ദളിതർക്ക് നേരെ നടക്കുന്നത് കടുത്ത ഭരണഘടനാലംഘനം : ജിഗ്നേഷ് മേവാനി

#

തിരുവനന്തപുരം (24-12-16) : കേരളത്തില്‍ ബിജെപിക്കു ഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ മരണമായിരിക്കുമെന്ന് ഉന പ്രക്ഷോഭ നേതാവ് ജിഗ്‌നേഷ് മേവാനി. കടുത്ത ഭരണഘടനാലംഘനമാണ് രാജ്യത്ത് ദളിത് സമൂഹത്തിനു നേരേ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സിഎസ്ഡിഎസ് കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി. ദളിതുകളെ പോലെ മുസ്ലിംങ്ങളും ഒരേ തരത്തിലുള്ള പീഡനങ്ങള്‍ ഏറ്റു വാങ്ങുന്നുവെന്നും മേവാനി പറഞ്ഞു. വളരെ പ്രതീക്ഷയോടെ കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത കേരളത്തിലെ സര്‍ക്കാരും ദളിത് വിഭാഗങ്ങളെ വഞ്ചിച്ചു. എന്തു വില കൊടുത്തും സിഎസ്ഡിഎസിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകണമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. ജനുവരി 29 ന് ചെങ്ങറയിൽ നിന്നാരംഭിക്കുന്ന ചലോ തിരുവനന്തപുരം ഭൂ സമരത്തിൽ പങ്കാളികളാകാനും മേവാനി ആഹ്വാനം ചെയ്തു.

ആയിരക്കണക്കിന് പേർ പങ്കെടുത്ത വമ്പൻ പ്രകടനവും കുടുംബസംഗമത്തിന്റെ ഭാഗമായി നടത്തി. മന്ത്രി എകെ ബാലന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ പിസി ജോര്‍ജ്,രാജു എബ്രഹാം, സുരേഷ് കുറുപ്പ്,ഡോ. എം ജയരാജ്, സികെ ആശ, സിഎസ്ഡിഎസ് ജനറല്‍ സെക്രട്ടറി എം.എസ് സജന്‍ എന്നിവരും പങ്കെടുത്തു.