97 ശതമാനം പഴയ നോട്ടുകളും തിരിച്ചെത്തിയെന്ന് റിപ്പോർട്ട്

#

ന്യൂഡൽഹി(4-1-17) : കേന്ദ്ര സർക്കാർ പിൻവലിച്ച പഴയ 500,1000 നോട്ടുകളിൽ 97% നോട്ടുകളും തിരിച്ചെത്തിയായി റിപ്പോർട്ട്. കഴിഞ്ഞ നവംബർ 8ന് നോട്ട് പിൻവലിക്കൽ പ്രഖ്യാപിക്കുമ്പോൾ വിനിമയത്തിൽ ഉണ്ടായിരുന്ന 15.4 ലക്ഷം കോടി രൂപയിൽ 14.97 കോടി രൂപയും ബാങ്കുകളിൽ തിരിച്ചെത്തിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. പഴയ നോട്ടുകൾ മാറിയെടുക്കാൻ അനുവദിച്ചിരുന്ന അവസാന തിയതിയായ ഡിസംബർ 30 വരെയുള്ള കണക്കാണിത്. നോട്ട് പിൻവലിക്കൽ രഹസ്യ സ്വഭാവം നിലനിർത്തി അടിയന്തരമായി നടപ്പിലാക്കിയത് വിനിമയത്തിലുള്ള 25%ത്തിൽ അധികം നോട്ടുകൾ തിരികെയെത്തില്ല എന്ന പ്രതീക്ഷയിലാണ്. എന്നാൽ ഈ പ്രതീക്ഷകളെ തകിടംമറി ച്ചു കൊണ്ടാണ് 97 ശതമാനം പഴയ നോട്ടുകളും തിരിച്ചെത്തുന്നത്. കള്ളപ്പണക്കാർക്കെതിരായ സർജിക്കൽ സ്ട്രൈക്കാണ് നോട്ട് പിൻവലിക്കൽ എന്ന വാദത്തിന് തന്നെ പ്രസക്തി നഷ്ടപ്പെടുകയാണ്. നോട്ട് പിൻവലിക്കൽ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാറിനേൽക്കുന്ന കനത്ത തിരിച്ചടിയാണ് ഇത്രത്തോളം നോട്ടുകൾ തിരികെയെത്തുന്നത്.