നോട്ട് പിന്‍വലിക്കല്‍ : മോദിയോട് രാഹുലിന്റെ 5 ചോദ്യങ്ങള്‍

#

ന്യൂഡല്‍ഹി (28-12-16) : നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിനുശേഷം 50 ദിവസം തികയുന്ന ഇന്ന് (ഡിസംബര്‍ 28) അതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 5 ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ 132-ാം സ്ഥാപകദിനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

നരേന്ദ്രമോദിയോട് രാഹുല്‍ഗാന്ധി ചോദിച്ച 5 ചോദ്യങ്ങള്‍ ഇവയാണ്:
1). നവംബര്‍ 8 ന് ശേഷം എത്ര കള്ളപ്പണം തിരികെ എത്തി?
2). സമ്പദ് ഘടനയ്ക്കുണ്ടായ നഷ്ടം എത്രയാണ്?
3). നവംബര്‍ 8 നു ശേഷം നോട്ട് പിന്‍വലിക്കലിന്റെ പ്രത്യാഘാതമെന്ന നിലയില്‍ എത്രപേര്‍ മരണമടഞ്ഞു?
4). മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ?
5). നോട്ടു പിന്‍വലിക്കല്‍ തീരുമാനമെടുക്കുന്നതിനു മുന്നോടിയായി ഏതൊക്കെ സാമ്പത്തിക ശാസ്ത്രജ്ഞരുമായാണ് പ്രധാനമന്ത്രി കൂടിയാലോചന നടത്തിയത്?

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി സംസ്ഥാനത്ത് റാലികളെയും സമ്മേളനങ്ങളെയും അഭിസംബോധന ചെയ്യുന്ന രാഹുല്‍ എല്ലാ സ്ഥലങ്ങളിലും വലിയ ജനക്കൂട്ടങ്ങളെയാണ് ആകര്‍ഷിക്കുന്നത്. യു.പിയില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിയുന്നത് ബി.ജെ.പി കേന്ദ്രങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. യു.പി.എ സര്‍ക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങള്‍ നിരത്തി രാഹുലിനെ നേരിടാനുള്ള ശ്രമങ്ങളിലാണ് ബി.ജെ.പി.