ബ്രിട്ടാസിന്റെ ലോ അക്കാഡമി ; ലക്ഷ്മി നായരുടെ കൈരളി

#

തിരുവനന്തപുരം (22.01.2017) : ലോ അക്കാഡമി ലോ കോളേജിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം അനിശ്ചിതമായി തുടരുകയാണ്. എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളിൽപെട്ടവർ സമരം സജീവമായി മുന്നോട്ടു കൊണ്ടുപോകുമ്പോൾ ഇന്ന് രാവിലെ ആരോപണ വിധേയയായ പ്രിൻസിപ്പൽ ലക്ഷ്മി നായർ , തന്റെ ഭാഗം ന്യായീകരിച്ച് നടത്തിയ വാർത്താസമ്മേളനം ലൈവ് ആയി കാണിച്ചത് സി.പി.എം നിയന്ത്രണത്തിലുള്ള പീപ്പിൾ ചാനൽ. മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും വാർത്താ സമ്മേളനങ്ങൾപോലും ലൈവ് ആയി കൊടുക്കുന്നത് പതിവാക്കിയിട്ടില്ലാത്ത പീപ്പിൾ, ലക്ഷ്മി നായരുടെ വാർത്താ സമ്മേളനത്തിന് നൽകിയ പ്രാധാന്യം എല്ലാവരെയു അത്ഭുതപ്പെടുത്തി. കൈരളിയിലെ പാചകപരിപാടിയുടെ അവതാരക, സി.പി.എം നേതാവും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനുമായ കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരപുത്രി എന്നീ പരിഗണനകളാകും പീപ്പിളിന്റെ പ്രത്യേക താല്പര്യത്തിന് കാരണം എന്നായിരുന്നു പൊതുവേയുള്ള ധാരണ. കൈരളി- പീപ്പിൾ ചാനലുകളുടെ മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസും ലോ അക്കാഡമിയും തമ്മിൽ നിലനിൽക്കുന്ന, അതിനപ്പുറത്തുള്ള ബന്ധങ്ങൾ പുറത്തു വന്നിരിക്കുന്നു.

2009-2012 ഈവനിംഗ് ബാച്ചിൽ ലോ അക്കാഡമിയിലെ എൽ.എൽ.ബി ത്രിവത്സര കോഴ്സ് വിദ്യാർത്ഥിയായിരുന്നു കൈരളി ചാനൽ എം.ഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസ്. ബ്രിട്ടാസ് 3 പേപ്പർ മാത്രമാണ് എഴുതിയത്. മൂന്നും പാസാകുകയും ചെയ്തു. ഒരു പേപ്പറിന്റെ മൊത്തം 100 മാർക്കിൽ 20 മാർക്ക് ഇന്റേണൽ അസെസ്മെന്റിനുള്ളതാണ്. ക്ലാസിൽ ഹാജരായിട്ടിലാത്ത ബ്രിട്ടാസിന് 16 മുതൽ 18 വരെ മാർക്കാണ്‌ ഇൻറേണലിന് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റിൽ കോൺഗ്രസ് അംഗം ചാമക്കാല ജ്യോതികുമാർ ഈ വിഷയം ഉന്നയിച്ചു. ബ്രിട്ടാസിന് ചെയ്തുകൊടുക്കുന്ന ആനുകൂല്യങ്ങൾക്കുള്ള പ്രതിഫലമായാണ് പീപ്പിൾ ചാനൽ ഇന്ന് ലക്ഷ്മി നായരുടെ വാർത്താ സമ്മേളനം ലൈവായി ടെലിക്കാസ്റ്റ് ചെയ്തത്. ലോ അക്കാഡമി വിദ്യാർത്ഥികളുടെയോ എസ്.എഫ്‌.ഐ യുടെയോ സി.പി.എമ്മിന്റെ പോലുമോ നിലപാടുകളെ പരസ്യമായി ധിക്കരിക്കാനുള്ള പ്രത്യേക ലൈസൻസ് തനിക്കുണ്ടെന്നും അത് ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ലെന്നുമാണ് ബ്രിട്ടാസ് വിശ്വസിക്കുന്നതെന്നു വേണം മനസ്സിലാക്കാൻ

1968 ൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ചെയർമാനായി രൂപീകരിച്ച ഒരു ട്രസ്റ്റിന്റെ പേരിലാണ് ലോ അക്കാഡമി ആരംഭിച്ചത്. ലോ അക്കാഡമിക്ക് തിരുവനതപുരത്ത് പേരൂർക്കടയിൽ 12 ഏക്കറോളം ഭൂമി 3 വർഷത്തെ പാട്ടത്തിന് സർക്കാർ വിട്ടുകൊടുത്തു. 1971 ൽ പാട്ടക്കാലാവധി 30 വർഷത്തേക്ക് നീട്ടിക്കൊടുത്തു. ഇപ്പോൾ ആ ഭൂമിയുടെ അവസ്ഥ എന്താണെന്ന് ആർക്കും അറിയില്ല. പൊതുട്രസ്റ്റ് എന്ന പേരിൽ ആരംഭിച്ച കോളേജ് ഒരു കുടുംബത്തിന്റെ വകയാക്കി. വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാൻവേണ്ടി സർക്കാർ പാട്ടത്തിനു കൊടുത്ത ഭൂമി സ്വകാര്യസ്വത്താക്കി മാറ്റി എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. തങ്ങൾ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങാറില്ല, മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനം നേടുന്നവരിൽ നിന്ന്, മെറിറ്റ് സീറ്റിൽ പ്രവേശനംനേടുന്നവരെക്കാൾ കൂടുതൽ ഫീസ് വാങ്ങാറില്ല തുടങ്ങിയവയാണ് സ്വന്തം ഭാഗം ന്യായീകരിക്കാൻ മാനേജ്‌മെന്റ് പറയുന്ന കാര്യങ്ങൾ. മാനേജ്‌മെന്റ് സീറ്റുകൾ, രാഷ്ട്രീയപ്പാർട്ടികൾക്കും ഉദ്യോഗസ്ഥ പ്രമാണിമാർക്കും, മത മേലധ്യക്ഷന്മാർക്കും മാധ്യമക്കുത്തകകൾക്കും വീതിച്ചുനൽകി ഭരണ സംവിധാനത്തെ ഒന്നടങ്കം കൈപ്പിടിയിലാക്കുന്ന രീതിയാണ് ലോ അക്കാഡമി മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. ഭരണത്തിന്റെ എല്ലാ മേഖലകളിലുമുള്ള ഈ സ്വാധീനം ഉപയോഗിച്ചാണ് വിദ്യാർത്ഥി പീഡനവും മറ്റു ക്രമക്കേടുകളും ലോ അക്കാഡമി മാനേജ്‌മെന്റ് നിർബാധം തുടരുന്നത്.