സ്ത്രീകേന്ദ്രിത സിനിമകള്‍ കുറയാന്‍ കാരണം സീരിയലുകള്‍ : ഷീല

#

(02-01-17) : രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷീല തിരിച്ചു വരികയാണ്. ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലൂടെ. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഫര്‍ഹാന്‍ ഫാസില്‍ നായകനായ, മുസ്‌ലിം കുടുംബ പശ്ചാത്തലമുള്ള ചിത്രത്തിലൂടെയാണ് ഷീലയെത്തുന്നത്. ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന പ്രിയതാരം ന്യുജനറേഷന്‍ സിനിമകളെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ലെഫ്റ്റ് ക്ലിക് ന്യൂസിനോട് മനസ്സു തുറക്കുന്നു.

2014 ല്‍ പുറത്തിറങ്ങിയ ഉത്സാഹക്കമ്മിറ്റിയായിരുന്നു ഷീലയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം. തനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ലഭിക്കാത്തതാണ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു കാരണമായതെന്നു പറഞ്ഞ ഷീല, കഥയെപ്പറ്റി അറിയില്ലെന്നും ആര് കൂടെ അഭിനയിച്ചാലും തന്റെ കഥാപാത്രം മാത്രമേ നോക്കാറുള്ളുവെന്നും തനിക്ക് ഇഷ്ടപ്പെട്ടെങ്കില്‍ മാത്രമെ അത് സ്വീകരിക്കാറുള്ളുവെന്നുമാണ് പറഞ്ഞത്. 54 വര്‍ഷക്കാലമായി സിനിമാ രംഗത്തുള്ള ഷീല ഈ കാലയളവില്‍ സിനിമാ രംഗത്ത് നിലനിൽക്കുന്ന വേര്‍തിരിവുകളെക്കുറിച്ചും കലാകാരന്മാരെ അംഗീകരിക്കുന്നതിലുള്ള ഇരട്ടത്താപ്പുകളെക്കുറിച്ചും രോഷത്തോടെയാണ് പ്രതികരിച്ചത്. സിനിമയിലെ വിവിധ മേഖലകളില്‍ തിളങ്ങിയ ഷീല സംവിധാന രംഗത്തേക്ക് സ്ത്രീകള്‍ അധികം കടന്നുവരാത്ത 70 കളിലും 80 കളിലും രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയുണ്ടായി. ഈ ചിത്രങ്ങളുടെ തിരക്കഥയും ഷീലയുടേത് തന്നെയായിരുന്നു. ഇത്തരത്തില്‍ സിനിമയ്ക്കായി മാത്രം ജീവിതം ഉഴിഞ്ഞു വച്ച തനിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്ന നഷ്ടബോധവും അവരുടെ വാക്കുകളിലുണ്ടായിരുന്നു.

ശുപാര്‍ശ വഴി ആര്‍ക്കും പത്മശ്രീയോ പത്മഭൂഷണോ നേടാമെന്ന് സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും സിനിമയ്ക്ക് വേണ്ടി മാത്രം കാലങ്ങളായി ജീവിക്കുന്നവര്‍ക്ക് അത്തരത്തിലൊരു പുരസ്‌കാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ശ്രമിക്കുന്നില്ലെന്നും ഷീല കുറ്റപ്പെടുത്തി. ഇന്നൊക്കെ ആരും വിചാരിച്ചാലും പോയി ഒരു പത്മശ്രീയോ പത്മഭൂഷണോ വാങ്ങിക്കാം. പക്ഷേ, ഞങ്ങളെപ്പോലെ ഇത്രയും കൊല്ലം സിനിമയ്ക്ക് വേണ്ടി കഴിഞ്ഞവര്‍ക്ക് ഒന്നും നല്‍കുന്നില്ലെന്ന രണ്ട് പതിറ്റാണ്ടോളം മലയാള സിനിമ അടക്കിവാണ ഷീല എന്ന അതുല്യ പ്രതിഭയുടെ പരാതിയോട് പ്രതികരിക്കാനുള്ള ബാധ്യത അധികൃതർക്കുണ്ട്.

ന്യൂജനറേഷന്‍ ചിത്രങ്ങളെക്കുറിച്ച് നല്ല വാക്കുകൾ മാത്രമാണ് ഷീലയ്ക്ക് പറയാനുള്ളത്. ഞാന്‍ പുതിയ ചിത്രങ്ങള്‍ എല്ലാം കാണും. ആ സിനിമകൾ എനിക്ക് വളരെയേറെ ഇഷ്ടമാണ്. ഒരു ചെറിയ ത്രെഡ് വെച്ച് , വലിയ ആര്‍ട്ടിസ്റ്റുകളും വമ്പന്‍ താരനിരയും ഒഴിവാക്കി എത്ര നന്നായാണ് പുതിയ കുട്ടികൾ സിനിമകൾ എടുക്കുന്നത് ! പുതുമുഖങ്ങളുടെ പലരുടെയും അഭിനയം കാണുമ്പോള്‍ നമുക്ക് അവരില്‍ നിന്ന് പഠിക്കാനുണ്ടെന്ന് തോന്നും. അവർ ഓരോ പടത്തിലും അഭിനയത്തിൽ വ്യത്യസ്തത വരുത്താൻ ശ്രമിക്കുന്നുണ്ട്. സിനിമയിലെ പുതിയ തലമുറയെ ഇത്ര തുറന്ന് അഭിനന്ദിക്കുന്ന വലിയ താരങ്ങൾ അധികമുണ്ടാവില്ല.

മലയാളത്തില്‍ ഇപ്പോള്‍ സ്ത്രീപക്ഷ ചിത്രങ്ങള്‍ കുറയാന്‍ കാരണം സീരിയലുകളാണെന്നായിരുന്നു എഴുപതുകളിലും എണ്‍പതുകളിലും സ്ത്രീകേന്ദ്രീകൃത സിനിമകളില്‍ തിളങ്ങിയ ഷീലയുടെ പ്രതികരണം. വീട്ടിലിരുന്ന് തന്നെ കാണാന്‍ കഴിയുന്ന സീരിയലുകളിലേക്ക് സ്ത്രീ പ്രേക്ഷകർ ഒതുങ്ങിപ്പോകുന്നത് സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ കുറയാൻ ഒരു കാരണമാകാം എന്ന് ഷീല പറഞ്ഞു.