തർക്കം തീരാതെ സമാജ്‍വാദി പാർട്ടി

#

ലക്‌നൗ (10.01.2017) : ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും അദ്ദേഹത്തിൻറെ പിതാവും സമാജ്‌വാദി പാർട്ടി നേതാവുമായ മുലായം സിങ് യാദവും തമ്മില്‍ 90 മിനിട്ട് നേരം നീണ്ട ചര്‍ച്ച നടന്നെങ്കിലും ഭിന്നത പരിഹരിക്കാനായില്ല. അഖിലേഷ് യാദവുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് മുലായം പരസ്യമായി അറിയിച്ചതോടെ പ്രശ്നങ്ങൾക്ക് അവസാനമാകും എന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. മുലായത്തിന്റെ പ്രസ്‌താവനക്ക് ശേഷം ചേര്‍ന്ന ഒന്നര മണിക്കൂര്‍ യോഗമാണ് ഫലമുണ്ടാകാതെ പിരിഞ്ഞത്. മുലായത്തിന്റെ വിശ്വസ്തരായ ശിവ്പാല്‍ യാദവിനേയും അമര്‍ സിങിനേയും ഒഴിവാക്കണമെന്ന അഖിലേഷിന്റെ നിലപാടാണ് സമവായത്തിന് തടസമാകുന്നത്. അഖിലേഷിനെ പൂര്‍ണമായും തള്ളാതെ ഒരു പരിധിവരെ ചേര്‍ത്തുപിടിച്ചാണ് മുലായം ശിവ്പാലിനും അമര്‍ സിങിനും വേണ്ടി വാദിക്കുന്നത്. പാർട്ടിയിലെ മത്സരത്തിൽ അഖിലേഷ് പക്ഷം പിടിമുറുക്കിയതോടെ സമവായ ശ്രമങ്ങളില്‍ മുലായം സിങ് യാദവിനും ശിവ്പാല്‍ യാദവിനും വലിയ കടുംപിടുത്തങ്ങള്‍ സാധ്യമല്ലാതെ വന്നിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇരുപക്ഷവും കടുടുത്ത നിലപാടുകളിൽനിന്ന് പിന്മാറാതെ തുടരുന്നതോടെ ആസന്നമായ യുപി തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന്റെ സാധ്യതകള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. പാര്‍ട്ടി ചിഹ്നത്തിനായി ഇരുവിഭാഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനെ കൂടി കണ്ടതോടെ രണ്ടായി തന്നെ സമാജ് വാദി പാര്‍ട്ടി ഫെബ്രുവരി 11ന് തെരഞ്ഞെടുപ്പ് നേരിടുമെന്ന അഭ്യൂഹങ്ങളാണ് പിടിമുറുക്കുന്നത് .ജനുവരി 13ന് സമാജ്‌വാദി പാർട്ടിയുടെ ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ ഹാജരാകാൻ തയ്യാറാവുകയാണ് ഇരുപക്ഷവും. ഒറ്റയടിക്ക് അിലേഷിന്റെ എല്ലാ തീരുമാനങ്ങളും അംഗീകരിക്കുന്നത് ഏകപക്ഷീയമായ തോൽവിയായി വിലയിരുത്തപെടുമോ എന്ന ചിന്ത പാര്‍ട്ടി അധ്യക്ഷനായ മുലായത്തിനുണ്ട്. അസം ഖാന്റെ നേതൃത്വത്തിൽ സമാജ്‌വാദി പാർട്ടിയിലെ ഒരു വിഭാഗം ഒത്തുതീർപ്പിന് ശ്രമിക്കുന്നുണ്ട്.