലിനെ കരുനാഗപ്പള്ളി പോലീസിനു കൈമാറിയ ശേഷം അറസ്റ്റ് രേഖപെടുത്തുമെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന ശശിയും ഞാനും എന്ന നോവലിന്റെ ചില ഭാഗങ്ങൾ കമൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ എഫ് ഐ ആറിൽ ഇതിനു പുറമേ കമലിൻറെ പ്രസിദ്ധീകരിച്ച നോവൽ ആയ ശ്മശാനങ്ങളുടെ നോട്ടുപുസ്തകത്തിലും ഇതേ കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്.

യുവമോർച്ച പ്രവർത്തകരുടെ പരാതിയിലാണ് കേരള പോലീസ് വളരെയേറെ വിമർശനത്തിന് വിധേയമായ ഐ പി സി 124 എ വകുപ്പ് ചുമത്തി കമൽ സി ചവറയ്ക്കെതിരെ കേസെടുത്തത്. ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ കമലിനെതിരായ സംഘപരിവാർ ആക്രണമണത്തെ ശക്തമായി നേരിട്ട ഇടതു പക്ഷ രാഷ്ട്രീയ പ്രവർത്തകർ, പക്ഷേ, കമൽ സി ചവറയുടെ കാര്യത്തിൽ പുലർത്തുന്ന നിസ്സംഗത ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനത്തിന് വഴി വെച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ കസ്റ്റഡി മരണങ്ങൾക്കും ദളിത് പീഡനങ്ങൾക്കും പഴി കേട്ട കേരള പോലീസ് ഇപ്പോൾ സംഘപരിവാര രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായി മാറുകയാണെന്നാണ് ആരോപണം.കേരള ഡി ജി പി ലോക്നാഥ് ബെഹ്റയും മോദിയുമായുള്ള ബന്ധം നേരെത്തേ തന്നെ ചർച്ചയായിരുന്നു.