വലിയ ദുരന്തം വരാനിരിക്കുന്നതേയുള്ളൂ : ഡോ.മൻമോഹൻ സിംഗ്

#

ന്യൂഡൽഹി(11.01.2017) : നോട്ട് നിരോധനത്തെ ദുരന്തമെന്ന് വിശേഷിപ്പിച്ച് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്. നോട്ട് നിരോധനത്തിന്റെ ദുരിതം രാജ്യം മുഴുവൻ അനുഭവിക്കുകയാണ്. കൂടുതൽ ദുരിതങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ. മൻമോഹൻ സിംഗ് പറഞ്ഞു. നോട്ട് അസാധുവാക്കലിനും കേന്ദ്ര നയങ്ങൾക്കുമെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യങ്ങൾ മോശം അവസ്ഥയിൽ നിന്ന് കൂടുതൽ വഷളായ അവസ്ഥയിലേക്കാണ് പോകുന്നത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉദ്പാദനം ഇടിയുമെന്നും സാമ്പത്തിക വളർച്ച നിലയ്ക്കുമെന്നും മൻമോഹൻ സിംഗ് വ്യക്തമാക്കി.

നേരത്തെ രാജ്യസഭയിലും നോട്ട് നിരോധനത്തിനെതിരെ മൻമോഹൻ സിംഗ് ആഞ്ഞടിച്ചിരുന്നു. നോട്ട് നിരോധനം നിയമപരമാക്കപ്പെട്ട പിടിച്ചുപറിയും സംഘടിതമായ കൊള്ളയുമാണെന്ന് അദ്ദേഹം രാജ്യസഭയിൽ പറഞ്ഞത് ദേശീയതലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. നോട്ട് അസാധുവാക്കൽ ചരിത്രപരമായ ഭരണപ്പിഴവാണെന്നും മൻമോഹൻ സിംഗ് രാജ്യസഭയിൽ പറഞ്ഞു. നോട്ട് നിരോധനത്തിനെതിരെ കൂടുതൽ കൂടുതൽ സാമ്പത്തിക വിദഗ്ധരും, ബിജെപി നേതാക്കളടക്കമുള്ള രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്.