ഇത് വായനക്കാരും സൂക്ഷിക്കേണ്ട കാലം : കുരീപ്പുഴ

#

(31.12.2016 ) : തന്റെ കവിത പോസ്റ്ററായി ഉപയോഗിച്ചതിന്റെ പേരില്‍ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ ജാമ്യമില്ലാ കേസെടുത്തതിനെ വിമര്‍ശിച്ച് കവി കുരീപ്പുഴ ശ്രീകുമാര്‍. 2002 ല്‍ എഴുതിയ കവിതയാണ് ഇതെന്നും ഇതിലെ ആശയങ്ങള്‍ ഇന്നും പ്രസക്തമായതുകൊണ്ടാണ് കുട്ടികള്‍ ഈ കവിത ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആശയപ്രചരണത്തിന് സര്‍ഗാത്മക ഉല്പന്നങ്ങളെ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇത്തരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ലെഫ്റ്റ് ക്ലിക് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കുരീപ്പുഴ പറഞ്ഞു.

പോലീസില്‍ ഏല്‍പ്പിക്കുന്നതിനു പകരം വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത്. സര്‍ഗാത്മക കഴിവുകള്‍ ഇല്ലാതാക്കുന്ന സെമസ്റ്റര്‍ സംവിധാനം നിലവില്‍ വന്നതിനുശേഷവും കുട്ടികള്‍ കവിതയെ കുറിച്ച് ചിന്തിക്കുന്നു എന്നത് വലിയ കാര്യമാണ്. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ല. വായനക്കാരും സൂക്ഷിക്കേണ്ട കാലമാണിതെന്ന് ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എഴുതരുത്, വായിക്കരുത്, അതാര്‍ക്കും പകര്‍ന്ന് നല്‍കരുത് എന്ന് പറയുന്നതിലെന്തു യുക്തിയാണുള്ളതെന്ന്‌ അദ്ദേഹം ചോദിച്ചു.

ദേശീയത അടിച്ചേല്‍പ്പിക്കാനുള്ളതല്ല. കേവലം നിയമങ്ങളിലൂടെ ദേശീയത വളര്‍ത്താന്‍ സാധിക്കില്ലെന്നും കുരീപ്പുഴ പറഞ്ഞു. ചെറുപ്പകാലം മുതല്‍ ദേശീയഗാനം കേള്‍ക്കുമ്പോഴെല്ലാം എഴുന്നേറ്റ് നില്‍ക്കാറുണ്ട്. ദേശീയഗാനത്തിനപ്പുറം ടാഗോര്‍ എന്ന അത്ഭുതപ്രതിഭയോടുള്ള ആദരവ് കൂടിയാണ് അതിന് പിന്നിലുള്ളത്. ദേശീയഗാനം ആലപിക്കേണ്ടത് റോഡിലോ തിയേറ്ററുകളിലോ അല്ല. മറിച്ച് സ്‌കൂളുകളിലാണ്. ദൈവകീര്‍ത്തനങ്ങള്‍ക്ക് പകരം ദേശീയ ഗാനം ഉള്‍പ്പെടുത്തിയാല്‍ അതാകും ദേശീയത വളര്‍ത്താന്‍ സാധിക്കുമെന്നും കുരീപ്പുഴ പ്രതികരിച്ചു.

പുതിയ തലമുറയിലുള്‍പ്പെടെയുള്ളവര്‍ കവിതയെ കൂടുതല്‍ അടുത്തറിയണമെന്നുള്ളതു കൊണ്ടാണ് താന്‍ ഫെയ്‌സ്ബുക്കില്‍ ഇന്ന് വായിച്ച കവിത എന്ന പംക്തിക്ക് തുടക്കം കുറിച്ചത്. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് തനിക്ക് മുന്നോട്ടു പോകാന്‍ പ്രചോദനമായത് ചങ്ങമ്പുഴ, കുറ്റിപ്പുഴ കൃഷ്ണപിള്ള, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയ സാംസ്‌കാരിക നായകന്മാരാണെന്നും കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.