യൂണിയന്‍ ബസ് വാങ്ങി കെ.എസ്.ആര്‍.ടി.സിക്ക് നൽകി ; കള്ളപ്പണം വെളുപ്പിക്കലെന്ന് ആരോപണം

#

തിരുവനന്തപുരം (09-01-17) : കേന്ദ്ര സര്‍ക്കാര്‍ നോട്ട് പിന്‍വലിച്ചതിന് തൊട്ടു പിന്നാലെ കെ.എസ്.ആര്‍.ടി.സിയിലെ ഭരണകക്ഷി യൂണിയന്‍ ബസ് വാങ്ങി കോർപ്പറേഷന് സംഭാവനയായി നല്‍കി. ഇടപാടിനു പിന്നില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന് സംശയം. കെ.എസ്.ആര്‍.ടി.സിക്ക് ഉള്ളില്‍ ഇക്കാര്യം വലിയ ചര്‍ച്ചാ വിഷയമാണ് ഇപ്പോൾ.

ഇക്കഴിഞ്ഞ നവംബര്‍ 18 നാണ് ഉയിര്‍പ്പിന് ഉണര്‍ത്ത് പാട്ടായി നന്മയുടെ ഒരു ബസ് എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സിക്ക് ബസ് വാങ്ങി നല്‍കുമെന്ന് ഭരണകക്ഷി യൂണിയന്‍ പ്രഖ്യാപിച്ചത്. ഭരണയൂണിയനില്‍ ഉള്‍പ്പെട്ട ഇരുപതിനായിരം അംഗങ്ങളില്‍ നിന്നും തുക പിരിച്ച് ബസ് വാങ്ങുമെന്നായിരുന്നു പ്രഖ്യാപനം. നവംബര്‍ മാസത്തിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഈ തുക വാങ്ങുമെന്നും യൂണിയന്‍ അറിയിച്ചിരുന്നു. നോട്ട് പിന്‍വലിക്കലില്‍ ജനം വലയുമ്പോള്‍ യൂണിയന്റെ പ്രഖ്യാപനം വന്നത് അംഗങ്ങളെ തന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇത് സംബന്ധിച്ച് ആരും പരാതി പറയാന്‍ തയ്യാറായിരുന്നില്ല. ഡിസംബര്‍ ആദ്യവാരത്തോടെ നേതാക്കള്‍ പിരിവ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ആകെ ഇരുപതിനായിരം അംഗങ്ങളുള്ളതിൽ എണ്ണായിരത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് ഈ തുക നല്‍കിയത്. എന്നാല്‍ പണം നല്‍കാത്ത പലരും പണം നല്‍കിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യൂണിയന്‍ അംഗങ്ങള്‍ തന്നെ പസ്പരം ചര്‍ച്ച ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. ഡിസംബര്‍ 20 ന് തന്നെ യൂണിയന്‍ കെ.എസ്.ആര്‍.ടി.സിക്ക് ബസ് വാങ്ങി നല്‍കുകയും ചെയ്തു.

മാസവരിയടക്കം ബാങ്കുവഴി ഇടപാട് നടത്തുന്ന ഭരണകക്ഷി യൂണിയന്‍ നോട്ട് പിന്‍വലിച്ച സാഹചര്യത്തില്‍ ധനസഹായം പണമായി നേരിട്ട് എന്തിന് വാങ്ങി എന്നതാണ് പ്രധാന സംശയം. നൂറ് രൂപ പോലും അംഗങ്ങളില്‍ നിന്നും പിടിച്ചു വാങ്ങാറുള്ള ഭരണകക്ഷി യൂണിയന്‍ ഇത്തവണ പണപ്പിരിവിനായി അംഗങ്ങളെ നിര്‍ബന്ധിച്ചിട്ടില്ല എന്നതും സംശയമുണര്‍ത്തുന്നു. പണം നല്‍കാത്തവര്‍ എങ്ങനെ പണം നല്‍കിയവരുടെ പട്ടികയിലേക്ക് എത്തപ്പെട്ടുവെന്നതും സംശയകരമാണ്. ബസ് വാങ്ങി നല്‍കിയതിന്റെ മറവില്‍ വന്‍ തോതില്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് വിവരം. ഭരണകക്ഷി യൂണിയന്റെ ഒരു വിഭാഗം നേതാക്കള്‍ തന്നെ ഈ സംശയം പങ്ക് വെയ്ക്കുന്നു.

ഏതാണ്ട് 2000 ത്തിലധികം ബസ്സുകളാണ് സ്‌പെയര്‍പാര്‍ട്സ് വാങ്ങാന്‍ പണമില്ലാത്തതു കാരണം കെ.എസ്.ആര്‍.ടി.സിയുടെ വിവിധ ഗ്യാരേജുകളില്‍ കട്ടപ്പുറത്തിരിക്കുന്നത്. ഈ ബസ്സുകള്‍ക്ക് സ്‌പെയര്‍പാര്‍ട്‌സ് വാങ്ങാനുള്ള ധനസഹായം നല്‍കാമെന്ന് ഭരണകക്ഷി യൂണിയനില്‍ നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ മാസശമ്പളം പോലും കൃത്യമായി ലഭിക്കാത്ത പാവപ്പെട്ട ജീവനക്കാരില്‍ നിന്നും ഇത്രയധികം തുക പിരിച്ചെടുക്കാന്‍ കഴിയില്ല എന്നായിരുന്നു നേതാക്കളുടെ നിലപാട്. എന്നാല്‍ നോട്ട് പിന്‍വലിച്ചതിനു തൊട്ടു പിന്നാലെ ബസ്സ് വാങ്ങാന്‍ തീരുമാനമെടുത്തത് നേതാക്കളെ തന്നെ പ്രതിക്കൂട്ടിലാക്കുന്നു.