നോട്ട് നിരോധനം സാമ്പത്തികമാന്ദ്യത്തിന് കാരണമാകും : രാഷ്ട്രപതി

#

ന്യൂഡൽഹി(05.01.2017) : നോട്ട് നിരോധനം താത്കാലിക സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കുമെന്ന് രാഷ്‌ട്രപതി പ്രണബ് മുഖർജി. നോട്ട് നിരോധനത്തെക്കുറിച്ചുള്ള തന്റെ ആദ്യ പ്രതികരണത്തിലാണ് സമ്പദ്ഘടനയ്ക്കുണ്ടാകാൻ പോകുന്ന തിരിച്ചടികളെ കുറിച്ച് രാഷ്ട്രപതി ഓർമ്മിപ്പിച്ചത്. നോട്ട് നിരോധനം കൊണ്ട് ജനങ്ങൾക്കുണ്ടായ ദുരിതങ്ങൾ പരിഹരിക്കാൻ ഗവണ്മെന്റ് അധികശ്രദ്ധ കൊടുക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ നീക്കമായിരിക്കുമ്പോഴും നോട്ട് നിരോധനം സമ്പദ്ഘടനയ്ക്ക് താത്കാലികമായ മാന്ദ്യമുണ്ടാക്കും.

നിരോധിച്ച നോട്ടുകളുടെ 97 ശതമാനവും റിസർവ്വ് ബാങ്കിലേക്ക് തിരികെയെത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ ഘട്ടത്തിൽ ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിടാനാകില്ലെന്ന നിലപാടിലാണ് റിസർവ്വ് ബാങ്ക്. ഡിസംബർ 30 നകം നോട്ട് നിരോധനം കൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയെങ്കിലും ഇനിയും സ്ഥിതിയിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ പരോക്ഷമായിട്ടെങ്കിലുമുള്ള വിമർശനം.