(04-01-17) : സംഗീതവും നൃത്തവും : പുതുക്കപ്പെടേണ്ട ധാരണകള്‍

#

(04-01-17) :  കേട്ടതും കണ്ടതുമെല്ലാം തന്മയത്വത്തോടുകൂടി അനുകരിക്കാന്‍ കഴിഞ്ഞ മനുഷ്യന്, അതേ വികാരങ്ങള്‍ സഹജീവികളിലുളവാക്കാന്‍ കഴിഞ്ഞ സംവേദനം, അത് മാനവ സംസ്‌കാരത്തിന്റെ അതിപ്രധാനമായ ഒരു തുടക്കമായിരുന്നു. ആശയ സംവേദനത്തിന്റെ ഫലമായി പ്രകൃതിയെ അനുകരിച്ചുകൊണ്ട് ഏറ്റവും ആദ്യം രൂപപ്പെട്ട കലകളാണല്ലോ സംഗീതവും നൃത്തവും.

ഇതില്‍ സംഗീതം മറ്റെല്ലാ കലകളുടെയും ആരംഭമെന്ന് കരുതുന്നതോടൊപ്പം മനുഷ്യന്റെ സര്‍ഗ്ഗശേഷിയേയും സൗന്ദര്യബോധത്തെയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ സ്വരങ്ങളിലൂടെ വേദോച്ചാരണത്തില്‍ നിന്നും ആരംഭിച്ച മാര്‍ഗ്ഗി എന്നു വിളിക്കാവുന്ന സംഗീതത്തിന്റെ യാത്ര ഇന്നു സമുദ്രം പോലെ പരന്നു കിടക്കുന്ന ക്ലാസിക്കല്‍ സംഗീതത്തിന്റെ വിസ്മയലോകത്തേക്ക് എത്തിയിരിക്കുന്നു. പക്ഷേ, ഈ ക്ലാസിക്കല്‍ സംഗീതത്തിന്റെ ആരംഭം മാര്‍ഗ്ഗസംഗീതമാണെങ്കിലും അതിന്റെ രൂപീകരണത്തില്‍ വേദസംഗീതത്തിനു മാത്രമല്ല ദേശീ എന്നു വിളിക്കുന്ന നാടന്‍ സംഗീതത്തിനും വളരെ പ്രാധാന്യമുണ്ടെന്ന് ചരിത്ര പഠനത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.

ധ്യാനാത്മകതലങ്ങളില്‍ ക്ഷേത്രപരിസരത്ത് ദേവദാസികളിലും ഇസൈവെല്ലാലര്‍ (ക്ഷേത്ര സംഗീതജ്ഞര്‍) എന്നറിയപ്പെടുന്നവരിലുമാണ് ഇന്നു നമ്മള്‍ ക്ലാസിക്കല്‍ നൃത്തമെന്നും സംഗീതമെന്നും വിളിക്കുന്നവ  കുടികൊണ്ടിരുന്നത്. ഈ സുകുമാര കലകളുടെയെല്ലാം അവതരണം ക്ഷേത്രാങ്കണത്തില്‍ തന്നെയാവണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയുണ്ടായിരുന്ന കാലത്ത് അതിനായി പ്രത്യേകം വേദികളും ക്ഷേത്രത്തിനുള്ളില്‍ തന്നെ നിശ്ചയിച്ചിരുന്നു. ക്ഷേത്രത്തിനുള്ളില്‍ ഇന്നും കണ്ടുവരുന്ന കൂത്തമ്പലങ്ങളും സംഗീതശാലകളും സംഗീത തൂണുകളുമെല്ലാം അതിനുദാഹരണങ്ങളാണ്.

ഭക്തി നിറഞ്ഞ ഗാനവും അതിന് നൃത്തഭാഷ്യമൊരുക്കുന്ന നര്‍ത്തകിയും നാദത്തൂണുകളില്‍ നാദമുണര്‍ത്തി പിന്നണി വായിക്കുന്നവരും ഇന്ന് ചരിത്രസ്മരണകളായി. നാദത്തൂണുകളെ ഉപേക്ഷിച്ച് കലയും കലാകാരനും ക്ഷേത്രപടികള്‍ ഇറങ്ങി ജനമദ്ധ്യത്തില്‍ ലയിച്ചു. കലയെ ഇങ്ങനെ അടര്‍ത്തി മാറ്റിയതിന് ഒരു വിപ്ലവത്തിന്റെയോ സ്വാതന്ത്ര്യസമരത്തിന്റെയോ സ്വഭാവമില്ലായിരുന്നു. അത് കലയുടെയും കാലഘട്ടത്തിന്റെയും ആവശ്യമായിരുന്നു. ഭക്തിയില്‍ നിന്നും ഉടലെടുത്ത ഈ കലാരൂപങ്ങള്‍ക്ക് ആ ഒരു രസത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുവാന്‍ പറ്റാത്തത്ര വളര്‍ച്ചയുണ്ടായി എന്നതാണ് വാസ്തവം. സംഗീതവും നൃത്തവും  സമൂഹത്തിന്റെ വിവിധതലങ്ങളില്‍ കാണുകയും കേള്‍ക്കുകയും ചെയ്യേണ്ട സംഗതികളാണെന്ന ബോധവും ഭക്തിരസം മാത്രമല്ല നവരസങ്ങളെല്ലാം പ്രകടിപ്പിക്കാന്‍ സാധിക്കുന്ന മാധ്യമങ്ങളാണ് അവയെന്ന തിരിച്ചറിവും  ഭക്തിയെ  മറികടക്കുന്ന പ്രകടനകലകളായി അവയെ പരിണമിപ്പിച്ചു. ഇങ്ങനെ മറ്റനേകം കാരണങ്ങളുണ്ട് കലയുടെ അവതരണ രംഗത്തിലും ഉള്ളടക്കത്തിലുമെല്ലാം പരിവര്‍ത്തനം സംഭവിച്ചതില്‍.

ക്ഷേത്ര കവാടത്തില്‍ നിന്നും രണ്ട് വ്യത്യസ്ത തലങ്ങളിലുള്ള സമൂഹമാണ് ഈ കലകളെ സ്വാഗതം ചെയ്യുന്നത്. ഒന്ന് സമൂഹത്തില്‍ ഉന്നതകുലത്തിലെ ബ്രാഹ്മണ്യം അനുവര്‍ത്തിക്കുന്നവരും രണ്ട് കലയെ ജാതിവ്യവസ്ഥയുടെ അതിര്‍ വരമ്പില്‍ കെട്ടിയിടാതെ അതിന്റെ മൗലിക സ്വഭാവത്തെ തിരിച്ചറിഞ്ഞ് ഉള്‍ക്കൊള്ളുന്നവരും.

കലയുടെ മൗലികതയെ മനസ്സിലാക്കാതെ അതിനെ ഒരു ഉപകരണം മാത്രമായി കണ്ട് പ്രയോഗിക്കുന്ന സവര്‍ണ്ണ വിഭാഗം താഴെക്കിടയിലുള്ള സാധാരണ ജനവിഭാഗത്തിനു നേരേ വാതിലുകള്‍ കൊട്ടിയടച്ചു. സംഗീത ലോകത്ത്  ഏറ്റവും ആദ്യം രൂപപ്പെട്ട ചെന്നൈയിലെ മ്യൂസിക്ക് അക്കാഡമി അതിനൊരുദാഹരണമാണ്. ഈ വേര്‍തിരിവിന്റെ ഭാഗമായി ഒരു പ്രത്യേക വിഭാഗം ആസ്വാദക സദസ്സ് രൂപപ്പെടുകയും അവിടേക്ക് ജാതി വ്യവസ്ഥയുടെയും  പൊങ്ങച്ചത്തിന്റെയും മതില്‍കെട്ടുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇത് ചെന്നെയില്‍ മാത്രമല്ല സൂക്ഷ്മമായി പരിശോധിച്ചാല്‍ കേരളത്തിലും ഇന്ത്യയുടെ തന്നെ വിവിധ ഭാഗങ്ങളിലും കാണുവാന്‍ സാധിക്കും.

ബ്രാഹ്മണിസം കുടികൊള്ളുന്ന ക്ഷേത്രങ്ങളില്‍ വര്‍ഷങ്ങളായി നടക്കുന്ന സംഗീതക്കച്ചേരികള്‍ക്ക് ഒരു പ്രത്യേക വിഭാഗം സദസ്സായിരിക്കും ഉണ്ടാകുക. ഈ സദസ്സുകളില്‍ സംഗീതം അവതരിപ്പിക്കുന്നതിന് ഈ വിഭാഗക്കാര്‍ക്കാണ് പ്രാധാന്യം ലഭിക്കുക. അതുപോലെ തന്നെ സംഗീതവിഭാഗത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടക്കം മുതല്‍ക്കേ ഉള്ള ഈ മേല്‍ക്കോയ്‌മ ഇപ്പോഴും തുടരുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലുമെല്ലാം ഇക്കാര്യത്തിൽ ഒരേ സ്ഥിതി തന്നെയാണ്. സംഗീത പാരമ്പര്യമെന്ന് അവകാശപ്പെടുന്ന സാഹചര്യം ഒരു വലിയ പരിധിവരെ അവര്‍ക്ക് ഈ മേല്‍ക്കോയ്മ തുടരാന്‍ അവസരമുണ്ടാക്കുന്നു.

സാധാരണ ജനങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയാത്തതും അവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകുന്നതും ക്ലാസിക്കല്‍ കലകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളാണ്. റ്റി.എം കൃഷ്ണയെ പോലെയുള്ള പുതിയ തലമുറയിലെ സംഗീത പ്രതിഭകള്‍ ഈ സാഹചര്യം മാറ്റാനാണ് ശ്രമിക്കുന്നത്. 2015 ല്‍ അദ്ദേഹം മ്യൂസിക്ക് അക്കാഡമിയില്‍ കച്ചേരി നടത്തുന്നത് അവസാനിപ്പിക്കുകയും ചെന്നൈയില്‍ ഉരൂര്‍-ഓല്‍കോട്-കുപ്പത്ത്, മുക്കുവ സമൂഹത്തിനായി ഒരു പുതിയ മ്യൂസിക് ഫെസ്റ്റിവല്‍ തുടങ്ങുകയും ചെയ്തു. അതുമാത്രമല്ല കോര്‍പ്പറേഷന്‍ സ്‌കൂളുകളില്‍ ക്ലാസിക്കല്‍ സംഗീതത്തിനെപ്പറ്റി പരിജ്ഞാനം ഉണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. പ്രതിഫലം വാങ്ങാതെയുള്ള കച്ചേരികളിലൂടെയും നിരവധി സെമിനാറുകളിലൂടെയും സംഗീതത്തിൽ  മാത്രമല്ല നൃത്തത്തില്‍ കൂടി പുതിയൊരു മാറ്റത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു.

മഗ്സാസേ അവാര്‍ഡിലൂടെ ടി.എം.കൃഷ്ണ അംഗീകരിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശന ദൃഷ്ടിയോടെ വീക്ഷിക്കുന്നവര്‍ നിരവധിയുണ്ട്. മുന്‍വിധികളോടെ സംഗീതക്കച്ചേരികളെ സമീപിക്കുന്ന ഒരു പ്രത്യേക വിഭാഗം ആസ്വാദക സദസ്സിന്റെ ചിന്തകളെയും ധാരണകളെയുമാണ് അദ്ദേഹം ചോദ്യം ചെയ്തത്. റ്റി.എം കൃഷ്ണയുടെ തനിമയാര്‍ന്ന ആലാപനശൈലി അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെയും സമീപനങ്ങളെയും പോലെ വേറിട്ടു നില്‍ക്കുന്നു. ആര്‍ക്കും അത്രപെട്ടെന്ന് അനുകരിക്കാന്‍ സാധിക്കാത്ത ശൈലി തുടരുന്ന കൃഷ്ണ സംഗീതക്കച്ചേരി സമയത്ത് തനിക്കൊപ്പം സഹകരിക്കുന്ന പക്കവാദ്യക്കാര്‍ക്കും തുല്യപ്രാധാന്യം നല്‍കാന്‍ നിര്‍ബന്ധം പിടിക്കുന്നു.

സംഗീതക്കച്ചേരികളില്‍ വളരെ മുമ്പ് മറ്റൊരുതരത്തില്‍ ഒരു വലിയ മാറ്റം കൊണ്ടുവന്ന സംഗീതജ്ഞനാണ് അരിയക്കുടി രാമാനുജ അയ്യങ്കാര്‍. നിലവിലുള്ള സംഗീതശൈലിയെ അടിമുടി മാറ്റി എന്നുമാത്രമല്ല പാരമ്പര്യവാദികളെ പിന്തുടരാതെ പുതിയതൊന്നുണ്ടാക്കി എന്നതും പ്രധാനമാണ്. അരിയക്കുടിയും നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

ഇതുപോലെ ഭരതനാട്യ നൃത്തലോകത്തും തമിഴ്‌നാട്ടില്‍ ക്ഷേത്രാങ്കണത്തില്‍ നിന്നും പുനര്‍ജീവനം സംഭവിക്കുന്ന സമയത്ത് ജാതിവ്യവസ്ഥകള്‍ക്ക് അധീനമായ ഒരു സംഘർഷമുണ്ടായി. ബാലസരസ്വതി എന്ന ദേവദാസി കുടുംബത്തിലെ നർത്തകിയും ബ്രാഹ്മണ മേല്‍ക്കോയ്മയുടെ അകമ്പടിയോടെ രൂപീകരിച്ച രുഗ്മിണീ ദേവീ അരുണ്‍ഡേലിന്റെ കലാക്ഷേത്രവും തമ്മിലായിരുന്നു ആ സംഘർഷം. പാരമ്പര്യത്തിന്റ പുനരുജ്ജീവനത്തിലൂടെയല്ല പാരമ്പര്യത്തിന്റെ പരിരക്ഷണത്തിലൂടെയാണ് ദക്ഷിണേന്ത്യന്‍ നൃത്തകലയുടെ മഹിമയും മികവും പ്രകാശിപ്പിക്കപ്പെടേണ്ടത് എന്നായിരുന്നു ബാലസരസ്വതിയുടെ വാദം. അവരുടെ അഭിനയശൈലി, അനുപമസൗന്ദര്യം നിറഞ്ഞ സഞ്ചാരി പ്രയോഗങ്ങളാല്‍ എപ്പോഴും ഉന്നതമായ നിലവാരത്തിലേക്ക് എത്തിച്ചേർന്നിരുന്നു.

രുക്മിണീദേവി ശ്യംഗാരത്തിന് ഭരതനാട്യത്തിലുള്ള ഇടപെടലിനെ ചോദ്യം ചെയ്യുകയും ഭക്തിരസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഭക്തി ഭരതനാട്യത്തിന്റെ കേന്ദ്രമാണെന്ന നിലപാട് ബാല സരസ്വതിക്കും സ്വീകാര്യമായിരുന്നു. ഭക്തിയുടെ ആവിഷ്‌കാരരീതി എന്തായിരിക്കണം എന്നതിലാണ് ബാലസരസ്വതി രുക്മിണീ ദേവിയോട് വിയോജിച്ചത്. രതിപ്രകാണ്ഡങ്ങളായി നിലനില്‍ക്കുന്ന പദങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കിക്കൊണ്ടും കൃതികളെയും കീര്‍ത്തനങ്ങളെയും ഭരതനാട്യകച്ചേരിയുടെ ഭാഗമാക്കിക്കൊണ്ടുമാണ് രുക്മിണീദേവി തന്റെ നാട്യക്രമം പടുത്തുയര്‍ത്തിയത്.

രുക്മിണീദേവിയുടെയും ബാലസരസ്വതിയുടെയും പരസ്പര  ഭിന്നവും ചിലപ്പോഴൊക്കെ പരസ്പരവിരുദ്ധവുമായ സംഭാവനകളെ ഒരു താരതമ്യപഠനത്തിന്ന്ന വിധേയമാക്കുന്നതിനെക്കാള്‍ നല്ലത് അവരിരുവരുടെയും ഭരതനാട്യവേദിയിലെ സ്ഥാനങ്ങള്‍ എത്രകണ്ട് ആ കലയുടെ ഉന്നമനത്തിനുതകിയെന്ന് മനസ്സിലാക്കുന്നതാണ്. ബാലസരസ്വതി ഭക്തിരസത്തെ മാത്രം കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്ന പുതിയ ക്ലാസിക്കല്‍ നൃത്തം ബ്രാഹ്മണത്തിന്റെ നൃത്തപ്രകാരമാണെന്ന് ഉറപ്പിച്ച് പറയുന്നു. സമൂഹത്തില്‍ അന്നും ഇന്നും നിലനിന്നിരുന്ന നിരവധി പ്രകടമായ വൈരുദ്ധ്യങ്ങളുടെ നടുവിലാണ് ബാലസരസ്വതി തന്റെ നൃത്തപാരമ്പര്യവും അതേക്കുറിച്ചുള്ള വീക്ഷണങ്ങളുമായി നിലകൊണ്ടത്. റ്റി.എം.കൃഷ്ണ മദ്രാസ് മ്യൂസിക് അക്കാദമിയുടെ അഭിജാതമായ വേദി നിഷേധിച്ചപ്പോള്‍ ബാലസരസ്വതി ആ മേല്‍ജാതി അരങ്ങുകളില്‍ തന്റെ നൃത്താവിഷ്‌കരണം അവതരിപ്പിക്കുകയും അവ വലിയ തോതില്‍ സ്വീകരിക്കപ്പെടുകയും ചെയ്തു. ബ്രാഹ്മണ കുടുംബത്തില്‍ നിന്നും വന്ന കൃഷ്ണ സവര്‍ണ്ണ അരങ്ങുകളെ നിഷേധിക്കുകയാണെങ്കിൽ വെള്ളാള സമുദായത്തില്‍ ജനിച്ച ബാലസരസ്വതി തന്റെ പാരമ്പര്യ നൃത്തം അതിന്റെ യഥാര്‍ത്ഥ മൗലിക സ്വഭാവത്തോടെ ഈ അരങ്ങുകളില്‍ നിറഞ്ഞാടുകയാണ് ചെയ്തത്. രണ്ടുപേരുടെയും ലക്‌ഷ്യം ഒന്നു തന്നെ.

കല മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അതിനാധാരമായ അനുഭവങ്ങള്‍ വീണുകിട്ടുന്നത് സമൂഹത്തില്‍ നിന്നുമാണ്. ജാതിവ്യവസ്ഥയുടെ സമത്വമില്ലായ്മയും സ്വാതന്ത്ര്യമില്ലായ്മയും തുടച്ചു നീക്കപ്പെടേണ്ടത് കലയില്‍ വളരെ ആവശ്യമാണ്. അപ്പോൾ മാത്രമേ കലാകാരന്റെ ആത്മാവിഷ്‌കാരത്തിന് കല അനുഭവവേദിയാവുകയുള്ളൂ. ഇല്ലെങ്കിൽ ആ അനുഭവങ്ങളെ സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് ഉതകുന്ന കലയാക്കി മാറ്റുവാന്‍ സാധിക്കില്ല.