മുകളിൽ ഇരിക്കാൻ തയ്യാറാകാത്ത കലാകാരൻ

#

(31.12.2016) : ഇന്ത്യയിലെ കർണാടകസംഗീതജ്ഞരിൽ പ്രധാനിയും താരതമ്യേന യുവാവുമായ ടി.എം കൃഷ്ണ, നിർബന്ധബുദ്ധിയോടെ സ്വയം വെട്ടിത്തെളിച്ച പാതയിലൂടെ മാത്രം നടന്ന് അനിഷേധ്യനായിത്തീർന്ന മഹാപ്രതിഭയാണ്. കല ആത്മാവിഷ്കാരത്തിനുള്ളതാണ്. ഏതെങ്കിലും ഒരു പാതയോ ആരുടെയെങ്കിലും കാൽപ്പാടുകളോ പിന്തുടരലല്ല എന്ന ഉറക്കെപ്പറച്ചിലാണ് അദ്ദേഹത്തിന്റെ കച്ചേരികൾ. തൻ്റെ ആത്മാവിഷ്കാരം അങ്ങേയറ്റം സത്യസന്ധമായിരിക്കണം എന്ന് വിചാരിക്കുന്ന ഒരു കലാകാരനെന്നല്ല, ഒരു വ്യക്തിക്ക് തന്നെ അത് വളരെ ഋജുവും ,ലളിതവും സുതാര്യവും അതേ സമയം തന്നെ സങ്കീർണ്ണവും വക്രവും അതിസാന്ദ്രവുമായ ഒരു പ്രക്രിയയാണ്.

മദ്രാസ് സംഗീതസഭയിലെ ഏറ്റവും വരേണ്യരിൽ ഒരാളാണ് ടി.എം.കൃഷ്ണ. താൻ ഇനി സഭയിൽ കച്ചേരി നടത്തുന്നില്ല എന്ന് 2015 ൽ ഒരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹം പ്രഖ്യാപിച്ചത് വലിയ വിവാദം സൃഷ്ടിക്കുകയുണ്ടായി. കർണാടകസംഗീത ലോകം അഴുക്കുനിറഞ്ഞതായി മാറിയിരിക്കുന്നു എന്നും അതിനാൽ ഇനി അവിടം വൃത്തിയാക്കിയതിനു ശേഷമേ തനിക്കു പാടാൻ കഴിയൂ എന്നും സ്വന്തം വീട് വൃത്തിയാക്കേണ്ട ചുമതല തനിക്ക് കൂടിയുള്ളതാണ് എന്നുമാണ് അദ്ദേഹം അതിനു നൽകിയ വിശദീകരണം.

ബ്രാഹ്മണർ കർണാടകസംഗീതലോകത്തിനു നൽകിയ വലിയ സംഭാവനകളെയോ മഹാരഥന്മാരായ ബ്രാഹ്മണസംഗീതജ്ഞരെയോ വിസ്മരിക്കുകയോ താഴ്ത്തിക്കെട്ടുകയോ അല്ല. പക്ഷേ, കർണാടകസംഗീതം ബ്രാഹ്മണർക്കു മാത്രം അവകാശപ്പെട്ടതാണ് എന്ന ധാർഷ്ട്യത്തിനെ അടിച്ചുതളിച്ചു വൃത്തിയാക്കാതെ സംഗീതത്തിന് ആരോഗ്യത്തോടെ വളരാൻ കഴിയില്ല. കഴിഞ്ഞ ഒന്നര വർഷമായി ആരുടേയും പിന്തുണയോ സഹായമോ പ്രതീക്ഷിക്കാതെ അദ്ദേഹം സധൈര്യം ഈ ജോലിയിൽ വ്യാപൃതനായിരിക്കുന്നു. ടി.എം.കൃഷ്ണ പറയുന്ന കാര്യങ്ങൾ വെറും സത്യങ്ങൾ മാത്രമാണ് എന്നതാണ് കർണാടകസംഗീതലോകത്തെ യാഥാസ്ഥിതികരുടെ ഉറക്കം ഞെട്ടിക്കുന്നത്. ഞാൻ ഉയർന്നജാതിയിൽജനിച്ചവനാണ് എന്നതല്ല പ്രശ്നം,അതിൽ ഞാൻ അഭിമാനിക്കുന്നു എന്നതാണ് പ്രശ്നം എന്ന് അയാൾ വിളിച്ചുപറഞ്ഞു.

ഇപ്പോൾ ഏറ്റവും പുതിയതായി ടി.എം.കൃഷ്ണ എഴുതിയ ഒരു ലേഖനം ഇതുവരെ അദ്ദേഹം ഒറ്റയ്ക്ക് ചെയ്ത എല്ലാ സമരങ്ങളെയും പുതിയ ഒരു വിതാനത്തിലേയ്ക്ക് ഉയർത്തിയിരിക്കുന്നു. കലാകാരനെ നിയമനിഷേധിയായോ കലഹമുണ്ടാക്കുന്നയാളായോ മാറ്റുന്ന വ്യവസ്ഥിതിയാണ് ഒരു സമൂഹത്തിൽ ഉള്ളതെങ്കിൽ സംശയമില്ല, ആ സമൂഹം ഒരു കലാപത്തിന്റെ വക്കത്ത് എത്തിയിരിക്കുന്നു  എന്ന് മഗ്സാസെ പുരസ്കാരം സ്വീകരിച്ചതിനു ശേഷം ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തീർച്ചയായും ടി.എം.കൃഷ്ണയുടെ ഏറ്റവും പുതിയ ലേഖനം ഈ മുന്നറിയിപ്പാണ് നൽകുന്നത്. ഇതുവരെ സംഗീതലോകത്ത് നിന്നുകൊണ്ട് അദ്ദേഹം നടത്തിയ എല്ലാ സമരങ്ങളെയും ഈ ലേഖനം ഉയർന്നതും വിസ്തൃതവും സമഗ്രവുമായ മുഖ്യധാരാ വിതാനത്തിലേയ്ക്ക് ഉയർത്തുന്നു.

ഊമയായിപ്പോയ ആകുലതകൾ : നാം എന്തുകൊണ്ട് ഏതു പീഡനവും മിണ്ടാതെ സഹിക്കുന്ന ഒരു ജനതയായി നിലകൊള്ളുന്നു? എന്ന തന്റെ ലേഖനത്തിൽ അദ്ദേഹം പറയുന്നു:

 അധികാരത്തിനു കീഴടങ്ങി ജീവിക്കുകയാണ് ശരി എന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ . അതിനാൽത്തന്നെ അനുസരണയു ള്ളവരും അടിയാളരുമായി കഴിയുന്നതിൽ തൃപ്തരാകാൻ ശീലിച്ചുപോയി. നമുക്കു താഴെയുള്ളവരോടു നമ്മളും ഇതുതന്നെ പ്രയോഗിക്കുന്നു. എന്നുവച്ചാൽ ഏറ്റവും അടിച്ചമർത്തപ്പെടുന്നത് ദളിതർ, മുസ്ലിംങ്ങൾ, സ്ത്രീകൾ എന്നിവരാണ് സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ കഴിയുന്നവർ.

സ്വയം മതിക്കാത്ത ഒരു ജനതയായി രൂപാന്തരപ്പെട്ടതാണ് നമുക്ക് സംഭവിച്ച ദുരന്തം. ആത്മാഭിമാനത്തോടെ,സ്വന്തം സ്വകാര്യത കാത്തുസൂക്ഷിച്ച് സമഷ്ടിസ്നേഹത്തോടെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ടെന്നു കപട സദാചാരത്തിന്റെ,രാജ്യസ്നേഹത്തിന്റെയും കറപ്പു നൽകി നമ്മളെ വിസ്മരിപ്പിച്ചിരിക്കുന്നു. അതിനാൽ തന്നെ മൗലികാവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്നത് പോലും രാജ്യദ്രോഹമാകുമോ എന്ന് നമ്മൾ ഭയക്കുന്നു.

സ്കൂളുകളിൽ ശിക്ഷാവിധികൾ നിർബന്ധമാക്കുന്നത് കുട്ടികളിൽ അച്ചടക്കം ഉണ്ടാക്കാനാണെന്നു വിശ്വസിക്കുന്നതുപോലെ നാം നമ്മുടെ നാട്ടിൽ എൽ.പി സ്കൂളിലെ ക്ലാസ്സ്മുറിയിൽ ഇരിക്കുമ്പോലെ ജീവിക്കുന്നു. മോഡി എന്ന പ്രധാനാധ്യാപകന്റെ കാൽപ്പെരുമാറ്റം കാതോർത്ത് , അനങ്ങിയാൽപ്പോലും ശിക്ഷ കിട്ടുമെന്ന് ഭയന്ന്, സംസാരിക്കുന്നത് അച്ചടക്കത്തിന് വിരുദ്ധമാണെന്നു തിരിച്ചറിഞ്ഞ് , എല്ലാം നമ്മുടെ നന്മയ്ക്കാണെന്ന് അദ്ദേഹം പറയുന്നത് ചോദ്യം ചെയ്യാതെ ഹൃദിസ്ഥമാക്കിക്കൊണ്ട്. ഇത്തരത്തിൽ നിശ്ശബ്ദത നിയമമാകുന്ന വ്യവസ്ഥിതിയിൽ സംഗീതത്തിനു നിലനിൽപ്പു തന്നെയില്ല. അതുകൊണ്ടുതന്നെ മനുഷ്യനും.

മോഡി അധികാരത്തിൽ വന്നതിനു ശേഷം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ അധീനത്തിലാക്കാനുള്ള തന്ത്രപരവും ക്രമാനുഗതവും കൗശലപൂർവ്വവുമായ ആസൂത്രണങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു എന്ന് പറയാതിരുന്നാൽ, അത് ആത്മവഞ്ചനയാകും. സങ്കടകരമായ വസ്തുത ഈ വിപത്ത് ഉന്നം വെച്ചിരിക്കുന്നത് നമുടെ ഭരണഘടനയെയാണ് എന്നതാണ്.അതായത് ആധുനിക മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തെയെയാണ്. "

ടി.എം.കൃഷ്ണയെപ്പോലെ സമൂഹത്തിലെ മേൽത്തട്ടിൽ കഴിയുന്ന ഒരു കലാകാരൻ പോലും പ്രതികരിക്കുന്നത് ഇത്തരത്തിലാകേണ്ടി വരുന്നുവെങ്കിൽ ഒരു അട്ടിമറിക്കും ,ഉടച്ചുവാർക്കലിനുമുള്ള സമയം വൈകിപ്പോയി എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.