റിസർവ്വ് ബാങ്കിനോട് പാർലമെന്റ് കമ്മിറ്റിയുടെ പത്ത് ചോദ്യങ്ങൾ

#

ന്യൂഡൽഹി(08.01.2017) : നോട്ട് നിരോധന വിഷയത്തിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറോട് കുറിക്കു കൊള്ളുന്ന ചോദ്യങ്ങളുമായി പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. നോട്ട് നിരോധനം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാനായി ജനുവരി ഇരുപത്തെട്ടിന് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകാൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ ഉർജ്ജിത് പട്ടേലിന് നോട്ടീസ് നൽകി. നോട്ട് നിരോധനം സംബന്ധിച്ച 10 ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് കെ.വി. തോമസ് അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ട് നിരോധനത്തിന്റെ തീരുമാനമെടുത്ത രീതി, റിസർവ്വ് ബാങ്കിന്റെ പങ്ക്, സമ്പദ് ഘടനയിലുണ്ടാക്കുന്ന ആഘാതം, റിസർവ്വ് ബാങ്കിന്റെ മാറി മാറി വന്ന തീരുമാനങ്ങൾ തുടങ്ങിയവ സംബന്ധിച്ച ചോദ്യാവലിയാണ് ഊർജ്ജിത് പട്ടേലിന് നൽകിയിട്ടുള്ളത്. ദി സൺ‌ഡേ എക്സ്പ്രസ് ഈ ചോദ്യാവലി പുറത്ത് വിട്ടിട്ടുണ്ട്. ജനങ്ങൾക്ക് പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ യാതൊരു നിയമവും ഇല്ലെങ്കിൽ, റിസർവ്വ് ബാങ്ക് ഗവർണറെ അധികാര ദുർ വിനിയോഗത്തിന്  വിചാരണ ചെയ്ത് പുറത്താക്കിക്കൂടേയെന്നും കമ്മിറ്റി ചോദിക്കുന്നു. എത്ര പണം പിൻവലിച്ചെന്നും,അതിൽ എത്ര പണം തിരികെ വന്നെന്നും കമ്മിറ്റി ചോദിച്ചു.

ഉർജ്ജിത് പട്ടേലിനോടുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പത്ത് ചോദ്യങ്ങൾ

കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പാർലമെന്റിൽ പറഞ്ഞത് നോട്ട് നിരോധനത്തിനുള്ള തീരുമാനമെടുത്തത് ആർ.ബി.ഐ ആണെന്നും, ഗവണ്മെന്റ് ആ നിർദ്ദേശത്തിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ്. താങ്കൾ ഇത് അംഗീകരിക്കുന്നുണ്ടോ?

ഈ തീരുമാനം ആർ.ബി.ഐയുടേതാണെങ്കിൽ രാജ്യത്തിന്റെ ഉത്തമ താൽപ്പര്യത്തിനു വേണ്ടിയാണ് നോട്ട് നിരോധനമെന്ന് കൃത്യമായി എന്നാണ് ആർ.ബി.ഐ തീരുമാനിച്ചത്?

>1000, 500 രൂപ നോട്ടുകൾ ഒറ്റ രാത്രി കൊണ്ട് അസാധുവാക്കാനുള്ള തീരുമാനത്തിന്റെ പിന്നിലെ യുക്തി എന്തായിരുന്നു?

ഇന്ത്യയിൽ കള്ളനോട്ട് വെറും 500 കോടി രൂപയുടേത് മാത്രമാണെന്ന് റിസർവ്വ് ബാങ്ക് തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ പണ - മൊത്ത ആഭ്യന്തര ഉൽപ്പാദന അനുപാതം 12 ശതമാനമാണ്. ജപ്പാനും സ്വിറ്റ്സർലാൻഡിനും താഴെയാണിത്. ഉയർന്ന മൂല്യമുള്ള നോട്ടുകൾ മൊത്തം കറൻസിയുടെ 86 ശതമാനമാണ് ഇന്ത്യയിൽ. ചൈനയിൽ ഇത് 90 ശതമാനവും, അമേരിക്കയിൽ 81 ശതമാനവുമാണ്. ഇങ്ങനെയിരിക്കേ, പെട്ടെന്നുള്ള നോട്ട് നിരോധനം ആവശ്യമാണെന്ന് ആർ.ബി.ഐക്ക് തോന്നാൻ കാരണമെന്ത്?

നവംബർ 8 ന് അടിയന്തിര യോഗം ചേരാൻ ആർ.ബി.ഐ ബോർഡ് അംഗങ്ങൾക്ക് നോട്ടീസ് അയച്ചത് എപ്പോഴാണ്? ആരൊക്കെ അതിൽ പങ്കെടുത്തു? എത്ര നേരം യോഗം നീണ്ട് നിന്നു? ആ യോഗത്തിന്റെ മിനിറ്റ്സ് എവിടെയാണ്?

നോട്ട് നിരോധനം ശുപാർശ ചെയ്ത് കൊണ്ട് കാബിനറ്റിന് അയച്ച കുറിപ്പിൽ അത് ഇന്ത്യയുടെ 86 ശതമാനം കറൻസിയെയും പിൻവലിക്കുമെന്ന് വ്യക്തമാക്കിയിരുന്നോ? പിൻവലിച്ച കറൻസിക്ക് തുല്യമായ കറൻസി പുറത്തിറക്കാൻ എത്ര സമയം വേണം?

നവംബർ 8 ന് ആർ.ബി.ഐ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ബാങ്കിൽ നിന്ന് ഒരാൾക്ക് ഒരു ദിവസം 10000 രൂപയും, ഒരാഴ്ച 20000 രൂപയും മാത്രമേ പിൻവലിക്കാനാവൂ എന്നും, എ.ടി.എമ്മിൽ നിന്ന് 2000 രൂപ മാത്രമേ പിൻവലിക്കാനാവൂ എന്നും നിയന്ത്രണം ഏർപ്പെടുത്തി. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ, എന്ത് അധികാരം ഉപയോഗിച്ചാണ് റിസർവ്വ് ബാങ്ക് ജനങ്ങൾക്ക് അവരുടെ സ്വന്തം പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്? രാജ്യത്ത് നോട്ടുകൾക്ക് റേഷൻ ഏർപ്പെടുത്താൻ ആർ.ബി.ഐക്ക് ആരാണ് അധികാരം നൽകിയത്? അങ്ങനെ യാതൊരു നിയമവും താങ്കൾക്ക് പറയാൻ ഇല്ലെങ്കിൽ, അധികാര ദുർവിനിയോഗം നടത്തിയതിന് താങ്കളെ വിചാരണ ചെയ്ത് പുറത്താക്കേണ്ടതല്ലേ?

എന്ത് കൊണ്ടാണ് കഴിഞ്ഞ രണ്ടു മാസക്കാലത്തിനിടയ്ക്ക് റിസർവ്വ് ബാങ്ക് തീരുമാനങ്ങളിൽ മലക്കം മറിച്ചിലുകൾ നടത്തിയത്? പണം പിൻവലിക്കുന്ന പൗരന്റെ വിരലിൽ മഷി പുരട്ടണമെന്ന ആശയം കൊണ്ട് വന്ന ആ ഉദ്യോഗസ്ഥന്റെ പേര് ഈ കമ്മിറ്റിക്ക് നൽകുക. വിവാഹ ആവശ്യത്തിന് പണം പിൻവലിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ഡ്രാഫ്റ്റ് ചെയ്തതാരാണ്? ഈ വിജ്ഞാപനങ്ങളൊന്നും റിസർവ്വ് ബാങ്ക് തയ്യാറാക്കിയതല്ലെങ്കിൽ, റിസർവ്വ് ബാങ്ക് ധനകാര്യമന്ത്രാലയത്തിന്റെ ഒരു ഉപവകുപ്പായി മാറിയോ?

എത്ര രൂപയുടെ കറൻസിയാണ് പിൻവലിച്ചിട്ടുള്ളത്? എത്ര രൂപയുടെ കറൻസി തിരികെ വന്നു? നവംബർ 8 ന് നോട്ട് പിൻവലിക്കാനുള്ള ശുപാർശ നൽകുമ്പോൾ എത്ര രൂപയുടെ കറൻസി അസാധുവാക്കാൻ കഴിയും എന്നായിരുന്നു റിസർവ്വ് ബാങ്കിന്റെ പ്രതീക്ഷ ?

വ്യക്തിപരമായ വിവരങ്ങൾ എന്ന നിലനിൽക്കാത്ത വാദഗതി ഉന്നയിച്ച് വിവരവകാശപ്രകാരമുള്ള ചോദ്യങ്ങൾക്ക് ആർ.ബി.ഐ മറുപടി നൽകാതിരിക്കുന്നത് എന്ത് കൊണ്ടാണ്?