സംഗീതത്തിന്റെ മാർഗഴി

#

(31.12.2016) : വർഷത്തിലെ പകുതി സമയവും കൊടും ചൂടും, ബാക്കിയുള്ളതിൽ പാതി മഴയും വെള്ളക്കെട്ടും ജീവിതം ദുസ്സഹമാക്കുന്ന മദിരാശി നഗരം ഡിസംബർ-ജനുവരി മാസങ്ങളിൽ സ്വർഗമാണ്. എങ്ങു നിന്നോ വരുന്ന കുളിരും മാനവും മനസ്സും നിറയുന്ന സംഗീതവും. ഒരു പക്ഷെ, ഈ രണ്ടു മാസങ്ങളിൽ മദിരാശി ഏഷ്യയിലെ വിയന്ന ആയി മാറുന്നു.

രണ്ടായിരത്തോളം കച്ചേരികൾ, നൂറിലേറെ സംഗീത സഭകൾ, നൂറുകണക്കിന് സംഗീത പ്രതിഭകൾ, അതിരാവിലെ തുടങ്ങി രാവേറുവോളം നീളുന്ന കർണാടക സംഗീത മാമാങ്കം. ഇതൊരദ്ഭുതമാണ്, ഏഷ്യയിൽ മറ്റെങ്ങും കാണാനാവാത്ത പ്രതിഭാസം. മദിരാശി ജയലളിതയുടെയും, ശശികലയുടെയും, അമ്പലങ്ങളുടെയും, പ്രശസ്ത ദേശീയ സ്ഥാപനങ്ങളുടെയും, വ്യവസായ സംരംഭങ്ങളുടെയും, ദ്രാവിഡ രാഷ്ട്രീയത്തിന്റെയും മാത്രം നാടല്ല എന്ന് നമ്മെ ഓർമപ്പെടുത്തുന്ന മാർഗഴി മാസം. ലോകം മുഴുവൻ ഇവിടേയ്ക്ക് ഒഴുകിയെത്തുന്ന മനോഹര ദിനങ്ങൾ.

മ്യൂസിക് അക്കാദമി എന്ന് ഇന്നറിയപ്പെടുന്ന സ്ഥാപനത്തിന്റെ തുടക്കക്കാർ 1927 ൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി തുടങ്ങി വച്ച ഒരു ആൾട്ടർനേറ്റീവ് movement ആണ് ഇന്ന് വളർന്നു പന്തലിച്ചു നിൽക്കുന്ന ഈ സംഗീതോത്സവമായി (നൃത്തവും, നാടകവും ഇതിനോടൊപ്പമുണ്ട്) മാറിയത് എന്നത് ചരിത്രം. പക്ഷെ നാന്നൂറ് കൊല്ലം മാത്രം പഴക്കം പറയാവുന്ന കർണാടക സംഗീതത്തിന് ഇന്ന് ഇത്രയും ഉപാസകരെയും, രസികരെയും (അതാണ് ആസ്വാദകർക്ക് കർണാടകസംഗീത വ്യവസ്ഥ നൽകിയിരിക്കുന്ന പേര്) ആകർഷിക്കാൻ കഴിയുന്നതിന്റെ ഒരു കാരണം ഈ മാർഗഴി മാസത്തിലെ സംഗീതോത്സവം തന്നെയാണ്. ഹിന്ദുസ്ഥാനി സംഗീതത്തിൽ പുതിയ തലമുറയെ കാണാനേ ഇല്ല, കർണാടക സംഗീതത്തിൽ പുതിയ പ്രതിഭകൾ പാടി തകർക്കുകയാണ്.

ഈ പ്രതിഭാസത്തിനു പിന്നിൽ ജന്മസിദ്ധമായ പ്രാഗല്ഭ്യത്തിനോടൊപ്പം ചേർന്ന് നിൽക്കുന്ന ഒരു ഘടകമുണ്ട്‌ - വർഷങ്ങളുടെ ഉപാസന. ഉപാസനയെന്നു പറഞ്ഞാൽ അഞ്ചോ ആറോ വർഷമല്ല - ഇരുപതും മുപ്പതും വർഷം. അതും സംഗീതം ജീവിതവും തൊഴിലും ആയിക്കഴിക്കുന്ന ഒരു വിഭാഗം ജനങ്ങൾ - ചെറുപ്പക്കാർ മുതൽ വന്ദ്യ വയോധികർ വരെ.

രസകരമായ ഒരു വസ്തുത സഭകളും, ഉപാസകരും, രസികരും ചേരുന്ന ഈ ആവാസ വ്യവസ്ഥ (ecoysystem) ഏറെക്കുറെ തമിഴ് ബ്രാഹ്മണരുടെ മാത്രം സൃഷ്ടിയാണ് എന്നതാണ്.   ബ്രാഹ്മണർക്കു വേണ്ടി ബ്രാഹ്മണരാൽ വളവും വെള്ളവും നൽകി പോറ്റിയുറപ്പിച്ച ഒരു അപൂർവ പ്രസ്ഥാനം. അതിനിടയിൽ, അബ്രാഹ്മണരയെ ചിലർ - എന്നെപ്പോലെ വളരെ കുറച്ചു പേർ - ആസ്വാദകരായി കൂടുന്നു. കർണാടക സംഗീത ആവാസവ്യവസ്ഥയിൽ ഏറെക്കുറെ അദൃശ്യരായ, അപ്രധാനമായ ഘടകങ്ങൾ. നമ്മുടെ സാന്നിധ്യം വഴിയോരകാഴ്ചക്കാരുടേതു മാത്രം. എന്നാലും അതിമനോഹരമാണ് ആ അനുഭവം.

ബ്രാഹ്മണരുടെ ഈ exclusivity ഇന്ന് വളരെ ചർച്ച ചെയ്യപ്പെടുന്ന ഒരു വസ്തുതയാണ്, പ്രത്യേകിച്ചും സംഗീതജ്ഞൻ ടിഎം കൃഷ്ണ ഈ പ്രശ്നം പൊതു വേദികളിൽ വിളിച്ചു പറയാൻ തുടങ്ങിയതിനു ശേഷം (അദ്ദേഹത്തിന്റെ A Southern Music എന്ന പുസ്തകത്തിൽ ഈ വിഷയം നന്നായി പ്രതിപാദിക്കുന്നുണ്ട്). കർണാടക സംഗീതത്തിൽ മറ്റു ജാതികളിൽ പെട്ടവർ തീരെ ഇല്ല (എം എസ് സുബ്ബുലക്ഷ്മി, ടി വൃന്ദ, യേശുദാസ് എന്നിവരുടെ പേരുകൾ ഈ വാദം ഖണ്ഡിക്കുന്നവർ ഉപയോഗിക്കാറുണ്ടെങ്കിലും) എന്ന് തന്നെ പറയാം, കാരണം ഈ സംഗീത ശ്രേണിയുടെ നിലനിൽപ്പ് തന്നെ ഈ ആവാസവ്യവസ്ഥയാണ്. ഇതിൽ അംഗത്വം ഇല്ലാത്തവർക്ക് ഇതൊരു തൊഴിലാക്കാനാവില്ല. ഒരു മുഴുവൻ സമയ പരിപാടിയല്ലാതെ ഈ രംഗത്ത് ഉയരാനും ആവില്ല. അത്രയും ശ്രമവും സാമൂഹ്യ, സാമ്പത്തിക പരിലാളനവും വേണ്ട ഒരു മേഖലയാണിത് എന്നത് തന്നെ കാരണം. അബ്രാഹ്മണർക്ക് ഇവിടെ പ്രവേശനം ഏതാണ്ട് അസാധ്യവും.

ബ്രാഹ്മണിസം എന്ന ആ അസാധാരണ വ്യവസ്ഥ അവിടെ നിൽക്കട്ടെ, കാരണം അത് വെറുതെ പറഞ്ഞു പോകേണ്ട ഒരു വിഷയം അല്ല. മറ്റൊരിക്കലാവാം ആ ചർച്ച.

ഡിസംബർ ആദ്യ വാരം തന്നെ ആരംഭിക്കുന്നു ചെന്നൈയിൽ മാർഗഴി. സഭകളുടെ രാജാവായി കരുതപ്പെടുന്ന മൈലാപൂരിലെ മ്യൂസിക് അക്കാദമിയിൽ ഡിസംബർ 15 മുതൽ ആണ് ഉത്സവം തുടങ്ങുക. മറ്റു സഭകൾ ചിലവ നേരത്തെയും ചിലവ പിന്നീടും ആരംഭിക്കുന്നു. മ്യൂസിക് അക്കാദമി 15 നു തുടങ്ങി ജനുവരി ഒന്നിന് തീർക്കുമ്പോൾ ചില സഭകളുടെ ഉത്സവം ജനുവരി 15 - 20 വരെ നീണ്ടു പോകാറുണ്ട്.

രാവിലെ തുടങ്ങുന്നു കച്ചേരികൾ. മ്യൂസിക് അക്കാഡമിയിൽ രാവിലെ പഴയ ആചാര്യന്മാരുടെ സദിരുകൾ, lec-dem എന്നറിയപ്പെടുന്ന പരിശീലനകളരികൾ, പിന്നെ പുതിയ ഗായകരുടെ കച്ചേരികൾ. മറ്റിടങ്ങളിൽ ഏറെക്കുറെ ഉച്ച മുതൽ വൈകിട്ട് വരെ പുതിയ ആൾക്കാരുടെ കച്ചേരികളാണ്.

വൈകിട്ട് രണ്ടു സമയങ്ങളാണ് പ്രധാന സദിരുകൾക്കായി മാറ്റി വയ്ക്കുക. ഈ വേദികളിൽ താരങ്ങൾക്കു മാത്രമാണ് പ്രവേശനം. ഈ സമയങ്ങളിൽ ചെന്നൈ സഭകളിൽ കച്ചേരി നടത്താൻ അവസരം കിട്ടിത്തുടങ്ങി എന്ന് വച്ചാൽ, സംഗീത ലോകം ഒരാളെ ശ്രദ്ധിക്കാൻ തുടങ്ങി എന്നർത്ഥം. സംഗീതം പിന്നെ തൊഴിലായി സ്വീകരിക്കാൻ മടിക്കേണ്ടതില്ല. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന കർണാടക സംഗീത, തമിഴ് ബ്രാഹ്മണ ആവാസ വ്യവസ്ഥയുടെ സുരക്ഷയുടെ തണലിൽ വളർന്നു പന്തലിക്കുക തന്നെ. നാമിന്നു കാണുന്ന എല്ലാ വൻ താരങ്ങളും ഈ വഴിയിലൂടെ മാത്രം വളർന്നവരാണ്. വേറെ ഒരു മാർഗവുമില്ല. ജന്മസിദ്ധിക്ക് പുറമെ, ഇരുപതു വർഷത്തെയെങ്കിലും പ്രയത്നമില്ലാതെ ഇത്തരമൊരു അവസരത്തെക്കുറിച്ചു ആലോചിക്കയേ വേണ്ട. എപ്പോഴെങ്കിലും ഫോം നഷ്ടപ്പെട്ടാൽ പുറത്താവുമെന്നതും ഉറപ്പ്‌. വളരെ ഉയരത്തിലുള്ള ഈ ഉൽകൃഷ്ടതയുടെ നിലവാരം ചിലപ്പോൾ ഭീതിജനകവുമാണ് എന്ന് പറയേണ്ടി വരും.

മാർഗഴി ഉത്സവത്തിലെ സായാഹ്‌ന സന്ധ്യകൾ വിരലിൽ എണ്ണാവുന്ന ഇത്തരം പ്രതിഭകൾക്ക് വേണ്ടി മാറ്റി വയ്ക്കപ്പെട്ടിരിക്കയാണ്. ചിലർ കുറേക്കാലമായി അവിടെയുണ്ട്, മറ്റു ചിലർ പുതുതായി കടന്നു വന്നവർ. ഇവരാണ് കർണാടക സംഗീതത്തിലെ ഇന്നത്തെ താരങ്ങൾ. എല്ലാ പ്രധാന സഭകളിലും പാടുന്നത് ഇവർ തന്നെ. ഇവരില്ലെങ്കിൽ സഭകൾക്ക് അന്തസ്സില്ല. സഞ്ജയ് സുബ്രമണ്യൻ, അരുണ സായിറാം, സുധ രാഘുനാഥൻ, അഭിഷേക് രഘുറാം, ബോംബെ ജയശ്രീ, രഞ്ജിനി-ഗായത്രി, പ്രിയ സഹോദരിമാർ, അക്കരയ് സഹോദരിമാർ, യു.രാജേഷ്, ഡോക്ടർ സൗമ്യ, നിത്യശ്രീ, തൃശൂർ സഹോദരന്മാർ, ശശാങ്ക്, സിക്കിൽ ഗുരുചരൻ, രവികിരൺ, ജയേഷ്-കുമരേഷ്, ജയന്തി കുമരേഷ്, ഉണ്ണികൃഷ്ണൻ...ഇങ്ങനെ ഏറിയാൽ മുപ്പതു പേര് വരുന്ന ഒരു സംഘം. ഓരോരുത്തരും 5-6 മുതൽ 10-12 വരെ കച്ചേരികൾ നടത്തുന്നു - നാലു മണി അല്ലെങ്കിൽ ആറു മണി സ്ലോട്ടിനു വേണ്ടി. ബാക്കിയുള്ളവർ എല്ലാം മറ്റു സമയങ്ങളിൽ. എല്ലാവരുടെയും ആദ്യകാലം രാവിലെയോ ഉച്ചയ്‌ക്കോ ഉള്ള സ്ലോട്ടുകളിൽ. അവിടെ നിന്ന് പടിപടിയായി അവർ വൈകുന്നേരങ്ങളിലെത്തുന്നു. ഇപ്പോഴുള്ള എല്ലാ താരങ്ങളും ഈ വരി തെറ്റിച്ചവർ അല്ല. ചിലർക്ക് പിന്നിൽ നിന്ന് പെട്ടെന്ന് മുന്നിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നു - അതിനു മിക്കപ്പോഴും കഴിവ് തന്നെ പ്രധാനം. നേരത്തെയുള്ള സ്ലോട്ടുകളിൽ പയറ്റി പേര് തെളിഞ്ഞാൽ സഭകൾ പിന്നാലെ വരും. പ്രവാസി സംഘടനകളും, മുമ്പ് പറഞ്ഞ ആവാസ വ്യവസ്ഥയും. സഭ പ്രമാണിമാരുടെ ഇടപെടലുകളും, സഭകൾക്ക് നൽകുന്ന ഉദാര സംഭാവനകളും പെട്ടെന്ന് മുന്നിലേക്ക് വരാനോ, രാവിലെയെങ്കിലും കച്ചേരി കിട്ടാനോ ഉള്ള അവസരങ്ങൾ ഒരുക്കുന്നു എന്നത് എല്ലാവരും സമ്മതിക്കുന്ന പരസ്യമായ രഹസ്യമാണ് എന്നത് വേറൊരു വസ്തുത. പക്ഷെ വൈകുന്നേരത്തെ (prime time)  താരശോഭ കഴിവ് കൊണ്ട് നേടിയെടുക്കേണ്ടത് തന്നെയാണ്

ഇന്ന് കർണാടക സംഗീതത്തിൽ ഒരേ ഒരു ചക്രവർത്തിയെ ഉള്ളൂ - സഞ്ജയ് സുബ്രമണ്യൻ. ഈ വർഷം അദ്ദേഹം പന്ത്രണ്ടു കച്ചേരികൾ നടത്തി (ഇതിൽ ഒരു ദിവസം ഒന്നിന് പുറകെ ഒന്നായി രണ്ടു വട്ടം) എല്ലായിടത്തും ജനപ്രവാഹമായിരുന്നു. ഇത്രയും താര പരിവേഷമുള്ള ഒരു സംഗീതജ്ഞൻ എം എസ് സുബ്ബുലക്ഷ്‌മിക്ക് ശേഷം വേറെ ഉണ്ടായിട്ടില്ല. കർണാടക സംഗീതം ചട്ടങ്ങളാൽ നിയന്ത്രിതമാണ് എന്ന വിമർശനത്തിനുള്ള മറുപടിയാണ് ഇദ്ദേഹത്തിന്റെ സംഗീതം. കർണാടക സംഗീതത്തിന്റെ ഏറ്റവും വിസ്മയാവഹമായ മനോധർമ സഗീതത്തിൽ സഞ്ജയ് ഒരു പ്രതിഭാസമാണ്. എഴുതി വയ്ക്കപ്പെട്ട സംഗീതം ഒരിക്കലും അങ്ങനെ നിൽക്കുന്ന ഒന്നല്ല എന്ന് പ്രശസ്ത ജർമൻ സംഗീതജ്ഞൻ (Berlin Philharmonic Orchestra) ഹെർബേർട് വോൺ കരയൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം അതിനെക്കുറിച്ചു പറഞ്ഞ ഉദാഹരണം കൈക്കുടന്നയിൽ വീഴുന്ന മഞ്ഞാണ് - അതുരുകുന്നതു പോലെയാണ് സഞ്ജയിന്റെ മനോധർമം. രാഗാലാപനമായാലും, നെരവൽ (പല്ലവിയുടെ അർഥവത്തായ ഒരു തുണ്ട് രാഗ, താള നിബദ്ധത വിടാതെ പല തരത്തിൽ കൂട്ടിക്കിഴിച്ചു പാടുന്ന രീതി - വളരെ സ്‌കിൽസ് വേണ്ടി വരുന്ന ഒരു അഭ്യാസം) ആയാലും, താനമായാലും, സ്വര സ്പഷ്‌ടീകരണം ആയാലും, സഞ്ജയ് സൃഷിക്കുന്ന അനുഭവം വർണനാതീതം ആണ്. അത് കൊണ്ടു തന്നെ, ഒരു കൂട്ടം രസികർ ഇദ്ദേഹത്തെ മാത്രം പിന്തുടരുന്നു. അദ്ദേഹത്തിന്റെ എല്ലാ കച്ചേരികൾക്കും, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഭകളിൽ, അവരുണ്ടാവും. സാമൂഹ്യ മാധ്യമങ്ങളിൽ അവരുടെ ചർച്ച സഞ്ജയിന്റെ മാർഗഴി കച്ചേരികളെക്കുറിച്ചാണ്. എന്തൊക്കെ രാഗം, ഏതൊക്കെ കീർത്തനം, ഏതൊക്കെ തമിഴ് കൃതികൾ, വൃതം എന്നിവ പാടി, എങ്ങനെ പാടി തുടങ്ങിയവ. ഒരാൾ സഞ്ജയിന്റെ കേദാര ഗൗള തേടി നടന്നത് കിട്ടിയതിന്റെ സന്തോഷത്തിലാണെങ്കിൽ, മറ്റൊരാൾ സഞ്ജയ് പുതുതായി പാടിയ രാഗങ്ങളുടെ സന്തോഷത്തിലാണ്. ഓരോ വർഷവും സഞ്ജയ് പുതിയ രാഗങ്ങളും കൃതികളും അവതരിപ്പിക്കാറുണ്ട്. ഒരു പക്ഷെ, കേരളത്തിൽ ഇത് അധികമാർക്കും ആസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല, കാരണം ചെന്നൈയിൽ സ്ഥിരം രാഗങ്ങൾ പാടുന്നത് ഒരു കുറവ് പോലെയെന്ന് വേണമെങ്കിൽ പറയാം.

മറ്റു ഗായകരും പുതിയ രാഗങ്ങൾ അവതരിപ്പിക്കാറുണ്ട്. അതില്ലാതെ പിടിച്ചു നിൽക്കുക പ്രയാസം. ഉറപ്പായും, ഒരേ സഭയിൽ ഓരോ വർഷവും ഒരേ രാഗങ്ങൾ ആലപിക്കാൻ ആവില്ല. ഒരേ ആൾക്കാർ ഒരാളിന്റെ തന്നെ പല കച്ചേരികൾ കേൾക്കുന്നതു കൊണ്ട് ഓരോ മാർഗഴിയിലും പുതുതായി ഒരു പിടി രാഗങ്ങളും കീർത്തനങ്ങളും പ്രയോഗിക്കേണ്ടതുണ്ട്. ഇതിനുള്ള പ്രയത്നമാണ് വർഷം മുഴുവൻ. സന്ദീപ് നാരായൺ എന്ന പുതു തലമുറ ഗായകൻ പറയുന്നത് ദിവസം രണ്ടു നേരമായി അയാൾ നാല് മുതൽ ആറു മണിക്കൂർ വരെ പ്രാക്ടീസ് ചെയ്യാറുണ്ട് എന്നാണ്. കാണാതെ പഠിച്ചു കീർത്തനങ്ങളോ കുറെ സ്വരങ്ങളോ പാടുന്നതല്ല ശാസ്ത്രീയ സംഗീതം.

ഇക്കൂട്ടത്തിൽ കടന്നു പറ്റിയ മലയാളികൾ മൂന്നു പേർ മാത്രം - നെയ്യാറ്റിൻകര വാസുദേവൻ (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല) യേശുദാസ്, ഉണ്ണികൃഷ്ണൻ, ശ്രീവത്സൻ മേനോൻ (ഇതിൽ എന്ത് കൊണ്ടെന്നറിയില്ല ശ്രീവത്സൻ മേനോനെ ഈ വർഷം കണ്ടില്ല. യേശുദാസ് പത്തു പന്ത്രണ്ടു കച്ചേരികൾ പാടും, അതിനെല്ലാം ആളും കൂടും. എങ്കിലും അദ്ദേഹം താരമല്ല. പുതിയ തലമുറയുടെ ഉജ്ജ്വലത, ബുദ്ധി കൂർമ്മത അദ്ദേഹത്തിന്റെ ആലാപനത്തിലില്ല.

പുതിയ തലമുറയിലെ പ്രഗത്ഭൻ അഭിഷേക് രഘുറാം ആണ്. പാലക്കാട് മണിയുടെയും ലാൽഗുഡി ജയറാമിന്റെയും പൗത്രൻ. ഇത്രയും ധിഷണാപരവും, ബുദ്ധിവൈഭവം തികഞ്ഞതുമായ ആലാപനങ്ങൾ അസാധ്യം. വരും കാലങ്ങളിൽ ഇയാൾ സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ നേട്ടങ്ങൾ കൈപിടിയിൽ ഒതുക്കുമെന്നുറപ്പ്.

ഏതാണ്ട് മുഴുവനായും ബ്രാഹ്മണർ നിറയുന്ന സദസ്സുകൾ. മിക്കവരും സംഗീതം നന്നായി അറിയുന്നവർ. രാഗവിസ്താരം തുടങ്ങുമ്പോൾ തന്നെ, അവർ രാഗം ഏത് എന്നും, കീർത്തനം ഏത് എന്നും പരസ്പരം ഉച്ചത്തിൽ പറയും, ചിലപ്പോൾ ഒപ്പം ആലപിക്കും, ഏറെക്കുറെ മിക്കപ്പോഴും താളമിടും - ഖണ്ഡ ചാപ്പ് താളമായാൽ പോലും. ടിഎം കൃഷ്ണ തന്റെ പുസ്തകത്തിൽ പറയുന്ന പോലെ, കേൾക്കുന്നതിനു മുമ്പ് തന്നെ മനസ്സിലാക്കാനുള്ള പരിശീലനമുള്ളവർ. അവരോടൊപ്പമിരുന്ന് സംഗീതം ആസ്വദിക്കുന്നത് ഒരു രസമാണ്. ഈ സഭകളിലെ എല്ലാം കാന്റീനുകളും സംഗീതത്തോടൊപ്പം ചർച്ചകൾക്കും വിമർശനങ്ങൾക്കും വിധേയമാവാറുണ്ട്. തനിയാവർത്തനം തുടങ്ങുമ്പോൾ ക്യാന്റീനിലേക്കു ഒഴുകുന്ന രസികരുടെ കാഴ്ച വളരെ സാധാരണമാണ്. സംഗീതവും ശാപ്പാടും ഒന്നിച്ചു പോയാലല്ലേ ഒരു രസമുള്ളൂ. സഭകളിൽ നിന്ന് സഭകളിലേക്കു ഓടുന്ന രസികരും ധാരാളം. ഇവർ sabha-hoppers എന്നറിയപ്പെടുന്നു.

ചെന്നൈ ആണ് കർണാടക സംഗീതത്തിന്റെ എവറസ്റ്റ് എന്നതിന്റെ തെളിവാണ് മാർഗഴി. ഇത് ചില്ലറ പരിപാടിയല്ല. There is no royal road to science, and only those who do not dread the fatiguing climb of its steep paths have a chance of gaining its luminous summits, എന്ന് മാർക്സ് എഴുതിയിട്ടുണ്ട്. മാർഗഴിയിൽ ഈ താരങ്ങളുടെ സംഗീതം കേൾക്കുമ്പോൾ ഞാൻ ഓർക്കുന്നത് അത് മാത്രമാണ്. അദ്ധ്വാനം ഇല്ലാത്ത സമൂഹത്തിൽ കല ഇല്ല, ഉള്ളത് വെറും പുറംപൂച്ച് മാത്രം.