ഗുജറാത്തിലെ സഹകരണ ബാങ്കിൽ നിന്ന് രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണ വേട്ട

#

അഹമ്മദാബാദ്(09.01.2017) : ഗുജറാത്തിലെ സഹകരണ ബാങ്കിൽ വൻ കള്ളപ്പണ വേട്ട. ഗുജറാത്തിലെ രാജ്കോട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹകരണ ബാങ്കിൽ നവംബര്‍ എട്ടിന് ശേഷം സംശയാസ്പദമായ രീതിയില്‍ 871 കോടി രൂപയുടെ നിക്ഷേപം വന്നെന്ന് ആദായ നികുതി വകുപ്പ് പരിശോധനയിൽ കണ്ടെത്തി. നോട്ട് നിരോധനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ കള്ളപ്പണ വേട്ടയാണിത്. നോട്ടുനിരോധനത്തിന് ശേഷം മാത്രം ബാങ്കില്‍ 4,500 പുതിയ അക്കൗണ്ടുകളാണ് തുടങ്ങിയിരിക്കുന്നത്. ഇതില്‍ അഞ്ച് ഡസന്‍ അക്കൗണ്ടുകള്‍ക്ക് ഒരേ മൊബൈൽ ഫോൺ നമ്പറാണ് നല്‍കിയിരിക്കുന്നതെന്നും പരിശോധനയിൽ വ്യക്തമായി. ആദായനികുതി വകുപ്പിന്റെ അഹമ്മദാബാദ് വിഭാഗം നടപടികൾ ആരംഭിച്ചു. നിക്ഷേപങ്ങളുടെ പൂർണ്ണ വിവരങ്ങൾ നൽകാൻ ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇത് വരെയുള്ള അന്വേഷണത്തിൽ 870 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതിൽ ഭൂരിപക്ഷവും പഴയ 500,1000 രൂപ നോട്ടുകളായാണ് നിക്ഷേപിച്ചിരിക്കുന്നത്. നവംബർ 9 മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ 108 കോടി രൂപ സംശയാസ്പദമായി ബാങ്കിൽ നിന്ന് പിൻവലിക്കപ്പെട്ടിട്ടുമുണ്ട്.2015 ലോ അതിനു മുൻപോ നടന്ന ബാങ്ക് പ്രവര്‍ത്തനങ്ങളോട് പൊരുത്തപ്പെടാത്തതാണ് ഇത്. വലിയ തുകയുടെ ഇരുപത്തിയഞ്ചോളം ഇടപാടുകളാണ് ഈ കാലയളവിൽ നടന്നത്. സംശയാസ്പദമായ രീതിയിൽ കെ.വൈ.സി ചട്ടങ്ങൾ പാലിക്കാതെയാണ് ഇവ നടന്നത്.

ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പ് തയാറാക്കിയ റിപ്പോർട്ട് പ്രകാരം, സജീവമല്ലാത്ത അക്കൗണ്ടുകളിലേക്ക് പത്ത് കോടിയോളം രൂപ നിക്ഷേപമായെത്തിയിട്ടുണ്ട്. ഒരു പെട്രോളിയം കമ്പനിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപമായി 2.53 കോടി രൂപയാണ് എത്തിയത്. നിക്ഷേപകരുടെ ഒപ്പോ, പാന്‍ കാര്‍ഡ് നമ്പരോ ഇല്ലാതെയാണ് മിക്ക പേ ഇന്‍ സ്ലിപ്പുകളും. പലതിലും പണത്തിന്റെ ഉറവിടവും രേഖപെടുത്തിയിട്ടില്ല. ബാങ്കിന്റെ മുന്‍ ഡയറക്ടറുടെ മകന് 30 അക്കൗണ്ടുകള്‍ വഴി ഒരു കോടി രൂപയുടെ ലഭിച്ചെന്നും അധികൃതര്‍ കണ്ടെത്തി. ഒരാളുടെ കൈപ്പടയിലുള്ളതായിരുന്നു എല്ലാ പേ ഇന്‍ സ്ലിപ്പുകളും.ബാങ്ക് വൈസ് ചെയർമാന്റെ അക്കൗണ്ടുകളിലേക്ക് എത്തിയ 64 ലക്ഷം രൂപ ആർ.ടി.ജി.എസ് പോലെയുള്ള സംവിധാനങ്ങൾ വഴി ഒരു ആഭരണ വ്യാപാരിക്ക് കൈമാറിയതായും റിപ്പോർട്ട് പറയുന്നു. വന്‍ തുകയുടെ പുതിയ അക്കൗണ്ടുകളെല്ലാം പൊതുവായ മേല്‍വിലാസത്താലോ ഫോണ്‍ നമ്പര്‍ മുഖേനയോ പരസ്പരം ബന്ധപെട്ടതാണെന്നും ഇത്തരത്തിലുള്ള 16 അക്കൗണ്ടുകളിലൂടെ 1.22 കോടിയുടെ നിക്ഷേപവും ബാങ്ക് സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നേരത്തേ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണ വേട്ട ഗുജറാത്തിലെ ബാങ്കിൽ നടക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകളാണ് കള്ളപ്പണം വെളുപ്പിക്കുന്നതെന്ന ബിജെപിയുടെ ആരോപണങ്ങൾക്കിടെയാണ് ഗുജറാത്തിൽ നിന്ന് കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും വലിയ ശേഖരങ്ങൾ പിടികൂടുന്നത് എന്നതും ശ്രദ്ധേയമാണ്.